
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്ലി വിരമിക്കല്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ഏറെ വിഷമത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ 14 വര്‍ഷത്തെ ഐതിഹാസിക കരിയറിനാണ് വിരാട് ഇന്ന് വിരാമമിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യയുടെ മുന്‍ നായകന് ആരാധകരെ അറിയിച്ചത്.
ബുദ്ധിമുട്ടിയാണെങ്കിലും കൃത്യമായ തീരുമാനം എടുക്കുന്നുവെന്നാണ് കോഹ്ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ടെസ്റ്റ് കരിയറിലേക്ക് ഒരു പുഞ്ചിരിയോടെ മാത്രമാണ് തിരിഞ്ഞുനോക്കാന്‍ കഴിയുകയെന്നും 123 ടെസ്റ്റുകള്‍ നീണ്ട കരിയറില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും കോഹ്ലി വിരമിക്കല്‍ കുറിപ്പില്‍ എഴുതി.
എന്നാല്‍ കോഹ്ലി വിരമിച്ചതിന് പിന്നാലെ ആരാധകര്‍ മറ്റൊരു കാര്യമാണ് തിരഞ്ഞത്. വിരമിക്കല്‍ പോസ്റ്റിന് താഴെ #269 സൈനിങ് ഓഫ് എന്ന് കുറിച്ചാണ് കോഹ്ലി കുറിപ്പ് അവസാനിപ്പിക്കുന്നത്. 269 എന്ന നമ്പറിന് പിന്നിലെ കാരണം അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് ആരാധകര്‍. ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച 269 ന്റെ പ്രത്യേകത ഒടുവില്‍ ആരാധകര്‍ കണ്ടെത്തുകയും ചെയ്തു.
വിരാട് കോഹ്ലിയുടെ ക്യാപ് നമ്പറാണ് 269. ഇതാണ് കോഹ്ലി പോസ്റ്റില്‍ പരാമര്‍ശിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഓരോ താരങ്ങള്‍ക്കും ക്യാപ് നമ്പര്‍ നല്‍കാറുണ്ട്. ഓരോ ഫോര്‍മാറ്റിലും താരങ്ങള്‍ അരങ്ങേറുന്നതിന്റെ ക്രമം അനുസരിച്ചാണ് ക്യാപ് നമ്പര്‍ നല്‍കുന്നത്. അതായത് ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറുന്ന 269-ാമത് താരമാണ് വിരാട് കോഹ്ലി എന്നാണ് അര്‍ത്ഥമാക്കുന്നത്. കോഹ്ലിക്ക് തൊട്ടുമുന്‍പ് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയുടെ ക്യാപ് നമ്പര്‍ 280 ആണ്.
2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോഹ്ലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.
എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറി അടക്കം1990 റണ്‍സ് മാത്രമാണ് കോഹ്ലി ആകെ നേടിയത്.
Content Highlights: What does '#269' in Virat Kohli's Test retirement statement mean as Instagram post sparks curiosity?