രൂപയുടെ ഇടിവ് അങ്ങനെ ഗുണവുമായി; ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ ഗംഭീര വളർച്ച; 6 മാസത്തെ ഉയർന്ന നിലയില്‍

18% വർധനവാണ് കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.

രൂപയുടെ ഇടിവ് അങ്ങനെ ഗുണവുമായി; ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ ഗംഭീര വളർച്ച; 6 മാസത്തെ ഉയർന്ന നിലയില്‍
dot image

ഇന്ത്യയുടെ കയറ്റുമതി മേഖല മെയ് മാസത്തിൽ ശക്തമായ കുതിപ്പ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട്. ആഭ്യന്തര കറൻസിയിൽ കഴിഞ്ഞ 10 മാസത്തിനിടെ ഉണ്ടായ ഇടിവും പശ്ചിമേഷ്യൻ കയറ്റുമതിയിൽ ഉണ്ടായ ഉണർവുമാണ് ആകെ കയറ്റുമതി വർധിക്കാൻ കാരണമായത്. 18% വർധനവാണ് കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.

കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ രാജ്യത്തിന്റെ വ്യാപാര കമ്മി 28.21 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 22.56 ബില്യൺ ഡോളറായിരുന്നു, ചരക്ക് കയറ്റുമതി 18% വർദ്ധിച്ച് 45.2 ബില്യൺ ഡോളറായി, 2025 മെയ് മാസത്തിൽ 38.3 ബില്യൺ ഡോളറായിരുന്നു. ഇറക്കുമതിയും 20.62% വർധിച്ച് 73.41 ബില്യൺ ഡോളറായി.

യുഎസ് ഇറാൻ സമാധാന കരാർ പൂർണനിലയ്ക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയുടെ വ്യാപാരസംബന്ധിയായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നാണ് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞത്. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ഇല്ലായിരുന്നുവെങ്കിൽ വ്യാപാരം കഴിഞ്ഞ വർഷങ്ങളിലേത് പോലെ തകൃതിയായി നടന്നേനെ എന്നും അദ്ദേഹം പറഞ്ഞു.

യുഎസിൽ നിന്നുള്ള ഇറക്കുമതിയിലും ഇന്ത്യ മികച്ച നിലയിലാണ്. മെയ് മാസത്തിൽ യുഎസിൽ നിന്നുള്ള ഇറക്കുമതി 54.43% വർധിച്ച് 5.87 ബില്യൺ ഡോളറിലെത്തി. എന്നാൽ കയറ്റുമതി ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വർധിച്ചത്. കയറ്റുമതി കണക്കുകൾ പ്രകാരം ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ 11.62% ഉയർന്ന് 5.09 ബില്യൺ ഡോളറായും പെട്രോളിയം ഉൽപ്പന്നങ്ങൾ 54.89% ഉയർന്ന് 8.42 ബില്യൺ ഡോളറായും ഉയർന്നു. എന്നാൽ തേയില, പുകയില, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, തുകൽ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതി മെയ് മാസത്തിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്.

പുതിയ സാമ്പത്തികവർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ സ്വർണ്ണ ഇറക്കുമതി 60% വർദ്ധിച്ച് 9.04 ബില്യൺ ഡോളറിലെത്തി. മെയ് മാസത്തിൽ എണ്ണ ഇറക്കുമതിയും വർധിച്ചു. 53.8% വർദ്ധിച്ച് 22.67 ബില്യൺ ഡോളറിലാണ് എണ്ണ ഇറക്കുമതി എത്തിയത്. എണ്ണവില ഈ മാസങ്ങളിൽ എല്ലാം ഉയർന്നുനിൽക്കുകയായിരുന്നു. 2026-27 ഏപ്രിൽ-മെയ് കാലയളവിൽ ഈ ഇറക്കുമതി 16.5% വർധിച്ച് 41.3 ബില്യൺ ഡോളറിലെത്തി.

2026 ഏപ്രിൽ-മെയ് കാലയളവിൽ സ്റ്റഡഡ് സ്വർണ്ണാഭരണ കയറ്റുമതി 6.71% വളർച്ചയോടെ 964.02 മില്യൺ ഡോളറിലെത്തിയെന്ന് രത്ന, ആഭരണ കയറ്റുമതി പ്രമോഷൻ കൗൺസിൽ (GJEPC) ചെയർമാൻ കിരിത് ബൻസാലി പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 903.37 മില്യൺ ഡോളറായിരുന്നു. സാധാരണ സ്വർണത്തിന്റെ കയറ്റുമതിയിൽ 40.11 ശതമാനത്തിന്റെ ഇടിവാണ് ഉള്ളത്.

എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതിയും മെയ് മാസത്തിൽ ഉയർന്നു. 2026 മെയ് മാസത്തിൽ മൊത്തം എഞ്ചിനീയറിംഗ് കയറ്റുമതിയുടെ മൂല്യം 12.31 ബില്യൺ ഡോളറായിരുന്നു. 2025 മെയ് മാസത്തിൽ ഇത് 9.89 ബില്യൺ ഡോളറായിരുന്നു. 2027 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മെയ് കാലയളവിലെ എഞ്ചിനീയറിംഗ് കയറ്റുമതി 22.66 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19.40 ബില്യൺ ഡോളറായിരുന്നു. 16.8% വളർച്ചയാണ് ഉണ്ടായത്.

Content Highlights: India's export sector recorded strong growth in May, supported by the depreciation of the Indian rupee over the past ten months and improved demand from West Asian markets. The favorable currency movement enhanced export competitiveness, helping boost overall export performance.

dot image
To advertise here,contact us
dot image