
തൃശ്ശൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടെന്ന് പ്രശംസിച്ച തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടേത് വ്യക്തിപരമായ അഭിപ്രായം ആകാമെന്ന് ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍. സീറോ മലബാര്‍ സഭയുടെ നിലപാട് അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
'സഭയുടെ നിലപാട് പറയേണ്ടത് സഭാധ്യക്ഷന്മാരാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടെ അഭിപ്രായം അല്ല. സഭയ്ക്ക് നിലപാടുണ്ട്. അത് കക്ഷിരാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതല്ല. വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടെ അഭിപ്രായമല്ലെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകള്‍ക്കെതിരായ കേസ് കേസ് പിന്‍വലിക്കുകയും കുറ്റപത്രം റദ്ദാക്കുകയും ചെയ്യണം. ജാമ്യം നേടാന്‍ സഹായിച്ച എല്ലാ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാരോടും നന്ദി രേഖപ്പെടുത്തുന്നു. മാധ്യമങ്ങളുടെ പരിശ്രമമാണ് ഈ വിഷയത്തിലേക്ക് ജനശ്രദ്ധ തിരിക്കാനായി സാധിച്ചത്. ഹൈന്ദവ സഹോദരന്മാരെയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നുവെന്നും പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള മത സംഘടനകളുടെ പേരിലും ട്രെയിന്‍ ടിടിഇയുടെ പേരിലും കേസെടുക്കണം. ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. സഭയ്ക്ക് കക്ഷിരാഷ്ട്രീയമില്ലെന്നും പോളി കണ്ണൂക്കാടന്‍ വ്യക്തമാക്കി.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എടുത്ത നിലപാടിലെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഇടപെടല്‍ വേണമെന്നും പാംപ്ലാനി പറഞ്ഞിരുന്നു.
Content Highlights: Irinjalakuda Diocese President Mar Pauly Kannookadan against mar joseph pamplany