

രാജ്യത്തെ തൊഴിൽമേഖലയിലും ശമ്പള വർധനവിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് ചെറുകിട നഗരങ്ങളുടെ മുന്നേറ്റം. പ്രധാന മെട്രോ നഗരങ്ങളായ മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവയോട് ഒപ്പത്തിനൊപ്പം എത്താനും പലപ്പോഴും അവയെക്കാൾ ഉയർന്ന ശമ്പളവർധനവ് വാഗ്ദാനം ചെയ്യാനും രണ്ടാം നിര (ടയർ-2) നഗരങ്ങൾക്ക് സാധിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടീംലീസ് പുറത്തുവിട്ട 'ജോബ്‌സ് ആൻഡ് സാലറീസ് പ്രൈമർ ' റിപ്പോർട്ട് പ്രകാരം വ്യാവസായിക മുന്നേറ്റവും മാനുഫാക്ചറിങ് മേഖലയുടെ വിപുലീകരണവുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമാകുന്നത്.
മുൻകാലങ്ങളിൽ ഐടി മേഖല കേന്ദ്രീകരിച്ചായിരുന്നു ശമ്പളവർധന പ്രധാനമായും നടന്നിരുന്നതെങ്കിൽ, ഇപ്പോൾ വൻകിട കമ്പനികൾ മെട്രോകൾക്ക് പുറത്തേക്ക് നിക്ഷേപങ്ങൾ വ്യാപിപ്പിക്കുന്നത് വികസനത്തിന് കരുത്തേകുന്നു. മെട്രോ നഗരങ്ങളിൽ 9.7% ശമ്പളവർധനവോടെ ചെന്നൈ ഒന്നാമതെത്തിയപ്പോൾ പൂനെ, ഹൈദരാബാദ്, ബെംഗളൂരു (9.4%), മുംബൈ, ഡൽഹി (9.3%) എന്നിവ തൊട്ടുപിന്നിലുണ്ട്. എന്നാൽ, മെട്രോകളെ പോലും അമ്പരപ്പിച്ചുകൊണ്ട് അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ രണ്ടാം നിര നഗരങ്ങൾ 9.5% ശമ്പളവർധന പ്രവചിച്ച് ബെംഗളൂരുവിനെയും മുംബൈയെയും മറികടന്നു.
നാഗ്‌പൂർ (9.4%), ജയ്പൂർ (9.3%) എന്നീ നഗരങ്ങളും വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. അഹമ്മദാബാദ്, ജയ്പൂർ, വിശാഖപട്ടണം പോലുള്ള വികസിത നഗരങ്ങൾ നിർമ്മാണ മേഖലയുടെയും ഇൻഡസ്ട്രിയൽ കോറിഡോറുകളുടെയും പിൻബലത്തിൽ ഇന്ത്യയുടെ അടുത്ത വേതന വളർച്ചാ കേന്ദ്രങ്ങളായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
പൊതുവായ ശമ്പളവർധനവിൽ ടയർ-2 നഗരങ്ങൾ നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും, ഐടി മേഖലയിൽ ഇപ്പോഴും വൻകിട ടെക് ഹബ്ബുകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഐടി രംഗത്ത് ബെംഗളൂരു 12.7 ശതമാനവും ഹൈദരാബാദ് 11.7 ശതമാനവും ചെന്നൈ 11.5 ശതമാനവും ഉയർന്ന ശമ്പളവർധനവ് രേഖപ്പെടുത്തുന്നു. കൂടാതെ, സ്ഥിര-താൽക്കാലിക ജീവനക്കാരുടെ സാലറി വേരിയന്‍സില്‍ ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി മേഖല ഏറ്റവും കുറഞ്ഞ വ്യത്യാസവും (4.2%), മാനുഫാക്ചറിങ്, ഇൻഫ്രാസ്ട്രക്ചർ മേഖലകൾ ഏറ്റവും ഉയർന്ന വ്യത്യാസവും (11.4%) കാണിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Content Highlights: Bengaluru and Chennai have been overtaken by other Indian cities in terms of salary growth, according to the latest data. Rising demand for skilled professionals, sector-specific hiring, and regional economic expansion have helped several cities register stronger pay increases across industries.