രൂപയും ചതിച്ചു: സ്വർണവില വീണ്ടും കുതിക്കുന്നു: പവന്‍ വില 116000 രൂപ കടന്നു

ഇന്ത്യൻ രൂപയുടെ മൂല്യം വലിയ തോതിൽ താഴേക്ക് പോകുന്നതാണ് ആഭ്യന്തര വിപണിയിൽ സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണം

രൂപയും ചതിച്ചു: സ്വർണവില വീണ്ടും കുതിക്കുന്നു: പവന്‍ വില 116000 രൂപ കടന്നു
അജ്മല്‍ എം കെ
3 min read|20 May 2026, 11:03 am
dot image

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയുമാണ് ആഭ്യന്തര വിപണിയില്‍ സ്വർണവില ഉയർത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണം പവന് ഒറ്റയടിക്ക് 960 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,120 രൂപയായി ഉയർന്നു. ഗ്രാമിന് 120 രൂപ വർദ്ധിച്ച് 14,515 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വർണവിലയിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 98 രൂപ വർദ്ധിച്ച് 11,876 രൂപയിലും, പവന് (8 ഗ്രാം) 784 രൂപ വർദ്ധിച്ച് 95,008 രൂപയിലുമാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് 10 ഗ്രാമിന്റെ വില 1,18,760 രൂപയായി ഉയർന്നു. ഇന്നലെ 22 കാരറ്റ് സ്വർണം പവന് 1,15,160 രൂപയിലും 18 കാരറ്റ് സ്വർണം പവന് 94,224 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

ഇന്ത്യൻ രൂപയുടെ മൂല്യം വലിയ തോതിൽ താഴേക്ക് പോകുന്നതാണ് ആഭ്യന്തര വിപണിയിൽ സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അടുത്ത ദിവസങ്ങളിലൊന്നും രൂപ കരുത്ത് തിരിച്ചുപിടിക്കാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിലയിരുത്തലുകൾ. ആഗോള വിപണിയിലെ സ്വർണവില, മുംബൈ വിപണിയിലെ സ്വർണനിരക്ക്, ഡോളർ-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികൾ ഓരോ ദിവസവും സ്വർണവില തീരുമാനിക്കുന്നത്.

ഇതിനൊപ്പം അന്താരാഷ്ട്ര തലത്തിലുണ്ടായ രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഇറാനെതിരെ വീണ്ടുമൊരു സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന രാജ്യാന്തര വിപണിയിൽ ആശങ്കകൾ നിലനിർത്തുന്നുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സൈനിക നടപടികളിൽ ഇരുപക്ഷത്തിനും താല്പര്യമില്ലെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്രപരമായ പരിഹാരത്തിനുള്ള സാധ്യതകൾ തെളിഞ്ഞത് എണ്ണവില നിയന്ത്രിക്കാനും പണപ്പെരുപ്പ ഭീതി കുറയ്ക്കാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആഭ്യന്തര വിപണിയിലെ സ്വർണവില വീണ്ടും ഉണർന്നതെന്ന് എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസിലെ സീനിയർ അനലിസ്റ്റ് സൗമിൽ ഗാന്ധി നിരീക്ഷിക്കുന്നു.

പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നതിനാൽ നിലവിലെ പലിശനിരക്കുകൾ ഉചിതമാണെന്ന് ഫിലാഡൽഫിയ ഫെഡറൽ റിവർവ് ബാങ്ക് പ്രസിഡന്റ് അന്ന പോൾസൺ വ്യക്തമാക്കിയതും, വരും ദിവസങ്ങളിൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കാമെന്ന സൂചനകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. സ്വർണത്തിന് പുറമെ മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടെ വിലയും രാജ്യാന്തര വിപണിയിൽ വർദ്ധിച്ചിട്ടുണ്ട്. സ്പോട്ട് സിൽവർ വില ഒരു ശതമാനം ഉയർന്ന് ഔൺസിന് 74.55 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 1,926.70 ഡോളറിലും പല്ലാഡിയം 0.9 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയിലെ ഈ അനിശ്ചിതത്വങ്ങളും കറൻസി മൂല്യത്തിലെ മാറ്റങ്ങളും വരും ദിവസങ്ങളിലും സ്വർണവിലയിൽ പ്രതിഫലിച്ചേക്കും.

Content Highlights: Gold prices in Kerala have crossed ₹116000 per pavan as the weakening rupee increases the cost of imported gold. The rise reflects both currency depreciation and movements in international gold prices. The higher rates add to the burden on jewellery buyers and investors in the state.

dot image
To advertise here,contact us
dot image