

2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ച് വേദാന്ത ലിമിറ്റഡ്. മെറ്റല്‍-ഖനന രംഗത്തെ പ്രമുഖ കമ്പനിയായ വേദാന്തയുടെ സംയോജിത അറ്റാദായം 72 ശതമാനം ഉയര്‍ന്ന് 5,473 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് 3,185 കോടിയായിരുന്നു.
അതേസമയം, കമ്പനിയുടെ എബിറ്റ്ഡ (പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനം) 98 ശതമാനം വര്‍ധിച്ച് റെക്കോര്‍ഡ് 8,469 കോടിയിലെത്തി. കോപ്പര്‍ ബിസിനസ് ഒഴിവാക്കിയുള്ള എബിറ്റ്ഡ മാര്‍ജിന്‍ 57 ശതമാനമായി. മുന്‍വര്‍ഷത്തേക്കാള്‍ 985 ബേസിസ് പോയിന്റ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 54 ശതമാനം ഉയര്‍ന്ന് 24,205 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 15,754 കോടിയായിരുന്നു.
ത്രൈമാസ ഫലങ്ങള്‍ പുറത്ത് വന്നതോടൊപ്പം, അരുണ്‍ മിശ്രയെ വേദാന്തയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി നിയമിക്കാനും ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഓഗസ്റ്റ് 1 മുതല്‍ 2027 ജൂലൈ അവസാനം വരെ അദ്ദേഹം ഈ ചുമതല വഹിക്കും. ആദ്യ പാദത്തില്‍ കമ്പനിയുടെ കടബാധ്യത 2,223 കോടി കുറഞ്ഞു. കൂടാതെ, മൊത്തം വായ്പകളുടെ ശരാശരി പലിശച്ചെലവ് വര്‍ഷത്തില്‍ 8.5 ശതമാനത്തില്‍ താഴെയായിട്ടുമുണ്ട്.
ലയനത്തിലൂടെയുള്ള നേട്ടം
ഈ വര്‍ഷം നടന്ന വന്‍ ലയനത്തിന് പിന്നാലെ വേര്‍തിരിച്ച കമ്പനികളുടെ ആകെ വിപണി മൂല്യം ആദ്യ പാദത്തില്‍ 71,000 കോടിയിലേറെ വര്‍ധിച്ചതായി വേദാന്ത അറിയിച്ചു. വേദാന്തയുടെ ഉപകമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്ക് ഇന്ത്യയുടെ ആദ്യ പാദത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഖനന ഉല്‍പ്പാദനം രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ഖനന ഉല്‍പ്പാദനവും എബിറ്റ്ഡയും നേടി. കോപ്പര്‍ ഇന്ത്യയും കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ആദ്യ പാദ വില്‍പ്പന നേടിയിരുന്നു. സിങ്ക് ഇന്റര്‍നാഷണലിന്റെ ഗാംസ്ബര്‍ഗ് പദ്ധതി മികച്ച പുരോഗതി കൈവരിക്കുകയാണെന്നും രണ്ടാം ഘട്ടം ഈ പാദത്തില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ത്രൈമാസ ഫലപ്രഖ്യാപനത്തിന് പിന്നാലെ വേദാന്തയുടെ ഓഹരി വില ഏകദേശം 1 ശതമാനം ഉയര്‍ന്ന് 267 രൂപയില്‍ വ്യാപാരം നടത്തി. കഴിഞ്ഞ ഒരാഴ്ചയില്‍ ഓഹരി 1 ശതമാനത്തിലേറെ നേട്ടം കൈവരിച്ചെങ്കിലും, ഒരു മാസത്തിനിടെ ഏകദേശം 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ വേദാന്തയുടെ വിപണി മൂല്യം 1.04 ലക്ഷം കോടി രൂപയാണ്.
Content Highlights: Vedanta reported a 72% year-on-year jump in Q1 FY27 net profit to ₹5,473 crore, driven by strong operational performance across businesses, while also appointing Arun Misra as CEO and reducing net debt by ₹2,223 crore