
ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ 'സദ്ഗമയ'യിൽ വച്ചാണ് സാനുമാഷിനെ അക്കാലത്ത് പതിവായി കണ്ടിരുന്നത്. വാർത്തകളുമായി ബന്ധപ്പെട്ട് നിരന്തരമുണ്ടായ കൂടിക്കാഴ്ചകൾ ആ രണ്ട് വലിയ മനുഷ്യരുടെ ഹൃദയത്തിലേയ്ക്കുള്ള വഴി എനിക്ക് തുറന്നു തന്നു. എറണാകുളം രാജേന്ദ്ര മൈതാനത്തെ എത്രയോ സായാഹ്ന സവാരികളിൽ കൃഷ്ണയ്യർ സ്വാമിയുടെയും സാനുമാഷിന്റെയും അരിക് പറ്റി ആദരവോടെ ഞാൻ നടന്നിരിക്കുന്നു!
എന്റെ കാമറയിൽ മാത്രം പതിഞ്ഞ എത്രയെത്ര അപൂർവ്വ ദൃശ്യങ്ങളുണ്ട്. അവിടെ നിന്ന് എങ്ങനെയോ എന്റെ വഴി പൂർണമായും തിരിഞ്ഞ് സാനുമാഷിന്റെ കാരയ്ക്കാമുറി ക്രോസ്‌റോഡിലെ 'സന്ധ്യ'യിലെത്തി. ആ വീട് അന്നുമുതൽ എനിക്ക് സ്‌നേഹത്തിന്റെയും കരുതലിന്റെയും ഇടമായി മാറി. ഒരു അച്ഛന്റെ ആകുലതയോടെ മാഷ് എന്നെ ചേർത്ത് നിർത്തി. എറണാകുളത്തെ പൗരപ്രമുഖരെല്ലാം പങ്കെടുക്കുന്ന മാഷിന്റെ പിറന്നാൾ ദിനത്തിൽ അക്കാലത്ത് എത്രയോ തവണ ഈ കൈകൾ കൊണ്ട് ഞാൻ മധുരം പകർന്നിരിക്കുന്നു. ഒരിക്കൽ പിറന്നാൾ ദിനത്തിൽ ആശംസകൾ നേരാനെത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രനോട് ഏറ്റവും പ്രിയപ്പെട്ട കുട്ടി എന്ന് സാനുമാഷ് എന്നെ പരിചയപ്പെടുത്തി.
അക്കാലത്തെപ്പോഴോ സാനുമാഷിന്റെ ഭാര്യ രത്‌നമ്മ എന്റെ ഏറ്റവും പ്രിയപ്പെട്ട ആളായി മാറി. വൈക്കംകാരികളായ ഞങ്ങൾക്കിടയിൽ വിശേഷങ്ങൾ നിറഞ്ഞു. ഏത് ജോലിത്തിരക്കിനിടയിലും അമ്മയോട് വർത്തമാനം പറഞ്ഞിരിക്കാൻ ആഴ്ചയിൽ ഒരിക്കലെങ്കിലും ഞാൻ സമയം കണ്ടെത്തിയിരുന്നു. അമ്മയുണ്ടാക്കുന്ന രുചികരമായ ഭക്ഷണങ്ങളൊക്കെ അക്കാലത്ത് എനിക്ക് കൂടി അവകാശപ്പെട്ടതായിരുന്നു. അങ്ങനെ ആ വീട് എന്റേതുകൂടിയായി. മാഷിനോട് സംസാരിച്ചിരിക്കാൻ മാത്രമായി സന്ധ്യ കഴിഞ്ഞ് ഞാനവിടെയെത്തും.
സാഹിത്യവും രാഷ്ട്രീയവും മുതൽ കൊച്ചുകൊച്ചു തമാശകൾ വരെ ഞങ്ങൾ സംസാരിച്ചിരുന്നു. വി ആർ കൃഷ്ണയ്യരുടെ 'മരണാനന്തര ജീവിത'ത്തിന്റെ പിൻവഴികൾ പലപ്പോഴും ഞങ്ങൾ വിസ്മയത്തോടെ ചർച്ച ചെയ്തിട്ടുണ്ട്. അടുത്തിടെ ഒരു സന്ധ്യയ്ക്ക് ഞങ്ങൾ സംസാരിച്ചിരിക്കെ കൃഷ്ണയ്യർ സ്വാമി ഭാര്യയുടെ ആത്മാവുമായി സംസാരിച്ച കഥകളെ കുറിച്ച് ഞാൻ മാഷിനോട് ആരാഞ്ഞു.
മാഷ് അപ്പോൾ പറഞ്ഞ മറുപടി , 'എനിക്ക് ബോധ്യപ്പെടാത്തത് ഒന്നും ഞാൻ വിശ്വസിക്കാറില്ല, പക്ഷേ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാറുമുണ്ട് ' എന്നാണ് . പണ്ട് അഴീക്കോട് മാഷുമായി അരൂർ ചന്തിരൂരിലുള്ള നാഡി ജ്യോത്സ്യന്റെയടുത്ത് പോയ കഥ അന്ന് മാഷ് തമാശയായി പറഞ്ഞു. വിശ്വാസം കൊണ്ടല്ല ,എന്തെന്നറിയാൻ ഒരു കൗതുകം തോന്നിയത്രെ! അങ്ങനെ പഴയ സൗഹൃദങ്ങളുടെ എത്രയെത്ര രസകരമായ കഥകൾ മാഷിൽ നിന്ന് കേട്ടിരിക്കുന്നു.
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉള്ളപ്പോൾ അദ്ദേഹവുമായി ബന്ധപ്പെട്ട പല വാർത്തകളും 'സദ്ഗമയ'യിൽ നിന്ന് എനിക്ക് ആദ്യം ലഭിച്ചിരുന്നു. അതിലൊന്നായിരുന്നു നിയമപരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് . കൃഷ്ണയ്യർ സ്വാമിയുടെ നൂറാം പിറന്നാളിൽ അര മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക പരിപാടി ചെയ്യാൻ സദ്ഗമയിൽ എത്തിയപ്പോൾ ക്യാമറയ്ക്ക് മുന്നിൽ വരാൻ അന്ന് സ്വാമിക്ക് മടി. ഒടുവിൽ സാനു മാഷ് അവിടെയെത്തി സ്വാമിയെ അനുനയിപ്പിച്ച് എനിക്ക് മാത്രമായി വിഷ്വൽ എടുക്കാൻ സൗകര്യം ചെയ്തു തന്നു. മാഷ് പറഞ്ഞാൽ മാത്രം അനുസരിക്കുന്ന ചില നിമിഷങ്ങൾ സ്വാമിക്കുണ്ടായിരുന്നു.
കൃഷ്ണയ്യർ സ്വാമി വിട പറഞ്ഞപ്പോൾ ഈ ഭൂമിയിൽ അദ്ദേഹത്തിൻറെ മക്കളോളം വിഷമിച്ചയാൾ സാനുമാഷ് ആയിരുന്നു. എന്നിട്ടും ആ ദുഃഖം ഉള്ളിൽ ഒതുക്കി ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മരണം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഔദ്യോഗികമായി പുറത്തുവിട്ട സമയത്ത് ഞാൻ അക്കാലത്ത് ജോലി ചെയ്തിരുന്ന ചാനലിന്റെ സ്റ്റുഡിയോയിൽ അദ്ദേഹം ഗസ്റ്റായി എത്തി അനുസ്മരണം നടത്തി. ഇറങ്ങുമ്പോൾ പറഞ്ഞതോർക്കുന്നു, 'ഇതെന്റെ ജിലേബിക്ക് വേണ്ടി മാത്രം!' ഞാനന്ന് നിർബന്ധിച്ചിരുന്നില്ല, ഓഫീസിൽനിന്ന് മാഷിനെ ലൈവിൽ കിട്ടിയാൽ നന്നായിരുന്നു എന്ന് പറഞ്ഞതേയുള്ളൂ. കാമറയ്ക്ക് മുന്നിൽ വരാൻ താൽപര്യമില്ലാതിരുന്നിട്ടും എല്ലാ ദുഃഖവും മാറ്റിവെച്ച് എന്റെ കൈപിടിച്ച് മാഷ് മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള ഓഫീസിലേക്കെത്തി.
പാണ്ഡിത്യവും വിജ്ഞാനവും ഒരു മനുഷ്യനെ എത്രത്തോളം ലാളിത്യമുള്ളവനാക്കി മാറ്റും എന്നതിന്റെ തെളിവായിരുന്നു സാനു മാഷ്. ഏത് വിഷയത്തിലും ഒരു നിമിഷം പോലും ആലോചിക്കാതെ ഉത്തരം പറയാൻ കഴിയുന്ന പ്രഭാഷണപാടവം എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഗുരുദേവദർശനം മുതൽ ട്രമ്പിന്റെ പോളിസി വരെ ഏതു വിഷയത്തിലും മാഷിനോട് സംവദിക്കാം. അറിവിന്റെ ഭാരം കൊണ്ട് അദ്ദേഹം ഒരിക്കലും നമ്മളെ അപഹസിക്കില്ല.
കോവിഡിന് ശേഷമുള്ള പിറന്നാൾ ദിനത്തിൽ ജാഗ്രത പാലിച്ച് ഞാൻ അങ്ങോട്ട് പോകാതെ മടിച്ചു നിന്നപ്പോൾ 'എന്റെ ജിലേബി ഇല്ലാതെ എന്ത് പിറന്നാൾ മധുരം !' എന്ന് വാത്സല്യത്തോടെ അദ്ദേഹം പരിഭവിച്ചു. അതിനുമുമ്പ് കോവിഡ് ബാധിച്ച് മാഷ് ആശുപത്രിയിൽ കിടന്ന ദിവസങ്ങളിൽ അങ്ങോട്ട് ചെല്ലാൻ കഴിയാതെ നെഞ്ചിടിപ്പോടെ മാറിനിന്ന എന്നോട് മാഷ് ഏതാണ്ട് എല്ലാദിവസവും സംസാരിച്ചിരുന്നു.
''ചേച്ചി വിളിക്കുന്നത് അപ്പൂപ്പന് ഏത് സമയത്തും ഏറ്റവും ആശ്വാസമാണ്'', എന്ന് ധൈര്യമേകി എനിക്ക് ഒരു മൊബൈൽ നമ്പർ നൽകി വിളിക്കാൻ സൗകര്യമൊരുക്കിയത് മാഷിന്റെ കൊച്ചുമോൻ ആനന്ദായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ എന്റെ അപ്രതീക്ഷിത ആശുപത്രിവാസത്തിൽ 'ലേബിയുടെ അച്ഛനോളം ഞാൻ ദു:ഖിച്ചു' എന്ന് ആകുലപ്പെട്ട സ്‌നേഹമാണ് എനിക്ക് മാഷ്…
ഇക്കഴിഞ്ഞ വിഷുവിന് റിപ്പോർട്ടർ ടിവിയിലേയ്ക്ക് ഒരു ആശംസ എടുക്കാനാണ് ഞാൻ മാഷിന്റെ വീട്ടിലെത്തിയത്. ആശംസ കൂടാതെ ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വാർത്തയും തന്നു മാഷ്. അന്ന് മാഷിന് ഇഷ്ടമുള്ള ഗോതമ്പു പായസവുമായാണ് ഞാനെത്തിയത്. അത് ഞങ്ങളുടെ ഒടുവിലത്തെ വിഷുവായിരുന്നെന്ന് അറിഞ്ഞില്ല.
സ്‌നേഹം കൊണ്ട് തിളങ്ങിയിരുന്ന ആ കണ്ണുകളിൽ എന്നും പിതൃവാത്സല്യത്തിന്റെ കടലിളക്കമാണ് ഞാൻ കണ്ടിരുന്നതത്രയും !
ഭാര്യ രത്‌നമ്മ ജീവിച്ചിരുന്നപ്പോൾ മാഷ് തിരക്കിനിടയിൽ വേണ്ട രീതിയിൽ സ്‌നേഹനിധിയായ അവരെ പരിഗണിച്ചിട്ടില്ല എന്നെനിക്ക് പരിഭവം തോന്നിയിട്ടുണ്ട്. എന്നാൽ ഭാര്യ മരിച്ചതോടെ തകർച്ചയിലേക്ക് വീണുപോയ മാഷിനെയാണ് ആ ദിവസങ്ങളിൽ ഞങ്ങൾ കണ്ടത്. മാഷും ഭാര്യയുമായുള്ള ഹൃദയ ബന്ധത്തിന്റെ ആഴം അപ്പോഴാണ് എല്ലാവർക്കും അത്രത്തോളം ബോധ്യപ്പെട്ടത്. ഭാര്യയെയോർത്ത് എത്രയോ ദിവസങ്ങളിൽ മാഷ് വിലപിച്ചിരുന്നു. ആ സങ്കടക്കടലിൽ നിന്ന് പ്രിയപ്പെട്ടവരുടെ കരുതൽ കൊണ്ടാണ് മാഷ് പുറത്ത് കടന്നത്. കൊച്ചിയിലെ സാംസ്‌കാരിക -സാഹിത്യ പരിപാടികളിൽ വീണ്ടും മാഷ് സജീവമായി.
ഇടതു സഹയാത്രികനായിരുന്നുവെങ്കിലും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരോടും സ്‌നേഹബന്ധം സൂക്ഷിച്ചിരുന്നു എന്നതാണ് സാനു മാഷിനെ വ്യത്യസ്തനാക്കുന്നത്. അവസാന കാലത്തും പ്രിയപ്പെട്ടവരുടെ ഒഴുക്കായിരുന്നു എല്ലാ സമയവും ഈ വീട്ടിലേയ്ക്ക്. മാഷിന് അടുപ്പമേറെയുള്ളവർക്കൊപ്പം കായൽക്കരയിൽ കാറ്റുകൊണ്ടിരിക്കൽ
അവസാന കാലത്ത് ഒരു ശീലമായിരുന്നു.
അടുത്തിടെ ഒരു ദിവസം അവർക്കൊപ്പം സായാഹ്ന സവാരിക്ക് ചെല്ലണം എന്ന് മാഷ് സ്‌നേഹത്തോടെ എന്നെ ക്ഷണിച്ചു. എന്നാൽ ജോലിത്തിരക്കിനിടയിൽ അതിന് കഴിഞ്ഞില്ല. കഴിഞ്ഞദിവസം അമൃത ആശുപത്രിയുടെ ഐ സി യു വിൽ വച്ചാണ് മാഷിനെ ഒടുവിൽ കണ്ടത്. ആരെയും അകത്തേക്ക് പ്രവേശിപ്പിക്കാതെയിരുന്നിട്ട് പോലും മകൾ രേഖചേച്ചി എന്നെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അബോധാവസ്ഥയിൽ കിടക്കുന്ന മാഷിനെ ഒന്നേ നോക്കിയുള്ളൂ. നെഞ്ചു തകരുന്നതുപോലെ പോലെ തോന്നി. ഇങ്ങനെയൊരു കാഴ്ചയ്ക്ക് ഇടവരും എന്ന് കരുതിയില്ല. അവസാനം മാഷിന്റെ ചേതനയറ്റ ശരീരം 'സന്ധ്യ'യിലേയ്ക്ക് കൊണ്ടുവരുന്നതിനും സാക്ഷിയായി.
'സന്ധ്യ'യിൽ ഇനിയൊരിക്കലും മാഷുണ്ടാകില്ല എന്ന സങ്കടം എത്ര വലിയ ശൂന്യതയാണ് ഹൃദയത്തിൽ നിറയ്ക്കുന്നത്.
പ്രിയപ്പെട്ട മാഷിന് കണ്ണീരോടെ വിട…
'എന്നിലുള്ളേതോ വെളിച്ചത്തിലൂടെ ഞാൻ
പിന്നിട്ടുപോയി, ചലിക്കും ജഗത്തിനെ.
അന്ധകാരത്തിൻ മടിക്കുത്തിൽനിന്നൊരു
പൊൻതാരകപ്പൂ വഴി ഞ്ഞു ന്ന മാതിരി '
ചങ്ങമ്പുഴ - (നിർവ്വാണ രംഗം )
Content Highlights: Remembering MK Sanu master by Laby Sajeendran