സ്വർണത്തിന്റെ കാര്യമാണ്, മോദി പറഞ്ഞാലും കേള്‍ക്കില്ല; വില കുറഞ്ഞപ്പോള്‍ വില്‍പ്പന കൂടി, പിന്നാലെ വിലയും കൂടി

കഴിഞ്ഞ ദിവസം സ്വർണവില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 106800 രൂപയിലേക്ക് എത്തിയിരുന്നു

സ്വർണത്തിന്റെ കാര്യമാണ്, മോദി പറഞ്ഞാലും കേള്‍ക്കില്ല; വില കുറഞ്ഞപ്പോള്‍ വില്‍പ്പന കൂടി, പിന്നാലെ വിലയും കൂടി
അജ്മല്‍ എം കെ
3 min read|12 Jun 2026, 06:34 pm
dot image

സ്വർണവിലയില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയോടെ രാജ്യത്ത് സ്വർണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വീണ്ടും വർധനവ്. ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും, വില കുറഞ്ഞതോടെ ആളുകള്‍ ഇതൊന്നും കാര്യമാക്കാതെ സ്വർണം വാങ്ങുന്നത് വർധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണ്ണം വാങ്ങുന്നത് കേവലം ഒരു നിക്ഷേപം എന്നതിന് അപ്പുറം വൈകാരികപരമായ ഒരു വസ്തു കൂടിയായതിനാല്‍ നയപരമായ തീരുമാനങ്ങളേക്കാളും ഉപദേശങ്ങളേക്കാളും ഉപഭോക്താക്കളെ സ്വാധീനിക്കുന്നത് വിപണിയിലെ വിലവ്യത്യാസങ്ങളാണെന്ന് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം സ്വർണവില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 106800 രൂപയിലേക്ക് എത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ പവന് 131160 രൂപ എന്ന റെക്കോർഡ് വിലയിലേക്ക് 22 കാരറ്റ് സ്വർണം എത്തിയത് ഈ വർഷം ജനുവരി 29 നായിരുന്നു. ആ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍‌ പവന് 24000 രൂപയിലേറെയാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ഈ ആഴ്ചയിൽ മാത്രം ഏകദേശം 1.5% വിലക്കുറവ് രേഖപ്പെടുത്തിയത് ആഭരണങ്ങൾ വാങ്ങാന്‍ എത്തുന്നവരുടെ വലിയ നിരയാണ് ജ്വല്ലറികളിലുണ്ടായത്. അതേസമയം ഇന്ന് വീണ്ടും വില 2000 രൂപയോളം മുകളിലേക്ക് കയറുകയും ചെയ്തിട്ടുണ്ട്.

"വിലയിലുണ്ടായ ഈ ഇടിവ് വിപണിയിലേക്ക് ഉപഭോക്താക്കളെ, പ്രത്യേകിച്ച് ആഭരണങ്ങൾ വാങ്ങാൻ കാത്തിരുന്നവരെ വലിയ രീതിയിൽ ആകർഷിച്ചിട്ടുണ്ട്," ഹൈദരാബാദ് ആസ്ഥാനമായുള്ള കാപ്സ്ഗോൾഡ് മാനേജിങ് ഡയറക്ടർ ചന്ദ വെങ്കിടേഷിനെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്യുന്നു.

ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ വിദേശ നാണ്യശേഖരം സംരക്ഷിക്കുന്നതിനും സ്വർണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനുമായാണ് ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി നികുതി 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടികളൊന്നും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ കാര്യമായി ബാധിച്ചില്ല എന്നാണ് വിപണിയിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

സ്വർണ്ണത്തിന്മേലുള്ള ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിനെ തുടർന്ന് വിപണിയിലുണ്ടായ പെട്ടെന്നുള്ള വിലക്കയറ്റം മുതലെടുത്ത് പല നിക്ഷേപകരും വൻതോതിൽ ലാഭമെടുപ്പ് നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആദ്യമായി ഇന്ത്യയിലെ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിന്നും മെയ് മാസത്തിൽ വലിയ തോതിൽ നിക്ഷേപം പുറത്തേക്ക് പോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിപണിയിലെ പുതിയ മാറ്റങ്ങൾ

നിലവിൽ വിപണിയിൽ പുരോഗതിയുണ്ടെങ്കിലും ജ്വല്ലറി വ്യാപാരികൾ ജാഗ്രതയോടെയാണ് സ്റ്റോക്കുകൾ പുതുക്കുന്നത്. വരും മാസങ്ങളിലെ ഡിമാൻഡിനെക്കുറിച്ച് വ്യക്തമായ ഉറപ്പില്ലാത്തതിനാൽ കൃത്യമായ വാങ്ങലുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. എങ്കിലും, മുൻ ആഴ്ചകളെ അപേക്ഷിച്ച് മൊത്തവ്യാപാര വിപണിയിലെ ഡിസ്കൗണ്ടുകൾ കുറഞ്ഞിട്ടുണ്ട്. മുൻപ് അന്താരാഷ്ട്ര വിലയേക്കാൾ 87 ഡോളർ വരെ കുറവിൽ വിറ്റിരുന്ന സ്വർണ്ണത്തിന് (15% ഇറക്കുമതി തീരുവയും 3% വിൽപ്പന നികുതിയും ഉൾപ്പെടെ) ഇപ്പോൾ ഡിസ്കൗണ്ട് 35 ഡോളറായി ചുരുങ്ങി. ഇത് വിപണി പതുക്കെ തിരിച്ചുപിടിക്കുന്നതിന്റെ ലക്ഷണമാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Gold buying activity increased significantly after prices corrected from recent highs. Consumers took advantage of lower rates, leading to a surge in sales before prices began rising again. The trend highlights the strong demand for gold in India despite efforts to reduce dependence on imported gold and encourage alternative investment options.

dot image
To advertise here,contact us
dot image