

ആഭ്യന്തര ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയ അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി പവര്‍, ഐടി ഭീമനായ ഇന്‍ഫോസിസിനെ വിപണി മൂല്യത്തില്‍ മറികടന്നു. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റവും മൂല്യമുള്ള 11-ാമത്തെ കമ്പനിയായി അദാനി പവര്‍ മാറി. ഇന്‍ഫോസിസ് 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2026ല്‍ അദാനി പവറിന്റെ ഓഹരി വിലയില്‍ 68% വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇതേ കാലയളവില്‍ ഇന്‍ഫോസിസിന്റെ ഓഹരി മൂല്യത്തില്‍ ഏകദേശം 29% ഇടിവുണ്ടായി.
ബുധനാഴ്ചത്തെ കണക്കുകള്‍ പ്രകാരം അദാനി പവറിന്റെ വിപണി മൂല്യം 4.79 ലക്ഷം കോടി രൂപയായി ഉയര്‍ന്നപ്പോള്‍, ഇന്‍ഫോസിസിന്റേത് 4.70 ലക്ഷം കോടി രൂപയായി ചുരുങ്ങി. വ്യാപാരം അവസാനിക്കുമ്പോള്‍ അദാനി പവറിന്റെ ഓഹരി വില 1.7% ഉയര്‍ന്ന് 248.75 രൂപയില്‍ എത്തി. എന്നാല്‍ ഇന്‍ഫോസിസിന്റെ ഓഹരി 0.7% ഇടിഞ്ഞ് 1,159.15 രൂപയായി താഴ്ന്നു. ഇന്‍ഫോസിസ് പ്രമുഖ സൂചികകളായ നിഫ്റ്റി 50, സെന്‍സെക്‌സ് എന്നിവയുടെ ഭാഗമാണ്. അദാനി പവര്‍ നിഫ്റ്റി നെക്സ്റ്റ് 50. ബിഎസ്ഇ 100 എന്നീ സൂചികകളിലാണ് ഉള്‍പ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത ഉല്‍പാദകരായ അദാനി പവറിലേക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം രാജ്യത്ത് വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യകതയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്തുണ്ടായ പുതിയ മുന്നേറ്റങ്ങളാണ് ഐടി മേഖലയ്ക്ക് വെല്ലുവിളിയായത്. ആന്ത്രോപിക് ക്ലോഡ് പോലുള്ള പുതിയ എഐ ഉല്‍പന്നങ്ങളുടെ വരവ് പരമ്പരാഗത ഇന്ത്യന്‍ ഐടി കമ്പനികളുടെ ഭാവിയെക്കുറിച്ച് നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കി. ഇത് ഇന്‍ഫോസിസിന് വിപണിയില്‍ തിരിച്ചടിയായി.
വിപണി മൂല്യത്തില്‍ അദാനി പവര്‍ മുന്നിലെത്തിയെങ്കിലും, കമ്പനിയുടെ വാര്‍ഷിക വരുമാനത്തിലും ലാഭത്തിലും ഇന്‍ഫോസിസ് തന്നെയാണ് ഇപ്പോഴും മുന്നില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസിന്റെ ആകെ വരുമാനം 1.78 ലക്ഷം കോടി രൂപയും, നികുതിക്ക് ശേഷമുള്ള ലാഭം 29,440 കോടി രൂപയുമാണ്. അദാനി പവറിന്റെ വാര്‍ഷിക വരുമാനം 54,240 കോടി രൂപയും ലാഭം 12,834 കോടി രൂപയുമാണ്. അതായത് വരുമാനത്തിന്റെ കാര്യത്തില്‍ ഇന്‍ഫോസിസ് അദാനി പവറിനേക്കാള്‍ ഇരട്ടിയോളം മുന്നിലാണ്.
Content Highlights: Adani Power has surpassed Infosys in market capitalization, becoming the 11th most valuable company on Indian bourses. This shift is driven by Adani Power's 68% stock surge in 2026, while Infosys experienced a nearly 29% decline. Investors favor Adani Power due to rising energy demand, whereas concerns over AI's impact on traditional IT services have affected Infosys.