
തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ളിമിസ് ബാവ. തെറ്റിദ്ധരിച്ചാണ് കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍വെച്ച് അറസ്റ്റ് ചെയ്തതെന്നും സുവിശേഷീകരണം ദൈവസ്‌നേഹത്തിന്റെ അടയാളമാണെന്നും ക്ലിമ്മിസ് ബാവ പ്രതികരിച്ചു.
മതപരിവര്‍ത്തനം നടത്തി ലോകസ്‌നേഹം പിടിച്ചുപറ്റിയ ആള്‍ അല്ല മദര്‍ തെരേസ. മിഷനറി ആവുക. രക്തസാക്ഷികളുടെ വേഷം അണിയുക. വേണ്ടി വന്നാല്‍ ജീവന്‍ വെടിയുകയെന്നും ക്ലിമ്മിസ് ബാവ പ്രതികരിച്ചു. പുതിയ ഘട്ടം ആരംഭിക്കുകയാണ്. വേദനകളുടെയും സമ്മര്‍ദ്ദങ്ങളുടെയും കാലഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിലായി ഒമ്പതാം ദിവസമാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഇരുവരുടെയും പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസ് നീട്ടികൊണ്ടു പോകാനാണോ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു.
Content Highlights: Baselios Cleemis Reaction Over malayali Nuns Bail