

കോഴിക്കോട്: കൗതുകമായി മന്ത്രി ഒ ജെ ജനീഷിന് ലഭിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍. കെഎല്‍ 01 സി 8308 ആണ് ജനീഷ് കുമാറിന്റെ കാറിന്റെ നമ്പര്‍. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച ജനീഷിന്റെ ഭൂരിപക്ഷമാണ് 8308. കേരള സ്റ്റേറ്റിന്റെ പത്താം നമ്പര്‍ വാഹനമാണ് ജനീഷിന് അനുവദിച്ചിരിക്കുന്നത്.
ജനീഷ് കായിക മന്ത്രിയാകുമെന്ന വാർത്തകൾക്കിടയിലാണ് കാറിൻ്റെ ഔദ്യോഗിക നമ്പറും ശ്രദ്ധേയമാകുന്നത്. ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഫുട്‌ബോളില്‍ മെസ്സിയും ജേഴ്‌സിയില്‍ പതിച്ച നമ്പര്‍ ആണിത്. എന്നാല്‍ ഇക്കാര്യം താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ഭാര്യ ശ്രീലക്ഷ്മിയാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ജനീഷ് പറയുന്നു.
മന്ത്രി മന്ദിരമായ മന്‍മോഹന്‍ ബംഗ്ലാവ് ആണ് ഇക്കുറി ഒ ജെ ജനീഷിന് അനുവദിച്ചിരിക്കുന്നത്. ഇവിടെ താമസിക്കുന്നത് അശുഭമാണെന്നാണ് പൊതുവെ പ്രചാരണമെങ്കിലും ചരിത്രം വ്യത്യസ്തമാണ്. സല്‍സ ശാപം തീര്‍ന്ന പോലെ അതുമങ്ങ് തീരട്ടെയെന്നാണ് ഒ ജെ ജനീഷ് ഇതിനോട് പ്രതികരിച്ചത്.
എന്നാല്‍ വി ഡി സതീശന്‍ മന്ത്രിസഭയിലെ ആരും പതിമൂന്നാം നമ്പര്‍ കാര്‍ തെരഞ്ഞെടുത്തിരുന്നില്ല. മുന്‍പും യുഡിഎഫ് മന്ത്രിസഭയിലെ ആരും പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി പ്രസാദാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്. ആദ്യ പിണറായി സര്‍ക്കാരില്‍ ധനവകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകാണ് പതിമൂന്നാം നമ്പര്‍ ചോദിച്ചുവാങ്ങി ഉപയോഗിച്ചത്. 2006-ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയാണ് പതിമൂന്നാം നമ്പര്‍ വാഹനത്തില്‍ സഞ്ചരിച്ചത്.
Content Highlights: O J janeesh Official Vehicle Number is his Majority In kodungallur