'കൂടെയുണ്ട് ഞങ്ങള്‍';മലയാളിസഹോദരങ്ങള്‍ക്ക് താങ്ങും തണലുമാകുമെന്ന ബിജെപിയുടെ നിലപാട് ഒരിക്കല്‍ക്കൂടി തെളിഞ്ഞു'

ഈ വിഷയത്തില്‍ വിവിധ തലങ്ങളില്‍ നടത്തിയ നിരന്തരമായ ഇടപെടലുകളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം.

dot image

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് അറസ്റ്റിലാക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് സംസ്ഥാനത്തെ ബിജെപി. പ്രതിസന്ധി ഘട്ടങ്ങളില്‍ മത-രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി മലയാളി സഹോദരങ്ങള്‍ക്ക് താങ്ങും തണലുമാകുമെന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലപാട് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ വിവിധ തലങ്ങളില്‍ നടത്തിയ നിരന്തരമായ ഇടപെടലുകളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം.

ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. ബിലാസ്പുര്‍ ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ധീന്‍ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്. ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലിലാണ്.

50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം. ഇരുവരും ഇന്ന് തന്നെ മോചിതരാകും. വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും ഇടപെട്ടു. അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസ് നീട്ടികൊണ്ടു പോകാനാണോ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. നേരത്തെ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ എന്‍ഐഎ കോടതിയിലും പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇത് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയമാണ്. കന്യാസ്ത്രീകള്‍ തുടര്‍ച്ചയായി ചെയ്യുന്നതാണ്. ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരും എന്നിങ്ങനെയായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണ ഘടന മൂല്യങ്ങള്‍ മാനിച്ച് കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍.

dot image
To advertise here,contact us
dot image