

ആഗോള വിപണിയിലെ അനിശ്ചിതത്ത്വങ്ങള്‍ക്കിടെ രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതായി റിപ്പോര്‍ട്ട്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 8.30 ശതമാനമായി ഉയര്‍ന്ന് കഴിഞ്ഞ 42 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മാര്‍ച്ചില്‍ ഇത് 3.88 ശതമാനമായിരുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായ ഈ വര്‍ധന രാജ്യത്ത് വ്യാപകമായ വിലക്കയറ്റ സമ്മര്‍ദ്ദം ശക്തമാണെന്ന് സൂചിപ്പിക്കുന്നു.
ഇന്ധനം, വൈദ്യുതി, ക്രൂഡ് ഓയില്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതാണ് പണപ്പെരുപ്പത്തിന് കാരണമായത്. ഇന്ധനവും വൈദ്യുതിയും ഉള്‍പ്പെടുന്ന വിഭാഗത്തിലെ പണപ്പെരുപ്പം ഏപ്രിലില്‍ 24.71 ശതമാനമായി. ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം എന്നിവയുടെ വിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. ഇതിന്റെ പ്രതിഫലം ഗതാഗതം, നിര്‍മാണം, വ്യവസായം തുടങ്ങിയ മേഖലകളിലാകെ അനുഭവപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍.
ഭക്ഷ്യവിലക്കയറ്റവും ഉയര്‍ന്നു. മാര്‍ച്ചിലെ 1.85 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 2.31 ശതമാനമായി ഭക്ഷ്യ പണപ്പെരുപ്പം വര്‍ധിച്ചു. അതേസമയം നിര്‍മ്മിത ഉല്‍പ്പന്നങ്ങളിലെ പണപ്പെരുപ്പം 3.39 ശതമാനത്തില്‍ നിന്ന് 4.62 ശതമാനമായി ഉയര്‍ന്നു. ഇത് വ്യവസായ മേഖലയിലെ ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിക്കുന്നതിന്റെ സൂചനയായാണ് കാണുന്നത്.

ഭക്ഷണവും ഇന്ധനവും ഒഴിവാക്കി കണക്കാക്കുന്ന കോര്‍ ഹോള്‍സെയില്‍ ഇന്‍ഫ്‌ളേഷന്‍ 5 ശതമാനമായി ഉയര്‍ന്നു. ഇത് 43 മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണ്. അതായത് വിലക്കയറ്റം ചില മേഖലകളില്‍ മാത്രം ഒതുങ്ങാതെ സമ്പദ്വ്യവസ്ഥയിലാകെ വ്യാപിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രാഥമിക ഉല്‍പന്നങ്ങളുടെ പണപ്പെരുപ്പം 9.17 ശതമാനമായി ഉയര്‍ന്നു. കാര്‍ഷികോല്‍പന്നങ്ങള്‍, ധാതുക്കള്‍, ക്രൂഡ് ഓയില്‍ തുടങ്ങിയവയുടെ വില വര്‍ധന ഇതിന് കാരണമായി. ഇതോടെ ഉല്‍പ്പാദന ചെലവും ഗതാഗത ചെലവും കൂടുകയും, പിന്നീട് ഉപഭോക്തൃ വില സൂചികയിലും പ്രതിഫലിക്കാനിടയുണ്ടെന്ന ആശങ്ക ഉയരുന്നു.
അതേസമയം ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ 3.48 ശതമാനമായിരുന്നു. ഇത് റിസര്‍വ് ബാങ്ക് നിശ്ചയിച്ച 4 ശതമാനമെന്ന ലക്ഷ്യത്തിനടുത്താണെങ്കിലും, മൊത്തവില പണപ്പെരുപ്പത്തിലെ ഉയര്‍ച്ച ഭാവിയില്‍ ഉപഭോക്തൃ വിലകളിലും സമ്മര്‍ദ്ദം സൃഷ്ടിക്കാമെന്ന ആശങ്ക സാമ്പത്തിക രംഗത്തുണ്ട്.
ഇന്ധനവില തുടര്‍ച്ചയായി ഉയര്‍ന്നാല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധന ഒഴിവാക്കാനാകില്ലെന്നും, അതോടെ ആര്‍ബിഐയ്ക്ക് പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
Content Highlights: India's wholesale price inflation accelerated to 8.30% in April from 3.88% in March, exceeding the estimate of 5.50%. The latest print marked the highest level in 42 months. The rise was driven by higher inflation across fuel and power, primary articles and manufactured products, indicating broad-based price pressures in the economy.