

പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ, വിവിധ മോഡലുകൾക്ക് 1.5 ശതമാനം വരെ വില വർധനയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഉപഭോക്താക്കൾക്ക് അധിക ബാധ്യത വരുത്തുന്നതാണ് ഈ തീരുമാനമെന്ന് വിമർശനമുണ്ട്.

ഉൽപാദന ചെലവിലുണ്ടായ വർധനയാണ് വില കൂട്ടാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹന നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് ഘടകങ്ങളുടെയും വിലയിലുണ്ടായ മാറ്റം കമ്പനിയുടെ ലാഭക്ഷമതയെ ബാധിച്ചിട്ടുണ്ട്. ചരക്ക് സേവനങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിലക്കയറ്റം ഭാഗികമായി പരിഹരിക്കാനാണ് നീക്കമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി.
ടാറ്റയുടെ ട്രക്കുകൾ, ബസുകൾ, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയെല്ലാം വില വർധനയുടെ പരിധിയിൽ വരും. ഓരോ മോഡലിനും വകഭേദത്തിനും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും.കഴിഞ്ഞയാഴ്ച മെഴ്സിഡസ് ബെൻസ് ഇന്ത്യ തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സും സമാനമായ തീരുമാനമെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് പ്രമുഖ വാഹന കമ്പനികളും സമാന രീതിയിൽ വില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ചരക്ക് ഗതാഗത മേഖലയെയും പൊതുഗതാഗത സംവിധാനങ്ങളെയും വിലവർധന നേരിട്ട് ബാധിച്ചേക്കാം. പുതിയ ട്രക്കുകളോ ബസുകളോ വാങ്ങാൻ പദ്ധതിയിടുന്ന സംരംഭകർക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഏപ്രിൽ ഒന്നിന് മുമ്പ് വാഹനങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് നിലവിലെ നിരക്കിൽ വാഹനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ, വാണിജ്യ വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ മാസം അവസാനിക്കുന്നതിന് മുൻപ് തീരുമാനമെടുക്കുന്നത് ലാഭകരമായിരിക്കും.
Content Highlights: Tata Motors CV Share Price Up After Commercial Vehicles Price Hike