അപ്രതീക്ഷിതമല്ലെങ്കിലും വിരാടിന്റെ ടെസ്റ്റ് വിരമിക്കലിൽ ഞെട്ടി ക്രിക്കറ്റ് ലോകം; പ്രതികരണങ്ങൾ

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്

dot image

ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോഹ്‌ലിക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ കളിക്കുന്ന താരങ്ങളും മുൻ താരങ്ങളും ക്ലബുകളും ക്രിക്കറ്റ് ബോർഡുകളും താരത്തിന് ആശംസകളുമായി രംഗത്തെത്തി.

എന്റെ പങ്കാളിക്ക് ആശംസകളെന്നും തങ്ങൾ എന്നും ഒരു പ്രചോദനമായിരുന്നുവെന്നും എ ബി ഡി ഡിവില്ലിയേഴ്സ് കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ വിന്നിങ്സ് മൈൻഡ് സെറ്റ് രൂപപെടുത്തിയതിന് നന്ദിയെന്നായിരുന്നു ഇർഫാൻ പത്താന്റെ കുറിപ്പ്. നിങ്ങളുടെ പാഷനും ലീഡർഷിപ്പ് പവറും അനേകം മനുഷ്യരെ പ്രചോദിപ്പിച്ചുവെന്ന് സുരേഷ് റെയ്‌ന കുറിച്ചു. സിംഹത്തിന്റെ ശൗര്യമുള്ള താരമെന്ന് ഗൗതം ഗംഭീർ കുറിച്ചു.

കോഹ്‌ലിയുടെ കളി കണ്ടിട്ടാണ് ഞാൻ ഇന്ത്യൻ ജഴ്‌സി മോഹിച്ചതെന്നും എന്നും ഗുരുതുല്യനായിരുന്നു അദ്ദേഹമെന്നും യശ്വസി ജയ്‌സ്വാൾ കുറിച്ചു.ഒരു മഹത്തായ ടെസ്റ്റ് കരിയറിന് അഭിനന്ദിക്കുന്നുവെന്ന് ഐ സി സി ചെയർമാൻ ജയ് ഷാ യും കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ അംബാസിഡർ എന്നാണ് ഐപിഎല്ലിൽ താരത്തിന്റെ ക്ലബായ ആർസിബി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

താരത്തിന്റെ ടെസ്റ്റിലെ മഹത്തായ നേട്ടങ്ങളും ആർസിബി പങ്കുവെച്ചിട്ടുണ്ട്. യുഗം അവസാനിച്ചാലും പാരമ്പര്യം നിലനിൽക്കുമെന്ന് ബിസിസിഐയും സോഷ്യൽ മീഡിയയിൽ കുറിച്ചു. ക്രിക്കറ്റിനെ കൂടുതൽ മഹത്തരമാക്കിയതിന് നന്ദിയെന്നായിരുന്നു ഐസിസിയുടെ പ്രതികരണം. ഇവരെ കൂടാതെ നിരവധി താരങ്ങളും ക്ലബുകളും പ്രതികരണവുമായി രംഗത്തെത്തി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രഖ്യാപനം.

'ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങോട്ടൊക്കെ കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇത് എന്നെ പരീക്ഷിച്ചു, പുതിയൊരാളായി രൂപപ്പെടുത്തി, ജീവിതത്തിൽ പുതിയ പാഠങ്ങൾ പഠിപ്പിച്ചു.'

'ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള ജഴ്സി ധരിച്ച് കളിക്കുമ്പോൾ ഏറെ സന്തോഷമാണ്. അഞ്ച് ദിവസം നീണ്ട മത്സരങ്ങൾ, ശാന്തതയും കഠിനാദ്ധ്വാനവും നീണ്ട നിമിഷങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റിനായി ഞാൻ കഠിനാദ്ധ്വാനം ചെയ്തു. അതിനേക്കാൾ എത്രയോ അധികം ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നൽകി.'

'ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാൻ വിടവാങ്ങുന്നു. ക്രിക്കറ്റിനോടും സഹതാരങ്ങളോടും എന്നെ കരുത്തരാക്കിയ ഓരോ വ്യക്തികളോടും നന്ദി പറയുന്നു. എക്കാലവും ഞാൻ ടെസ്റ്റ് കരിയറിനെ സന്തോഷത്തോടെ നോക്കും. ടെസ്റ്റ് ക്യാപ് ​#269 ഇനിയില്ല.' വിരാട് കോഹ്‍ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോഹ്‍ലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.

രാജാവ് കളമൊഴിയുന്നു; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വിരാട് കോഹ്‍ലി

കഴിഞ്ഞ ദിവസമാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന ആവശ്യം ബിസിസിഐ മുന്നോട്ട് വച്ചെങ്കിലും കോഹ്‌ലി തീരുമാനത്തിൽ ഉറച്ചുനിന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

താരത്തെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളുമായി ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഈ ശ്രമവും വിജയിച്ചില്ല. നേരത്തെ മുൻ താരങ്ങൾ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോഹ്‌ലി സഹതാരങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കോഹ്‌ലിക്ക് സാധിച്ചിരുന്നില്ല.

Also Read:

എന്നാൽ പിന്നീടുള്ള ചാമ്പ്യൻസ് ട്രോഫിയിലും ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലും താരം തിളങ്ങിയിരുന്നു. ടെസ്റ്റിൽ പതിനായിരം റൺസിന് വളരെ അടുത്ത് നിൽക്കുന്ന താരം കുറച്ചുകൂടി കാലം കളിക്കണമെന്ന ആവശ്യം ആരാധകരും ഉന്നയിച്ചതോടെ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. എന്നാൽ ഏവരെയും വിഷമിപ്പിക്കുന്നത് കൂടിയാണ് ഈ വാർത്ത. കാലങ്ങളോളം സഹതാരമാവും നിലവിലെ ക്യാപ്റ്റനുമായിരുന്ന രോഹിത് ശർമയുടെ അപ്രതീക്ഷിത വിടവാങ്ങലും താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് സൂചന.

Content Highlights:Although not unexpected, Virat's Test retirement shocked the cricket world; Reactions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us