ഇന്ത്യ-ഒമാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ജൂണ്‍ 1ന് പ്രാബല്യത്തിലായേക്കും

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ 1061 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്

ഇന്ത്യ-ഒമാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ജൂണ്‍ 1ന് പ്രാബല്യത്തിലായേക്കും
dot image

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യ-ഒമാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ജൂണ്‍ ഒന്നിനു പ്രാബല്യത്തിലായേക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍. ഡിസംബറിലാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് കരാര്‍ ഒപ്പിട്ടത്. കരാര്‍ യാഥാര്‍ഥ്യമായാല്‍, ഹോര്‍മുസ് കടലിടുക്കിന്റെ പരിധിയില്‍ വരാത്ത, ഒമാനിലെ സലാല, ദുഖം തുറമുഖങ്ങള്‍ വഴി പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യയ്ക്കു കയറ്റുമതി വര്‍ധിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഹോര്‍മുസ് കടലിടുക്കിനു സമീപമുള്ള തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കത്തിനു ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

നിലവില്‍ ഒമാന്‍ 5% മുതല്‍ 100% ഇറക്കുമതി തീരുവ ചുമത്തുന്ന ജ്വല്ലറി, തുണിത്തരങ്ങള്‍, ലെതര്‍, ഫുട്‌വെയര്‍, സ്‌പോര്‍ട്സ് ഗുഡ്സ്, പ്ലാസ്റ്റിക്‌സ്, ഫര്‍ണിച്ചര്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, ഫാര്‍മ ഉല്‍പന്നങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയവയ്ക്ക് കരാറിലൂടെ തീരുവ പൂര്‍ണമായി ഒഴിവാകും. പകരം, ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റിയയയ്ക്കുന്ന ഉല്‍പന്നങ്ങളില്‍ 94.81 ശതമാനത്തിനും തീരുവയിളവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒമാനിലെ പ്രധാന സേവന മേഖലകളില്‍ 100% വിദേശ നി ക്ഷേപത്തിനുള്ള (എഫ്ഡിഐ) അവസരവും ഇന്ത്യന്‍ കമ്പനികള്‍ക്കു ലഭിക്കും. കരാര്‍ അടിസ്ഥാനത്തില്‍ സേവനം നല്‍കാന്‍ ഒമാനിലേക്കു പോകുന്ന വിദഗ്ധര്‍ക്ക് അവിടെ താമസിക്കുന്നതിനുള്ള കാലാവധി 2 വര്‍ഷമായി വര്‍ധിക്കും. 2 വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തേക്കു കൂടി നീട്ടാനും വ്യവസ്ഥയുണ്ട്. നിലവിലിത് 90 ദിവസമാണ്. ഐടി വിദഗ്ധര്‍, കണ്‍സല്‍റ്റന്റുമാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് പ്രയോജനം ലഭിക്കും.

ഒമാനില്‍ നിക്ഷേപിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഇന്ത്യക്കാരെ ജോലിക്ക് നിയോഗിക്കാനുള്ള അവസരവും പുതിയ കരാര്‍ വഴി ലഭ്യമാകും. ഇന്ത്യന്‍ കമ്പനിയിലെ 20% ജീവനക്കാരെ മാത്രമേ അതേ കമ്പനിയുടെ ഒമാന്‍ ശാഖയിലേക്കു (ഇന്‍ട്ര-കോര്‍പറേറ്റ് ട്രാന്‍സഫറീസ്-ഐസിടി) മാ റ്റാന്‍ കഴിയുമായിരുന്നുള്ളൂ. ഇത് 50 ശതമാനമാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ 1061 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18.6 ശതമാനം വര്‍ധനയാണുണ്ടായത്. പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ, വ്യാപാരം വീണ്ടും കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 നവംബറിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അഞ്ചുഘട്ടമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 2025 ഓഗസ്റ്റിലാണ് കരാറിന് അന്തിമ രൂപമായത്. യുഎസുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഒമാനുമായുള്ള കരാര്‍ യാഥാര്‍ഥ്യമാകുന്നത്. അടുത്തിടെ നിരവധി രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. യുഎഇ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ എന്നിവയുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Content Highlights: While the crisis in West Asia is not showing any signs of abatement, India is set to implement a trade deal signed with one of its most crucial partners in the region. The free trade agreement between India and Oman is expected to take effect from June 1, according to Union Commerce Minister Piyush Goyal.

dot image
To advertise here,contact us
dot image