അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഒരു വനിതയടക്കം നാല് മലയാളികൾക്ക് ഭാഗ്യകടാക്ഷം

കഴിഞ്ഞ 13 വർഷമായി റാസൽഖൈമയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ സുബൈർ അബ്ദു സുബൈറാണ് സമ്മാനത്തിന് അർഹനായ ഒരാൾ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഒരു വനിതയടക്കം നാല് മലയാളികൾക്ക് ഭാഗ്യകടാക്ഷം
dot image

അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂൺ മാസത്തിലെ ആദ്യ പ്രതിവാര ഇ-ഡ്രോയിൽ മലയാളി പ്രവാസികൾക്ക് വൻ നേട്ടം. ഒരു മലയാളി യുവതി ഉൾപ്പെടെ നാല് പേരാണ് ഇത്തവണ ഭാഗ്യശാലികളായത്. വിജയികളായ ഓരോരുത്തർക്കും 25,000 ദിർഹം വീതം (ആറര ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിക്കും.

കഴിഞ്ഞ 13 വർഷമായി റാസൽഖൈമയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ സുബൈർ അബ്ദു സുബൈറാണ് സമ്മാനത്തിന് അർഹനായ ഒരാൾ. മുൻപ് സുഹൃത്തുക്കളോടൊപ്പം ഗ്രൂപ്പായും ഒറ്റയ്ക്കും ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു സുബൈർ. എന്നാൽ ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. സമ്മാനത്തുക പൂർണമായും കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് സുബൈറിന്റെ തീരുമാനം.

2006 മുതൽ ദോഹയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന മലയാളി വ്യവസായി അഫ്താബാണ് സമ്മാനം നേടിയ മറ്റൊരു ഭാഗ്യശാലി. കഴിഞ്ഞ മൂന്ന് വർഷമായി ഓൺലൈൻ വഴി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന അഫ്താബ്. സമ്മാനം അടിച്ചെന്ന ഫോൺ കോൾ വന്നപ്പോൾ ആരോ പറ്റിക്കാൻ വിളിച്ചതാണെന്നാണ് ആദ്യം കരുതിയതെന്ന് അദ്ദേഹം ഓർക്കുന്നു. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് ഇദ്ദേഹം തീരുമാനിച്ചിട്ടില്ല.

അൽ ഐനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സഫ്ന എന്ന യുവതിയാണ് പ്രതിവാര ഇ-ഡ്രോയിൽ ഭാ​ഗ്യം നേടിയ മറ്റൊരാൾ. കഴിഞ്ഞ കുറച്ചുവർഷങ്ങളായി 21 പേരടങ്ങുന്ന സുഹൃദ്‌വലയത്തോടൊപ്പം ചേർന്നാണ് സഫ്ന സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നത്. ഈ കൂട്ടായ്മയെ തേടി ആദ്യമായാണ് ബിഗ് ടിക്കറ്റ് സമ്മാനം എത്തുന്നത്.

കഴിഞ്ഞ ഒരു വർഷമായി യുകെയിൽ ഹോസ്പിറ്റാലിറ്റി രംഗത്ത് ജോലി ചെയ്യുന്ന മലയാളി യുവാവ് അനീഷാണ് നാലാമത്തെ ഭാഗ്യശാലി. അബുദാബി വിമാനത്താവളത്തിലെ യാത്രകൾക്കിടയിലും വെബ്‌സൈറ്റ് വഴിയും സ്ഥിരമായി ടിക്കറ്റെടുക്കാറുള്ള അനീഷിന് ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. യുകെയും യുഎഇയും തമ്മിലുള്ള സമയവ്യത്യാസം കാരണം പുലർച്ചെ നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് അനീഷിനെ തേടി അബുദാബിയിൽ നിന്ന് ഫോൺ കോൾ എത്തുന്നത്. നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഈ തുക ഉപയോഗിക്കുമെന്ന് നാട്ടിൽ കുടുംബമുള്ള അനീഷ് വ്യക്തമാക്കി.

Content Highlights: Four Malayalis, including a woman, have emerged as winners in the latest Abu Dhabi Big Ticket draw. The victory has brought joy to the winners and highlighted the continued success of Malayali participants in the UAE-based raffle competition.

dot image
To advertise here,contact us
dot image