

രാസവളങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, ജൈവവളം നിര്‍മ്മിക്കാനാരംഭിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. മണ്‍സൂണ്‍ കൃഷിക്കാലം അടുക്കുന്നതിനാല്‍ രാജ്യത്ത് ജൈവവളത്തിനുള്ള ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാസവളങ്ങളിലെ പ്രധാന ഘടകമായ ഡൈഅമോണിയം ഫോസ്‌ഫേറ്റ് ലഭ്യത കുറഞ്ഞതിനാലാണ് കര്‍ഷകര്‍ ജൈവവളത്തെ ആശ്രയിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രാസവള ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. വര്‍ഷംതോറും ഏകദേശം 6.3 കോടി ടണ്‍ രാസവളം രാജ്യത്ത് ഉപയോഗിക്കുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തെ ബാധിച്ചതോടെ രാസവളം ഇറക്കുമതി കുറഞ്ഞു.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ ചാണകം, ശര്‍ക്കര കട്ടകള്‍, പല തരം മാവ് എന്നിവ ചേര്‍ത്ത് ജൈവവളം നിര്‍മ്മിക്കുകയാണ്. മണ്‍സൂണ്‍ കൃഷിക്കാലം അടുത്തെത്തുമ്പോള്‍ രാജ്യത്ത് വളത്തിനുള്ള ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. ജൈവവളങ്ങള്‍ ഇപ്പോഴും ചെറിയൊരു വിഭാഗം മാത്രമാണെങ്കിലും, രാസവള വിതരണത്തിലെ അനിശ്ചിതത്വത്തിന് പുറമേ സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍, മണ്ണിന്റെ ഗുണനിലവാരം കുറയുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവ കാരണം ഇതിലേക്കുള്ള താല്‍പര്യം വര്‍ധിച്ചുവരികയാണ്.
ഇന്ത്യയിലെ ജൈവവള വിപണിയുടെ മൂല്യം നിലവില്‍ ഏകദേശം 150 മില്യണ്‍ ഡോളറാണ്. എന്നാല്‍ വര്‍ഷംതോറും ഏകദേശം 10 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
സ്ത്രീശാക്തീകരണം
പ്രാദേശികമായി ലഭ്യമായ അസംസ്‌കൃത വസ്തുക്കളും വിദഗ്ധരുടെ സഹായവും ഉപയോഗിച്ചാണ് സ്ത്രീകള്‍ ജൈവവളം തയ്യാറാക്കുന്നത്. രാസവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ജൈവവളങ്ങളില്‍ ജീവന്‍ ഉള്ള സൂക്ഷ്മാണുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ മണ്ണിലുള്ള പോഷകങ്ങള്‍ സസ്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സഹായിക്കുന്നു.
ഉത്തര്‍പ്രദേശിലെ ടപ്പാല്‍ ഗ്രാമത്തിലെ പല സ്ത്രീകള്‍ക്കും ഈ സംരംഭം വലിയ മാറ്റം നല്‍കി. മുമ്പ് വീടിനുള്ളില്‍ മാത്രമായി ഒതുങ്ങിയിരുന്ന പലരും ഇപ്പോള്‍ കൃഷി സംബന്ധമായ തീരുമാനങ്ങളില്‍ പങ്കാളികളാകുന്നു. ഈ സീസണില്‍ മാത്രം ഏകദേശം 200 കര്‍ഷകര്‍ക്ക് ഒരു യൂണിറ്റില്‍ നിന്ന് മാത്രം ജൈവവളം വിതരണം ചെയ്തു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും സമാന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.
രാസവള ക്ഷാമം
ഇപ്പോഴത്തെ ആഗോളരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് മുമ്പേ ജൈവവള യൂണിറ്റുകള്‍ ആരംഭിച്ചിരുന്നെങ്കിലും, രാസവള ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതോടെ ആവശ്യകത വര്‍ധിച്ചു. പ്രത്യേകിച്ച് യൂറിയയുടെ ലഭ്യതയെക്കുറിച്ച് കര്‍ഷകര്‍ക്ക് ആശങ്കയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. ചില കര്‍ഷകര്‍ വളം ശേഖരിച്ചുവയ്ക്കാന്‍ തുടങ്ങി. 'ഡൈഅമോണിയം ഫോസ്‌ഫേറ്റും യൂറിയയും കിട്ടാതെ വരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ട്. നെല്‍കൃഷിക്ക് ഇവ ആവശ്യമാണ്. അതിനാല്‍ മുന്‍കരുതലായി പലരും ഇതെല്ലാം സംഭരിച്ചുവച്ചിട്ടുണ്ടെന്ന് ഒരു കര്‍ഷകന്‍ പറഞ്ഞു. ജൈവവളത്തിന്റെ 40 കിലോ ബാഗിന് 300 രൂപയാണ് വില. അതേസമയം, സബ്‌സിഡിയുള്ള 50 കിലോ യൂറിയയ്ക്ക് 266 രൂപയും 50 കിലോ ഡൈഅമോണിയം ഫോസ്‌ഫേറ്റിന് ഏകദേശം 1,350 രൂപയുമാണ് വില. ഇത് കര്‍ഷകരെ ജൈവവളത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് ഇന്ത്യയുടെ മുഴുവന്‍ വളം ആവശ്യം നിറവേറ്റാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Women farmers in Uttar Pradesh are producing eco-friendly biofertilisers from cow dung and natural ingredients, offering a sustainable alternative as concerns over chemical fertiliser availability rise ahead of the monsoon planting season