

ആഗോള വ്യാപാര രംഗത്ത് ഡോണള്‍ഡ് ട്രംപ് സൃഷ്ടിച്ച പ്രതിസന്ധി ഉടനെയൊന്നും നീങ്ങുന്ന മട്ടില്ല. സുപ്രീംകോടതി വിധിയോടെ ട്രംപ് അടങ്ങുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കുന്നതാണ് പുതിയ നീക്കം. 1974ലെ വ്യാപാര നിയമത്തിലെ സെക്ഷന്‍ 301 പ്രകാരം ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി 16 പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ യുഎസ് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രംപിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്താനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ അധികാരം നല്‍കുന്ന വകുപ്പ് പ്രകാരമാണ് അന്വേഷണം.

അമേരിക്കയുമായി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ 'അന്യായ വ്യാപാര രീതികള്‍' (unfair trade practice) പിന്തുടരുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. വ്യാപാര പങ്കാളികളുടെ അമിത ഉല്‍പാദന ശേഷി, അമേരിക്കയിലെ വ്യാപാര മിച്ചം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ചില രാജ്യങ്ങള്‍ തങ്ങളുടെ ആഭ്യന്തര ആവശ്യത്തേക്കാള്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് കുറഞ്ഞ വിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ തള്ളുന്നുവെന്ന് യുഎസ് ആരോപിക്കുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിയും അവിടെനിന്നുള്ള ഇറക്കുമതിയും തമ്മിലുള്ള വലിയ വ്യത്യാസം പരിശോധിക്കും.
ആകെ 16 രാജ്യങ്ങളെയാണ് അന്വേഷണം ബാധിക്കുക. ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍, വിയറ്റ്നാം എന്നിവയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവ. തായ്ലന്‍ഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. അതേസമയം, അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡയെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര മിച്ചം ശ്രദ്ധേയമാണ്. 2024ല്‍ 5820 കോടി ഡോളറായിരുന്നു ഇന്ത്യയുടെ വ്യാപാര മിച്ചം. 2025ല്‍ ഇത് 4580 കോടി ഡോളറായി കുറഞ്ഞെങ്കിലും, അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ആധിപത്യം കുറയ്ക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.
വ്യാപാര തര്‍ക്കങ്ങള്‍ക്ക് പുറമെ, നിര്‍ബന്ധിത തൊഴിലുമായി ബന്ധപ്പെട്ടും യുഎസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ബന്ധിത തൊഴിലിലൂടെ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാന്‍ 60ലധികം രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം നടത്തും. ചൈനയിലെ ഷിന്‍ജിയാങ് മേഖലയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും മറ്റ് ഉല്‍പന്നങ്ങള്‍ക്കും നിലവില്‍ ഇത്തരം നിരോധനമുണ്ട്. ഇത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

അന്വേഷണം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പൊതുജനാഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 15 ആണ്. മേയ് 5ന് ഹിയറിങ് നടക്കും. നിലവിലുള്ള താല്‍ക്കാലിക താരിഫുകള്‍ അവസാനിക്കുന്നതിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി പുതിയ നികുതികള്‍ പ്രഖ്യാപിക്കും. അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കാനും ആഭ്യന്തര നിര്‍മാണ മേഖലയെ സംരക്ഷിക്കാനും ട്രംപ് ഏതറ്റം വരെയും പോകുമെന്ന് ജാമിസണ്‍ ഗ്രീര്‍ വ്യക്തമാക്കി.
സുപ്രീംകോടതി വിധിക്ക് ശേഷം നികുതി ഭീഷണി നിലനിര്‍ത്താനും മറ്റ് രാജ്യങ്ങളെ വ്യാപാര ചര്‍ച്ചകളില്‍ സമ്മര്‍ദത്തിലാക്കാനും ഈ അന്വേഷണങ്ങള്‍ അമേരിക്കക്ക് ഒരു ആയുധമായി മാറും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ വിപണിയിലേക്കുള്ള കയറ്റുമതിയില്‍ വലിയ വെല്ലുവിളിയാണ് വരാനിരിക്കുന്നത്.
അന്വേഷണത്തിന്റെ ഫലമായി ജൂലൈയോടെ ടെക്‌സ്‌റ്റൈല്‍സ്, ഐടി സേവനങ്ങള്‍, സ്റ്റീല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ പുതിയ നികുതികള്‍ വരാന്‍ സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം ആഗോള വ്യാപാരത്തെ സാരമായി ബാധിക്കുന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം.
Content Highlights :India, China Among 16 US Trading Partners Hit By Trump's '301' Tariff Probes