

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയരുന്നതിനിടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും വില കൂടിയതോടെ ലിറ്ററിന് അഞ്ച് രൂപയോളമാണ് ഇന്ധന നിരക്കില്‍ വ്യത്യാസം വന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയയാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇതോടെ പുതിയ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇലക്ട്രിക് ഓപ്ഷനുകളിലേക്കാണ് കൂടുതലും നോട്ടമിടുന്നത്.
നഗര മേഖലകളില്‍ മലിനീകരണം കുറയ്ക്കാനായി ഇലക്ട്രിക് വാഹങ്ങളെ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനൊപ്പം ഇന്ധന വില കൂടി ഉയര്‍ന്നതോടെ, കുറഞ്ഞ ദൂരങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് മാറുന്നവരുടെ എണ്ണം ഉയരുകയാണ്. ഒരു ഇലക്ട്രിക് വാഹനമെങ്കിലും കുടുംബത്തിനായി വേണമെന്ന പോളിസിയിലേക്ക് എല്ലാവരും മാറിച്ചിന്തിക്കുന്നുവെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് കാറുകളേക്കാള്‍ പ്രിയം ടൂ വീലറുകളോടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെയ് രണ്ടാം വാരത്തിലെ കണക്കുകള്‍ പ്രകാരം, ഈ മാസം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.5 ശതമാനം ഇലക്ട്രിക് ടൂവീലറുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍പ് എല്ലാ വീടുകളിലും ഒരു പെട്രോള്‍ വാഹനം വേണമെന്ന മനോഭാവം മാറി, ഓരോ വീട്ടിലും ഒരു ഇലക്ട്രിക് വാഹനമെങ്കിലും വേണമെന്ന നിലയിലേക്ക് മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് കാറുകളുടെ ഡിമാന്‍ഡും ഉയരുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതിനു ശേഷം 30 ശതമാനത്തോളം ബുക്കിങ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയതോടെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് പാചകവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നുണ്ടായിരുന്ന നഷ്ടം കുറഞ്ഞു. പ്രതിദിന നഷ്ടം 250 കോടി രൂപ കുറഞ്ഞ് 750 കോടി രൂപയിലെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

ക്രൂഡോയില്‍, സിഎന്‍ജി, എല്‍പിജി എന്നിവ ഉയര്‍ന്ന വിലയ്ക്ക് വാങ്ങുകയും ഉപഭോക്താക്കളെ സം രക്ഷിക്കുന്നതിനായി കുറഞ്ഞവിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നതുവഴി എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് രണ്ടുതവണയായി ഇന്ധനവില ഉയര്‍ത്തിയത്.
ഏപ്രിലില്‍ ഇന്ത്യയിലെ പെട്രോള്‍ ഉപഭോഗം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.36 ശതമാനം വര്‍ധിച്ച് 36.7 ലക്ഷം ടണ്ണിലെത്തി. ഡീസല്‍ ഉപഭോഗം 0.25 ശതമാനം വര്‍ധനയോടെ 82.8 ലക്ഷം ടണ്ണുമായി. ഇതേ കാലയളവില്‍ എല്‍പിജി ഉപഭോഗം 16.2 ശതമാനം കുറഞ്ഞ് 22 ലക്ഷം ടണ്ണിലുമെത്തി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിന് കാരണം. യുഎസ്-ഇറാന്‍ സംഘര്‍ഷം മൂലം ഹോര്‍മുസ് കടലിടുക്കുവഴിയുള്ള ചരക്കുനീക്കത്തിലെ തടസ്സം രാജ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
Content Highlights: Expensive petrol is now encouraging Indian households to buy electric vehicles. Electric two-wheelers are seeing increased demand as fuel prices rise. Many families are opting for an electric scooter as a second vehicle for daily commutes and errands. The low running cost of EVs makes them an attractive option. This trend is also boosting interest in EV charging franchises.