മാസം 1.2 ലക്ഷം രൂപ ശമ്പളം, എന്നിട്ടും നഗരത്തില്‍ ഒരു വീട് വാങ്ങാനാകുന്നില്ല; വൈറലായി പോസ്റ്റ്

വാര്‍ഷിക വരുമാനം 20 ലക്ഷം വരെയുണ്ടായിട്ടും ഒരു വീട് വാങ്ങാന്‍ തന്റെ സുഹൃത്തിന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഖിലേഷ് എന്ന യുവാവ് എക്‌സില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചകളില്‍ നിറയുന്നത്.

dot image

വീട് എന്ന സ്വപ്‌നം, വെറുമൊരു സ്വപ്‌നം മാത്രമായി അവശേഷിക്കുമോ എന്ന ചിന്ത ഉണര്‍ത്തുന്നതായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്. സാധാരണക്കാരന് താങ്ങാനാകുന്നതിലും ഉയരത്തിലാണ് പ്ലോട്ടിന്റെയും വീടുനിര്‍മാണത്തിന്റെയും ചെലവുകള്‍ കുതിച്ചുയരുന്നത്. വാര്‍ഷിക വരുമാനം 20 ലക്ഷം വരെയുണ്ടായിട്ടും ഒരു വീട് വാങ്ങാന്‍ തന്റെ സുഹൃത്തിന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഖിലേഷ് എന്ന യുവാവ് എക്‌സില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചകളില്‍ നിറയുന്നത്.

നികുതിയും മറ്റ് പിടിത്തങ്ങളുമെല്ലാം കഴിഞ്ഞ് മാസം 1.2ലക്ഷം രൂപയാണ് അഖിലേഷിന്റെ സുഹൃത്തിന് ലഭിക്കുന്ന വരുമാനം. കാറോ, മറ്റ് ആഡംബരങ്ങളോ ഇല്ലാത്ത സുഹൃത്ത് വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നതെന്നും അഖിലേഷ് പറയുന്നു. സുഹൃത്തിന് കുട്ടികളുമില്ല. വീടുവാങ്ങണം എന്ന ലക്ഷ്യത്തോടെ ഗുരുഗ്രാമിലെ ഭവന നിര്‍മാണ പ്രൊജക്ടുകളെയും ഇയാള്‍ സമീപിച്ചു. ആരംഭ വില തന്നെ 2.5കോടിയാണെന്ന് അഖിലേഷ് ചൂണ്ടിക്കാണിക്കുന്നു. ഈ വീടുകളെല്ലാം സ്വിമ്മിങ് പൂളുകളും, ബയോമെട്രിക് ലിഫ്റ്റുകളും ഇറക്കുമതി ചെയ്ത മാര്‍ബിളും എല്ലാം ഉപയോഗിച്ച് നിര്‍മിച്ചവയാണ്. ആഡംബരജീവിതം നയിക്കുന്നവരെ മാത്രം ലക്ഷ്യമിട്ടാണ് ഈ ഭവനങ്ങളുടെ നിര്‍മാണമെന്നും സാധാരണക്കാരനോ, മികച്ച ശമ്പളം വാങ്ങുന്ന ഒരു പ്രൊഫഷണലിനോ ഇത് താങ്ങാനാകില്ലെന്നും അഖിലേഷ് പറയുന്നു.

'ഭവനം എന്ന സ്വപ്‌നവുമായി സുഹൃത്ത് സമീപിക്കുന്ന ഓരോ പ്രൊജക്ടും ആരംഭിക്കുന്നത് 2.5 കോടി രൂപയിലാണ്. ഇന്‍ഫിനിറ്റി പൂളുകള്‍, സെന്‍ ഗാന്‍ഡനുകള്‍, ഇറ്റാലിയന്‍ മാര്‍ബിള്‍, ബയോമെട്രിക് ലിഫ്റ്റുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളാണ് ഓരോ ബ്രോഷറുകളിലും ഉള്ളത്. ഇത് വാങ്ങിയാല്‍ ശമ്പളം വാങ്ങി മറ്റൊരാള്‍ക്ക് പണം നല്‍കുന്നതിനായി ജീവിക്കണം. അവധിക്കാലമോ, അടിയന്തര സാഹചര്യങ്ങളോ ഇതോടെ ഇല്ലാതാകും. നല്ല വരുമാനം ലഭിച്ചിട്ടും നഗരത്തില്‍ ഒരു വീട് വാങ്ങാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. വിപണി തകര്‍ന്നിട്ടൊന്നുമില്ല. അത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അത് ആര്‍ക്കുവേണ്ടിയാണോ രൂപകല്പന ചെയ്തിരിക്കുന്നത് അതുപോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നുമാത്രം.' അഖിലേഷ് പോസ്റ്റില്‍ പറയുന്നു.

നഗരവത്ക്കരണം, ഊഹക്കച്ചവട നിക്ഷേപങ്ങള്‍, അത്യാഡംബര ജീവിത ശൈലി എന്നിവ ഇന്ത്യയിലെ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പോലും വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടുന്നതാണ് അഖിലേഷിന്റെ പോസ്റ്റ്. ഇന്ത്യയില്‍ അത്യാഡംബര വസതിയോടുള്ള പ്രിയം വര്‍ധിക്കുന്നതിന്റെ സൂചന അനറോക്കിന്റെ വാര്‍ഷിക റെസിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 2024ലെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയിലെ 59 ശതമാനം പ്രൊജക്ടുകളും ഹൈദരാബാദിലെ 19 ശതമാനം പ്രൊജക്ടുകളും 2.5 കോടി രൂപയിലാണ് തുടങ്ങുന്നത് തന്നെ. പ്രീമിയം ഭവനങ്ങള്‍ക്കുള്ള ഉയരുന്ന ഡിമാന്‍ഡിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

Content Highlights: Rs 1.2 Lakh Monthly Salary, Still Can’t Buy a Home In India? Viral Post

dot image
To advertise here,contact us
dot image