
വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള മെട്രാഷ് മൊബൈൽ ആപ്ലിക്കേഷന്റെ സേവനം കൂടുതൽ മെച്ചപ്പെടുത്തി ഖത്തർ. വാഹന ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന പ്രക്രിയ സുരക്ഷിതമായും അതിവേഗത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിൽ ഈ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയത്. പുതിയ മാറ്റങ്ങൾ വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ അപ്‍ഡേഷന് പിന്നാലെ, വാഹനത്തിന്റെ രജിസ്ട്രേഷനും ഗതാഗത നിയമലംഘനങ്ങൾ ഇല്ലെങ്കിൽ, ഉടമസ്ഥാവകാശം മെട്രാഷ് ആപ്പ് വഴി തടസ്സങ്ങളില്ലാതെയും വേഗത്തിലും കൈമാറാൻ സാധിക്കും. ഈ സേവനം ഉപയോഗിക്കാൻ, മെട്രാഷ് ആപ്പ് തുറന്ന് ഹോം പേജിൽ 'ട്രാഫിക് സർവീസസ്' തിരഞ്ഞെടുക്കണം. തുടർന്ന് 'വെഹിക്കിൾസ്' ഓപ്ഷനിൽ 'ഓണർഷിപ്പ് ട്രാൻസ്ഫർ' എന്ന ഭാഗം ക്ലിക്ക് ചെയ്യുക. അവിടെ ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കാം.
ഈ സമയം വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒരു അറിയിപ്പ് സന്ദേശം ലഭിക്കുകയും ചെയ്യും. തുടർന്ന്, വാങ്ങുന്നയാൾ മെട്രാഷ് ആപ്പ് വഴി കൈമാറ്റത്തിന് അനുമതി നൽകിയാൽ ഇടപാട് പൂർത്തിയാകും. പിന്നാലെ വിൽപ്പനക്കാരൻ നിയമപരമായ സർവീസ് ഫീസ് അടയ്ക്കുന്നതോടെ കൈമാറ്റ നടപടികളും പൂർത്തിയാകും.
പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് അധികൃതർ പ്രതികരിച്ചു. ഡിജിറ്റൽ സേവനങ്ങൾ പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കുകയും നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Metrash enhances vehicle ownership transfer with faster process