'സാമ്പത്തിക പ്രതിസന്ധി വരുന്നു, എന്നാൽ മൂന്ന് പേരെ അത് ബാധിക്കില്ല; ചെറുകിട കച്ചവടക്കാർ, യുവാക്കൾ പെടും'

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നുവെന്നും എന്നാൽ മൂന്ന് പേരെ മാത്രം ബാധിക്കില്ല എന്നുമാണ് രാഹുൽ പറഞ്ഞത്

'സാമ്പത്തിക പ്രതിസന്ധി വരുന്നു, എന്നാൽ മൂന്ന് പേരെ അത് ബാധിക്കില്ല; ചെറുകിട കച്ചവടക്കാർ, യുവാക്കൾ പെടും'
dot image

രാജ്യം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ പോകുന്നുവെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തൽ. രൂപയുടെ റെക്കോർഡ് ഇടിവ്, പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ പ്രതിസന്ധി, ക്രൂഡ് ഓയിൽ വിലവർദ്ധനവ്, പണപ്പെരുപ്പം എന്നിവ വിലയിരുത്തിയാണ് വിദഗ്ധർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഈ അഭിപ്രായം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഏറ്റെടുത്തിരുന്നു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നുവെന്നും എന്നാൽ മൂന്ന് പേരെ മാത്രം ബാധിക്കില്ല എന്നുമാണ് രാഹുൽ പറഞ്ഞത്.

റായ്ബറേലിയിൽ വെച്ചായിരുന്നു രാഹുലിന്റെ വിമർശനം. രാജ്യം വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയെ മുൻനോക്കി പോകുകയാണ്. എന്നാൽ മോദി, അദാനി, അംബാനി എന്നിവരെ മാത്രം ഇത് ബാധിക്കില്ല. എന്നാൽ ചെറുപ്പക്കാർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരെ ബാധിക്കും. രാജ്യം ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ട് വർഷങ്ങളായി എന്നും തന്റെ വാക്കുകൾ മോദി വിലയ്‌ക്കെടുക്കുന്നില്ലെന്നും രാഹുൽ വിമർശിച്ചു. ഈ പ്രതിസന്ധി മുൻപുണ്ടായിരുന്നതിനേക്കാൾ ഭയാനകമായിരിക്കുമെന്നും യഥാർത്ഥത്തിൽ ഒരു ഷോക്ക് ആയിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം, പാല്‍, ഇന്ധനം, സ്വര്‍ണം എന്നിവയുടെ വില ഉയരുന്നതിനിടെ ഇന്ത്യയിലെ കുടുംബങ്ങളുടെ ജീവിതച്ചെലവും കുത്തനെ ഉയരുകയാണ്. വീട്ടുചെലവ് നിയന്ത്രിക്കാന്‍ പല കുടുംബങ്ങളും ഇപ്പോള്‍ ചെലവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു ലിറ്റര്‍ പാലിന്റെ വില ഉയരുക, പെട്രോള്‍ അടിക്കാനുള്ള ചെലവ് കൂടുക, സ്വര്‍ണം വാങ്ങല്‍ കൂടുതല്‍ ബുദ്ധിമുട്ടാകുക എന്നിവയിലൂടെ കുടുംബ ബജറ്റിന് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാകുന്നത്.

സാധാരണക്കാര്‍ ആദ്യം കുറയ്ക്കാന്‍ സാധ്യതയുള്ള ചെലവുകളില്‍ പ്രധാനമായത് പുറത്തുനിന്നുള്ള ഭക്ഷണച്ചെലവുകളാണ്. റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കല്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ എന്നിവയില്‍ ആളുകള്‍ നിയന്ത്രണം കൊണ്ടുവരാന്‍ തുടങ്ങും. ഇന്ധനവില വര്‍ധിച്ചതോടെ ഭക്ഷ്യവിതരണത്തിനും ഡെലിവറിക്കുമുള്ള ചെലവ് കൂടിയിരിക്കുകയാണ്.

സ്വകാര്യ വാഹന ഉപയോഗവും കുറയ്ക്കാന്‍ സാധ്യതയുണ്ട്. പെട്രോള്‍-ഡീസല്‍ വില ഉയരുന്നതിനാല്‍ പലരും കാര്‍ ഉപയോഗം കുറച്ച് പൊതുഗതാഗതം, കാര്‍പൂള്‍, അല്ലെങ്കില്‍ അത്യാവശ്യ യാത്രകള്‍ മാത്രം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചേക്കാം. സ്വര്‍ണവില ഉയര്‍ന്നതോടെ ആഭരണങ്ങള്‍ വാങ്ങലും ആഘോഷങ്ങളും കുറയാന്‍ സാധ്യതയുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ വാങ്ങല്‍ മാറ്റിവയ്ക്കുകയോ കുറഞ്ഞ അളവില്‍ വാങ്ങുകയോ ചെയ്യാന്‍ തുടങ്ങുന്നാണ് വിലയിരുത്തല്‍.

പാലിന്റെ വില ഉയര്‍ന്നതോടെ പല വീടുകളിലും ദിനചര്യയിലെ ചെറിയ മാറ്റങ്ങളും ഉണ്ടാകാം. ചായ, കാപ്പി ഉപയോഗം നിയന്ത്രിക്കുക, വിലകൂടിയ ഡയറി ഉല്‍പന്നങ്ങള്‍ കുറയ്ക്കുക, അല്ലെങ്കില്‍ ബദല്‍ ഉല്‍പന്നങ്ങളിലേക്ക് മാറുക തുടങ്ങിയ രീതികള്‍ സ്വീകരിച്ചേക്കും. അടുത്തിടെ പ്രധാന ഡയറി ബ്രാന്‍ഡുകള്‍ ലിറ്ററിന് 2 രൂപ വരെ കൂട്ടിയതും കുടുംബബജറ്റിനെ ബാധിക്കുന്ന ഘടകമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിനോദച്ചെലവുകളും കുറയാന്‍ സാധ്യതയുള്ള മേഖലകളില്‍പ്പെടുന്നു. സിനിമ, മാള്‍ സന്ദര്‍ശനം, ചെറിയ യാത്രകള്‍, വാരാന്ത്യ വിനോദങ്ങള്‍ തുടങ്ങിയവയില്‍ നിയന്ത്രണം വന്നേക്കും. ഓണ്‍ലൈന്‍ ഷോപ്പിങ്, അനാവശ്യ സബ്‌സ്‌ക്രിപ്ഷനുകള്‍, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും കുറയാന്‍ സാധ്യതയുണ്ട്.

അതേസമയം, കുട്ടികളുടെ പഠനം, ആരോഗ്യപരിചരണം, ഇഎംഐ, വാടക തുടങ്ങിയ നിര്‍ബന്ധിത ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കാത്തതിനാല്‍, കുടുംബങ്ങള്‍ ദിനംപ്രതി ഉപയോഗിക്കുന്ന മറ്റ് മേഖലകളിലാണ് ആദ്യം ചെലവ് ചുരുക്കാന്‍ ശ്രമിക്കുക. സാമ്പത്തിക അനിശ്ചിതത്വവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും ഇടത്തരം കുടുംബങ്ങളുടെ സാമ്പത്തിക പദ്ധതികളെ കൂടുതല്‍ ചുരുക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Experts warn that the falling rupee, rising crude oil prices, inflation, and the West Asia conflict could push India into a major economic crisis. Rahul Gandhi also raised concerns over the country's economic future

dot image
To advertise here,contact us
dot image