ഒന്നും രണ്ടുമല്ല, റഷ്യയില്‍ നിന്നും 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യന്‍ റിഫൈനറികള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ റിഫൈനറികള്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ ലഭ്യമായിരുന്ന വില്‍ക്കാതെ ശേഷിച്ച റഷ്യന്‍ ക്രൂഡ് ഓയില്‍ വേഗത്തില്‍ വാങ്ങുകയായിരുന്നു

ഒന്നും രണ്ടുമല്ല, റഷ്യയില്‍ നിന്നും 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യന്‍ റിഫൈനറികള്‍
dot image

റഷ്യയില്‍ നിന്ന് 3 കോടി ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവിതരണത്തില്‍ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്നാണ് നീക്കം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യക്ക് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങല്‍ വെട്ടി കുറച്ചിരുന്നു. പകരമായി സൗദി അറേബ്യയില്‍ നിന്നും ഇറാഖിലും നിന്നും ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങി. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യാപിച്ചതോടെ ആ വിതരണവും പ്രതികൂലമായി ബാധിക്കപ്പെട്ടു.

ioc refinery

പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കടല്‍മാര്‍ഗമായ ഹോര്‍മുസ് കടലിടുക്ക് ആക്രമണങ്ങള്‍ ആരംഭിച്ചതിന് ശേഷം പ്രായോഗികമായി അടച്ച നിലയിലാണ്. ഇതാണ് എണ്ണവിതരണം തടസ്സപ്പെടാന്‍ കാരണമായത്.

കഴിഞ്ഞ ആഴ്ച അവസാനം യുഎസ്, ഇന്ത്യയ്ക്ക് വാങ്ങല്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ റിഫൈനറികള്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ ലഭ്യമായിരുന്ന വില്‍ക്കാതെ ശേഷിച്ച റഷ്യന്‍ ക്രൂഡ് ഓയില്‍ വേഗത്തില്‍ വാങ്ങുകയായിരുന്നു. ഈ എണ്ണ ഇതിനകം കപ്പലുകളില്‍ കയറ്റിയിരുന്നെങ്കിലും വാങ്ങല്‍ സംബന്ധിച്ച തീരുമാനമാകാതെ കെട്ടികിടക്കുകയായിരുന്നു. ഇതിലെ വലിയൊരു ഭാഗവും ഏഷ്യയുടെ കടല്‍പ്രദേശങ്ങളില്‍ തന്നെയാണ് ഉണ്ടായിരുന്നത്.

റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വിവിധ തരത്തിലുള്ള യൂറല്‍സ്, ഇഎസ്പിഓ, വാരന്‍ഡേ ക്രൂഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ എണ്ണ ലണ്ടനിലെ ബ്രെന്റ് ബെഞ്ച്മാര്‍ക്ക് ക്രൂഡിന്റെ വിലയെക്കാള്‍ ബാരലിന് 2 മുതല്‍ 8 ഡോളര്‍ വരെ അധിക വിലക്കാണ് വില്‍പ്പനയ്ക്ക് എത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങുന്നതിന് മുമ്പ്, റഷ്യന്‍ എണ്ണ ഇതേ ബ്രെന്റ് ബെഞ്ച്മാര്‍ക്ക് വിലയേക്കാള്‍ കുറവ് വിലയ്ക്കായിരുന്നു വ്യാപാരം നടത്തിയിരുന്നത്. ഏകദേശം 1 കോടി ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസും വാങ്ങിയത്.

modi trump

നേരത്തെ ഇന്ത്യ ക്രൂഡോയിലിനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ 2022 ആദ്യം നടന്ന യുക്രൈന്‍ സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ വേഗത്തില്‍ വര്‍ധിപ്പിച്ചത്. ഇതെ തുടര്‍ന്നാണ് ഇന്ത്യ ട്രംപ് ഭരണകൂടത്തിന്റെ അസംതൃപ്തിക്ക് പാത്രമായത്.

റഷ്യ, അമേരിക്കയുടെ എണ്ണ ഉപരോധത്തില്‍ നേരിട്ട് ഉള്‍പെട്ടില്ലെങ്കിലും, വാഷിംഗ്ടണ്‍ റഷ്യയിലെ രണ്ട് വലിയ എണ്ണ ഉല്‍പ്പാദക കമ്പനികളെ ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ട്. യുക്രൈന്‍ സംഘര്‍ഷത്തിന് ശേഷം, ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ 2024 മധ്യത്തില്‍ ദിവസേന 2 മില്യണ്‍ ബാരലിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അത് 2026 ഫെബ്രുവരിയില്‍ ശരാശരി ദിവസേന 1.06 മില്യണ്‍ ബാരലായി കുറഞ്ഞു.

Content Highlights: India bought 30 million barrels of Russian crude as Middle East tensions disrupted oil supplies

dot image
To advertise here,contact us
dot image