

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന പദവി യുഎഇ വീണ്ടും നിലനിര്‍ത്തി. ആര്‍ട്ടണ്‍ കാപ്പിറ്റലിന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചികയിലാണ് 182 സ്‌കോറോടെ യുഎഇ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സൂചികയുടെ ചരിത്രത്തില്‍ ഒരു രാജ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2018 മുതല്‍ ആഗോള പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം യുഎഇക്കാണ്.
പുതിയ റാങ്കിങ് പ്രകാരം യുഎഇ പൗരന്മാര്‍ക്ക് ലോകത്തെ 127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 45 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസയും 10 രാജ്യങ്ങളില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനും ലഭ്യമാണ്. 16 രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവില്‍ യുഎഇ പൗരന്മാര്‍ക്ക് വിസ ആവശ്യമുള്ളത്. അതായത്, ലോകത്തിന്റെ 91 ശതമാനം ഭാഗങ്ങളിലേക്കും യുഎഇ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. പല രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ട് കരുത്ത് കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ ചരിത്ര നേട്ടമെന്ന് ആര്‍ട്ടണ്‍ കാപ്പിറ്റല്‍ വ്യക്തമാക്കി.
അന്താരാഷ്ട്രതലത്തിലെ ശക്തമായ നയതന്ത്ര ഇടപെടലുകളും ഉഭയകക്ഷി കരാറുകളുമാണ് യുഎഇ പാസ്‌പോര്‍ട്ടിന്റെ മൂല്യം ഉയര്‍ത്തിയത്. 2017-ല്‍ യുഎഇ വിദേശകാര്യ മന്ത്രാലയം തുടക്കം കുറിച്ച യുഎഇ പാസ്‌പോര്‍ട്ട് ഫോഴ്സ് ഇനിഷ്യേറ്റീവ് ആണ് ഈ വലിയ മുന്നേറ്റത്തിന് അടിത്തറയിട്ടത്. ഒരു പതിറ്റാണ്ട് തികയുന്നതിന് മുന്‍പ് തന്നെ, ആഗോള റാങ്കിങ്ങില്‍ 88-ാം സ്ഥാനത്തുണ്ടായിരുന്ന യുഎഇ പാസ്‌പോര്‍ട്ടിനെ ഒന്നാമതെത്തിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചതായും ആര്‍ട്ടണ്‍ കാപ്പിറ്റല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ആര്‍ട്ടണ്‍ കാപ്പിറ്റലിന്റെ ഇതേ സൂചികയില്‍ ഇന്ത്യ ഇടത്തരം പ്രകടനത്തോടെ 67-ാം സ്ഥാനത്താണ് തുടരുന്നത്. നിലവില്‍ 74 മൊബിലിറ്റി സ്‌കോറാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ലോകത്തെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 44 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യത്തോടെയും യാത്ര ചെയ്യാനാകും.
Content Highlights: The UAE passport has once again secured the top position among the world’s most powerful passports. The ranking highlights the extensive travel access and global connectivity enjoyed by UAE passport holders.