

പഞ്ചസാര ഒഴിവാക്കി ചായയും കാപ്പിയും കുടിക്കുന്ന പതിവ് ഇന്ന് ചെറുപ്പക്കാരടക്കം എല്ലാവര്‍ക്കുമുണ്ട്. പ്രമേഹമുള്ളവരും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ആഹാരത്തില്‍നിന്ന് മധുരം ഒഴാവാക്കുന്നത് ഇന്ന് സാധാരണമാണ്. ഭക്ഷണപാനയങ്ങളില്‍നിന്ന് മധുരം ഒഴിവാക്കിയാല്‍ പ്രമേഹം നിയന്ത്രിക്കാം എന്ന് ആളുകള്‍ വിശ്വസിക്കുന്നു. മധുരത്തിന്റെ അളവ് കുറയ്ക്കുന്നത് തീര്‍ച്ചയായും പ്രയോജനകരമാണെങ്കിലും മറ്റ് പല കാര്യങ്ങളും കൂടി ഇക്കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതായത് നിങ്ങളുടെ ഉറക്കം, സമ്മര്‍ദ്ദം, വ്യായാമം, ഭക്ഷണക്രമം ഇതെല്ലാം ആരോഗ്യത്തെ ബാധിക്കും.

എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍, വ്യായാമമില്ലാതെ ഉദാസീനമായ ജീവിതം നയിക്കുന്നവര്‍. ഈ ശീലങ്ങള്‍ മെറ്റബോളിസത്തെ തകര്‍ക്കുന്നു. മാത്രമല്ല പ്രമേഹ സാധ്യത 22 ശതമാനം വര്‍ധിപ്പിക്കുന്നതായും ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഉദാസീനമായ ജീവിതശൈലി ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുകയും പ്രമേഹം ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു. ഉദാസീനമായ ജീവിതശൈലി പ്രമേഹം, രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

കൃത്യമായ സമയത്ത് ചിട്ടയോടെ ഉറങ്ങുകയും ഉണരുകയും ചെയ്യുമ്പോള്‍ ശരീരം ബാലന്‍സ് നിലനിര്‍ത്തുന്നു. എന്നാല്‍ പലരും ഫോണില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനായി കൂടുതല്‍ സമയം മാറ്റിവയ്ക്കുന്നതുകൊണ്ട് ഉറക്കം കൃത്യമല്ലാതാകുന്നു. വൈകി ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുമ്പോള്‍ ശരീത്തിന് ഗ്ലൂക്കോസ് ടോളറന്‍സ് കുറയുകയും ഇന്‍സുലിന്‍ സംവേദനക്ഷമത കുറയുന്നതും ഉള്‍പ്പെടെ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. ഉറക്കക്കുറവ് ശരീരത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ കുറയ്ക്കുന്നതിനും, ഇന്‍സുലിന്റെ ഫലത്തെ കുറയ്ക്കുന്ന കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ വര്‍ധിക്കുന്നതിനും പ്രേരിപ്പിക്കുന്നു.

വിട്ടുമാറാത്ത സമ്മര്‍ദ്ദം രക്തത്തിലേക്ക് കോര്‍ട്ടിസോള്‍ ഒഴുകാനിടയാക്കുന്നു. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവ് കരള്‍ കൂടുതല്‍ ഗ്ലൂക്കോസ് രക്തത്തിലേക്ക് പുറത്തുവിടാന്‍ കാരണമാകുന്നു. കാലക്രമേണ ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. വിട്ടുമാറാത്ത സമ്മര്‍ദ്ദം ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു.

ഭക്ഷണത്തില്‍നിന്ന് മധുരം ഒഴിവാക്കിയാല്‍ പ്രമേഹത്തില്‍നിന്ന് രക്ഷനേടാനാവും എന്നാണ് പലരും കരുതുന്നത്. എന്നാല്‍ നിങ്ങള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളിലെ ശുദ്ധീകരിച്ച മാവ്, സംസ്‌കരിച്ച എണ്ണകള്‍, അഡിറ്റീവുകള്‍,ഇവയൊക്കെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഘടകങ്ങളാണ്.

ഭക്ഷണ പദാര്‍ഥങ്ങളുടെ പായക്കറ്റുകളില്‍ ' പഞ്ചസാര രഹിതം' എന്ന് എഴുതിയിട്ടുണ്ടെങ്കിലും അതില്‍ കാര്‍ബോഹൈഡ്രേറ്റ് ഇല്ല എന്ന് പറയാനാവില്ല. ഇത്തരം ഭക്ഷണങ്ങള്‍ക്ക് പകരം നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സാലഡുകള്‍, ധാന്യങ്ങള്‍ ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൃത്യമായതും ചിട്ടയുളളതുമായ ഉറക്കം, പതിവായുള്ള വ്യയാമം, സമ്മര്‍ദ്ദം ലഘൂകരിക്കുക ഇവയൊക്കെ വലിയ മാറ്റങ്ങള്‍ വരുത്തും.
Content Highlights :It is common today for people with diabetes and those who want to lose weight to eliminate sugar from their diet. People believe that by eliminating sugar from their food and drinks, they can control diabetes.