

കേരളത്തിൽ സ്വർണ വ്യാപാര മേഖലയെ ലക്ഷ്യമിട്ട് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ഔറം' പരിശോധനയിൽ വൻ നികുതി വെട്ടിപ്പ് കണ്ടെത്തി.
സംസ്ഥാനത്തുടനീളമുള്ള പരിശോധനയിൽ 70 കോടി രൂപയുടെ വിറ്റുവരവ് മറച്ചുവെച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നികുതിയും പിഴയും ഉൾപ്പെടെ 2.87 കോടി ഇതിനകം സർക്കാരിലേക്ക് പിരിച്ചെടുത്തു.
ജൂലൈ 30-ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച പരിശോധന ജൂലൈ 31-ന് രാവിലെ വരെ നീണ്ടുനിന്നു.
പഴയ സ്വർണാഭരണങ്ങൾ വാങ്ങി ശുദ്ധീകരിച്ച് സ്വർണ ബാറുകളായും പുതിയ ആഭരണങ്ങളായും മാറ്റി വിൽക്കുന്ന സ്ഥാപനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. 37 നികുതിദായകരുടെ ഉടമസ്ഥതയിലുള്ള 79 കേന്ദ്രങ്ങളിൽ സ്വർണക്കടകൾ, ശാഖകൾ, വീടുകൾ എന്നിവ ഉൾപ്പെടെ ഒരേസമയം പരിശോധന നടത്തി.
പരിശോധനയിൽ മുൻവർഷങ്ങളിലെ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. ഇവയുടെ വിശദ പരിശോധന പൂർത്തിയാകുന്നതോടെ നികുതി വെട്ടിപ്പിന്റെ തോത് ഇനിയും വർധിച്ചേക്കാമെന്നാണ് ജിഎസ്ടി വകുപ്പ് വിലയിരുത്തുന്നത്.
സംസ്ഥാനവ്യാപകമായി ഒരേസമയം നടത്തിയ ഈ ഓപ്പറേഷനായി മാസങ്ങളോളം രഹസ്യ വിവരശേഖരണവും നിരീക്ഷണവും ആസൂത്രണവും നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സ്വർണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.
ഉപഭോക്താക്കൾ സ്വർണം വാങ്ങുമ്പോൾ സ്വർണവിലയ്‌ക്കൊപ്പം ജിഎസ്ടി തുകയും നൽകുന്നുണ്ട്. എന്നാൽ വ്യാപാരി ഈടാക്കുന്ന നികുതി കൃത്യമായി സർക്കാരിലേക്ക് അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഓരോ ഉപഭോക്താവും നിർബന്ധമായും ജിഎസ്ടി ബിൽ വാങ്ങണമെന്നും സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ വ്യക്തമാക്കി. പൊതുജനങ്ങൾ നൽകുന്ന നികുതിയാണ് വികസന പദ്ധതികൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രധാന വരുമാന സ്രോതസ്സെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരായ പരിശോധനയും നിയമനടപടികളും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.
Content Highlights: Raids on jewellery establishments in Kerala unearth tax suppression worth 70 crore