

രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവ വാങ്ങാൻ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. വ്യാവസായിക, വാണിജ്യസ്ഥാപനനങ്ങൾ ചില്ലറ ഇന്ധന ഔട്ട്‌ലെറ്റുകളിൽ ഇന്ധനം വാങ്ങുന്നത് കേന്ദ്രസർക്കാർ വിലക്കി. ബൾക്ക് സോഴ്സുകളെ ആശ്രയിക്കാൻ ഇവർക്ക് നിർദേശം നൽകി. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. 90 ദിവസത്തേക്കാണ് വിലക്ക്.
ഇന്ധന ആവശ്യകതയിൽ, പ്രത്യേകിച്ചും ഡീസലിന്റെ ആവശ്യകതയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ബൾക്കായി ഇന്ധനം വാങ്ങിക്കുന്നവർ എല്ലാം റീട്ടെയിൽ പമ്പുകളെ ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നമാണെന്നും കേന്ദ്രം മനസിലാക്കി. ഇതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഡൽഹിയിൽ റീട്ടെയിൽ പമ്പുകളിൽ ഡീസൽ വില 95.20 രൂപയാണ്. ബൾക്ക് വില 134.50 രൂപയാണ്. ഈ അന്തരമാണ് വ്യാവസായിക, വാണിജ്യസ്ഥാപനനങ്ങളെ റീട്ടെയിൽ പമ്പുകളിലേക്ക് അടുപ്പിക്കുന്നത്.
റീട്ടെയിൽ ഉപയോക്താക്കളെ സംരക്ഷിക്കാനായി ചില്ലറ ഇന്ധനശാലകളിലെ വില കുറച്ച് നിലനിർത്തിയതോടയാണ് ബൾക്ക് ശാലകളിൽ വില ഉയർന്നത്. ഇതോടെ എല്ലാവരും റീട്ടെയിൽ പമ്പുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സ്ഥിതി ഇങ്ങനെ തുടർന്നാൽ പൊതുജനങ്ങൾക്ക് ഇന്ധനം ലഭ്യമാകാത്ത അവസ്ഥയിലെത്തും എന്നതിനാലാണ് കേന്ദ്രം ഇത്തരത്തിൽ തീരുമാനമെടുത്തത്.
റീട്ടെയിൽ വില്പനശാലകളിലും ഇന്ധനവിതരണത്തിന് നിയന്ത്രണം ഉണ്ട്. ഒരു ഉപയോക്താവിനോ ഒരു വാഹനത്തിനോ ഒരു ദിവസം 200 ലിറ്റർ പെട്രോൾ എന്നതാണ് നിബന്ധന. ഡീസൽ മറിച്ചുവിൽക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്.
എണ്ണ കമ്പനികൾക്ക് ഈ നിയന്ത്രണം നടപ്പിൽ വരുത്താനുള്ള എല്ലാ അധികാരവും നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ നിയന്ത്രണം നേട്ടവും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. എണ്ണ വിതരണത്തിൽ സുതാര്യത കൊണ്ടുവരാനും എല്ലാവർക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഈ നീക്കം.
Content Highlights: The Central Government of India has reportedly imposed restrictions on the purchase of petrol and diesel, particularly targeting industrial and commercial establishments. These entities are now barred from buying fuel at retail outlets and have been directed to rely on bulk fuel supply sources. The move is aimed at streamlining fuel distribution and improving energy management efficiency.