
ദിവസങ്ങള്‍ക്ക് മുന്‍പാണ് മിനിസ്ക്രീന്‍ താരം ഹിന ഖാന് വിവാഹിതയായത്. 11 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് പോഡ്കാസ്റ്റര്‍ റോക്കി ജയ്സ്വാളിനെ(ജയന്ത് ജയ്സ്വാള്‍)ഹിന വിവാഹം കഴിച്ചത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നതും ചികിത്സ തേടുന്നതും. തുടര്‍ന്ന് ചികിത്സയുടെ ഓരോ ഘട്ടങ്ങളും ഹിന സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു. അര്‍ബുദത്തോടുള്ള പോരാട്ടത്തില്‍ ഹിനയ്ക്ക് കരുത്തായി ജയന്ത് ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹചടങ്ങുകള്‍ക്കിടയില്‍ ഹിനയും ജയന്തും സംസാരിച്ചത് സോഷ്യല്‍ മീഡിയയിയല്‍ തരംഗമാവുകയാണ്.
'ഞാന്‍ കുറച്ചുകാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. അതൊരു വിവാഹ പ്രതിജ്ഞയൊന്നുമല്ല..എനിക്ക് തോന്നുന്ന വികാരമാണ്. സ്നേഹിക്കപ്പെടുക എന്നുപറയുന്നത് മനോഹരമാണ്. പക്ഷെ എല്ലാ അനിശ്ചിതത്വങ്ങളോടെയും ഒരു സ്ത്രീയെ പൂര്‍ണമായും സ്വീകരിക്കുക എന്നുപറയുന്നത്, കാരണം നാളെ എന്താണ് സംഭവിക്കുക എന്നുള്ളത് എനിക്കറിയില്ല. എല്ലാ കുറവുകളോടും കൂടി ഒരു സ്ത്രീയെ സ്വീകരിക്കുക എന്നുപറയുന്നത് ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്.' ഹിന ഇടറുന്ന വാക്കുകളോടെ വീഡിയോയില്‍ പറയുന്നു.
ഇതിനുള്ള മറുപടിയായി ജയന്ത് സംസാരിച്ചുതുടങ്ങുന്നത് ഹിന തന്റെ പ്രപഞ്ചം മാത്രമല്ല ആത്മാവും ഹൃദയവുമാണെന്ന് പറഞ്ഞുകൊണ്ടാണ്. ഹിന എല്ലായ്പ്പോഴും സന്തോഷത്തോടെയിരിക്കാന്‍ പരിശ്രമിക്കുമെന്നും എല്ലാവരും ഹിനയുടെ ചിരി നിലനിര്‍ത്തുമെന്ന് ഉറപ്പുവരുത്തണമെന്നും പറഞ്ഞുകൊണ്ടാണ് ജയന്ത് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
'ഇത് ഞങ്ങളുടെ വിവാഹ പ്രതിജ്ഞയല്ല, ഞങ്ങളുടെ യാഥാര്‍ഥ്യമാണ്. ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ്, വിശ്വാസമാണ്. ഇതാണ് ഞങ്ങളെ ഞങ്ങളാക്കുന്നത്. 'ഒരു യൂണിറ്റ്, ഒരു ലക്ഷ്യം, ഒരു ബന്ധനം' എന്ന കുറിപ്പോടെയാണ് വിവാഹചടങ്ങുകളുടെ വീഡിയോ ഹിന പങ്കുവച്ചിരിക്കുന്നത്.
അര്‍ബുദം സ്ഥിരീകരിച്ചാല്‍ അതോടെ ജീവിതം അവസാനിച്ചു എന്നുകരുതുന്നവര്‍ക്ക് ഒരു പ്രചോദനമാകുന്നതാണ് ഹിനയുടെയും ജയന്തിന്റെയും ജീവിതം. പ്രതിസന്ധിയെ അതിജീവിക്കാന്‍ ജയന്ത് നല്കിയ കരുത്തും പിന്തുണയും എല്ലാ ദമ്പതികള്‍ക്കും ഒരു മാതൃകയുമാണ്.
നേരത്തേ തന്നെ ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ വൈറലായിരുന്നു.' രണ്ടുവ്യത്യസ്ത ലോകത്തുനിന്ന് ഞങ്ങള്‍ പ്രണയത്തിന്റെ പ്രപഞ്ചം തീര്‍ത്തു. ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ മാഞ്ഞുപോവുകയും ഹൃദയങ്ങള്‍ ഒരുമിക്കുകയും ചെയതു. പരസ്പരം വീടും പ്രകാശവും പ്രതീക്ഷയുമായി. ഇന്ന് പ്രണയം എന്നന്നേയ്ക്കുമായി നിയമപരമാകുന്നു' എന്ന കുറിപ്പോടെയാണ് ഹിന വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്.
Content Highlights: Hina Khan and Rocky Jaiswal's Emotional Wedding Moments