

വിദ്യാഭ്യാസം എന്നത് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ മൂലധനമാണ്. മാർക്കുകൾ പലപ്പോഴും ഭാവിയെ നിശ്ചയിക്കുന്നില്ല എന്ന് പറയുമ്പോളും ഡിഗ്രികൾ മനുഷ്യഭാവിയെ നിർണയിക്കും എന്നുതന്നെയാണ് കാണുന്നത്. പല ജോലികൾക്കും മികച്ച പഠനനിലവാരം കമ്പനികൾ ഉറപ്പാക്കുന്നുണ്ട്. അതിനാൽ നല്ല വിദ്യാഭ്യാസം എന്നത് ഇന്നത്തെക്കാലത്ത് ഒരു അത്യാവശ്യ കാര്യം തന്നെയാണ്.
എന്നാൽ ഇത്തരത്തിൽ വിദ്യാഭ്യാസം ലഭിക്കാൻ ഇന്നത്തെക്കാലത്ത് എന്ത് ചിലവ് വരും എന്നത് നമുക്കറിയാവുന്ന കാര്യമാണ്. സ്‌കൂൾ, യുജി, പിജി തുടങ്ങിയ എല്ലാ പഠനത്തിനും ഇന്ന് നല്ല തുകയാകുന്ന കാലമാണ്. ആളുകൾ നിലവാരത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ തയ്യാറല്ല എന്നതുകൊണ്ട് തന്നെ ലോണുകൾ എടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ യുവാക്കളും യുവതികളും ലോൺ എടുക്കുന്ന പ്രവണത വർധിച്ചുവരികയാണ് എന്നാണ് റിപ്പോർട്ട്.
റുപീഡീ എന്ന പ്ലാറ്റ്ഫോമാണ് ഇതിനെക്കുറിച്ച് ഒരു പഠനം നടത്തിയത്. ചെറുപ്പക്കാർക്കിടയിൽ വിദ്യാഭ്യാസ ലോണുകൾ വ്യാപകമാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം വ്യക്തിഗത ലോൺ ഉള്ളവരിൽ 14% പേരും എടുത്തത് വിദ്യാഭ്യാസ ലോൺ ആണെന്നുമാണ് റിപ്പോർട്ട്.
21 മുതൽ 30 വയസ് വരെയുള്ളവരാണ് ഇത്തരത്തിൽ ലോൺ എടുത്ത 46% ആളുകളും. 31 മുതൽ 35 വയസ് വരെയുള്ളവർ 16 ശതമാനമാണ്. കുടുംബനാഥന്മാരെക്കാൾ ചെറുപ്പക്കാരൻ ലോണുകൾ എടുക്കുന്നത് എന്ന് ഈ പഠനത്തിൽ നിന്ന് തെളിഞ്ഞിരിക്കുകയാണ്. പഠനത്തിനായി തിരഞ്ഞെടുത്ത ഡാറ്റാസെറ്റിലെ ആകെ 22,65697 വായ്പകളിൽ 3,15540 എണ്ണം വിദ്യാഭ്യാസ വായ്പകളാണ്.
കോളേജ് പഠനത്തിന് മാത്രമായല്ല ആളുകൾ ലോൺ എടുക്കുന്നത് എന്നതാണ് ശ്രദ്ധേയം. കോച്ചിങ് ക്ലാസുകൾ, പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, സ്കിൽ പ്രോഗ്രാമുകൾ, കരിയർ കോഴ്‌സുകൾ എന്നിവ പഠിക്കാനും ആളുകൾ ലോണുകൾ എടുക്കുന്നുണ്ട്. ലോൺ തുക അത്ര വലുതല്ല എന്നതും ശ്രദ്ധേയമാണ്. ചെറിയ കോഴ്‌സുകൾ എന്നിവ തെരഞ്ഞെടുക്കുന്നത് മൂലമാകാം എന്നാണ് വിലയിരുത്തൽ.
വിദ്യാഭ്യാസ വായ്പയെടുത്തവരിൽ ഏകദേശം 60% പേർക്കും പ്രതിമാസം 20000 രൂപ മുതൽ 40000 രൂപ വരെ വരുമാനം ലഭിക്കുന്നത്.ശരാശരി പ്രതിമാസ വരുമാനം ഏകദേശം 30000 രൂപയാണ്. ഇരുപതുകളിൽ ഉള്ള പലർക്കും, വാടക, ബില്ലുകൾ, ദൈനംദിന ചെലവുകൾ എന്നിവയ്ക്ക് ശേഷം ഒരു കോഴ്‌സിന് ഒരേസമയം 10000–20000 രൂപ അടയ്ക്കുന്നത് ബുദ്ധിമുട്ടായി തോന്നിയേക്കാം എന്നതിനാലാണ് ലോണുകൾ എടുക്കുന്നത്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കടം വാങ്ങുന്നവർക്കിടയിൽ ശരാശരി 63 ദിവസത്തെ പുനർ അപേക്ഷാ ഇടവേളയാണ് കാണിച്ചത്. 77% പേർ 12 മുതൽ 24 മാസത്തിനുള്ളിൽ മറ്റൊരു വായ്പയ്ക്ക് കൂടി അപേക്ഷിച്ചു. പഠനത്തിന് വേണ്ടിയാണ് വീണ്ടും വായ്പകൾ എടുത്തിട്ടുള്ളത്.
ആളുകൾ ഒരു കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പിന്നീട് മറ്റൊന്ന് തെരഞ്ഞെടുക്കുകയാണ്. നീണ്ട ഒരു കരിയർ നിലനിർത്താൻ ഒരു ബിരുദം മാത്രം പോരാ എന്ന തോന്നൽ ഇപ്പോൾ ശക്തമാണ്.
അതായിരിക്കാം ഇതിന് പിന്നിൽ എന്നാണ് കണക്കുകൂട്ടൽ. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിദ്യാഭ്യാസ വായ്പയ്ക്ക് ഏറെ ആവശ്യക്കാരുള്ളത്. പുതുച്ചേരി, മിസോറം, മേഘാലയ തുടങ്ങിയ ചെറിയ പ്രദേശങ്ങളിലും ആവശ്യക്കാർ ഏറെയാണ്. വിദ്യാഭ്യാസ വായ്‌പ എടുത്തവരിൽ 79%വും പുരുഷന്മാരാണ്. 21% മാത്രമാണ് സ്ത്രീകൾ. വായ്പ ലഭിക്കാനുള്ള സാധ്യത തുടങ്ങി പല തീരുമാനങ്ങളാകാം സ്ത്രീകളിൽ കുറയുന്നതിന് കാരണം എന്നാണ് വിലയിരുത്തൽ.
Content Highlights: RupeeDee study says education loans are rising among Indian youth, with 14% of personal loan borrowers taking loans for educational purposes last financial year