5 മിനിറ്റ് ആലിംഗനത്തിന് 600 രൂപ,സേവനം സ്ത്രീകള്‍ക്ക് മാത്രം; ആരാണ് 'മാന്‍ മോം'

ആലിംഗനത്തിലൂടെ ആശ്വാസം നല്‍കുന്ന, വൈകാരിക പിന്തുണ നല്‍കുന്ന കരുത്തരായ പുരുഷന്മാരാണ് മാന്‍ മോംസ്.

dot image

അഞ്ച് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഒരു ആലിംഗനത്തിന് അറുന്നൂറ് രൂപ! ഞെട്ടിയോ, ചൈനയിലെ പുതിയ ട്രെന്‍ഡായ 'മാന്‍ മോം'ജോലിക്ക് ഉപഭോക്താക്കളും സേവനദാതാക്കളും കൂടുകയാണ്. ആരാണ് ഈ മാന്‍ മോംസ് എന്നല്ലേ?

ആലിംഗനത്തിലൂടെ ആശ്വാസം നല്‍കുന്ന, വൈകാരിക പിന്തുണ നല്‍കുന്ന കരുത്തരായ പുരുഷന്മാരാണ് മാന്‍ മോംസ്. യുവാക്കളുടെ ശരീരഘടനയും കരുണയും ക്ഷമയും രൂപസൗകുമാര്യവും എല്ലാം നോക്കിയാണ് ആരെയാണ് ആശ്വാസ ആലിംഗനത്തിനായി സ്വീകരിക്കേണ്ടതെന്ന് യുവതികള്‍ തീരുമാനിക്കുന്നത്. അഞ്ചുമിനിറ്റ് ആലിംഗനത്തിന് 50 യുവാന്‍ അതായത് 600 ഇന്ത്യന്‍ രൂപയാണ് 'മാന്‍ മോം്' എന്നറിയപ്പെടുന്ന പുരുഷന്മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. വിദ്യാര്‍ഥിനികള്‍ മുതല്‍ ജോലിക്കാര്‍ വരെ ഇത്തരത്തില്‍ ആശ്വാസ ആലിംഗനത്തിനായി പണം കൊടുക്കുന്നുണ്ട്.

കൃത്യസമയത്ത് പ്രബന്ധം സബ്മിറ്റ് ചെയ്തിട്ടും സംതൃപ്തി തോന്നാത്ത ഒരു വിദ്യാര്‍ഥിനി ഇത്തരത്തില്‍ വൈകാരിക പിന്തുണയ്ക്കായി മാന്‍ മോമിന്റെ സഹായം തേടിയിരുന്നു. തനിക്ക് അനുഭവപ്പെട്ട സമ്മര്‍ദം ഒഴിവാക്കുന്നതിനായി കരുതലുള്ള, ആരോഗ്യവാനായ ഒരു മാന്‍ മോമിനേയാണ് പെണ്‍കുട്ടി തിരഞ്ഞെടുത്തത്. ഒരിക്കല്‍ സ്‌കൂളില്‍ വച്ച് ആലിംഗനം ചെയ്തിട്ടുണ്ടെന്നും ആ ആലിംഗനം സുരക്ഷിതത്വം അനുഭവപ്പെടാന്‍ സഹായിച്ചെന്നും പെണ്‍കുട്ടി പറയുന്നു. അതിന്റെ ഓര്‍മയിലാണ് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ആലിംഗനത്തിനായി അവള്‍ ഒരു മാന്‍ മോമിനെ പണം കൊടുത്ത് വിളിച്ചുവരുത്തിയത്. ഈ വിദ്യാര്‍ഥിനിയെ പോലെ ജോലിസമ്മര്‍ദവും, ആശങ്കകളും ഉത്കണ്ഠകളും നുഭവിക്കുന്ന യുവതികളാണ് മാന്‍ മോംസിന്റെ ആലിംഗനത്തിന്റെ ഉപഭോക്താക്കള്‍. ആലിംഗനത്തിലൂടെ ആശ്വാസം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവര്‍ പണംകൊടുത്ത് മാന്‍ മോംമിനെ തിരഞ്ഞെടുക്കുന്നത്.

ചാറ്റ് ആപ്പുകള്‍ വഴിയാണ് മീറ്റിങ്ങുകള്‍ ക്രമീകരിക്കുക. ആലിംഗനം സാധാരണയായി പൊതുഇടങ്ങളായ സബ്‌വേ സ്റ്റേഷനുകള്‍, മാളുകള്‍ എന്നിവിടങ്ങളിലാണ് നടക്കുക. ചെറിയ ആലിംഗനത്തിന് 20 മുതല്‍ 50 യുവാന്‍ വരെയാണ് പണം ഈടാക്കുന്നത്. സൗത്ത് ചൈന പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ഷൗ എന്ന യുവാവ് 34 തവണ ആലിംഗനത്തിനായി ഈടാക്കിയത് 1758 യുവാനാണ്. അതായത് ഏകദേശം 21,000 ഇന്ത്യന്‍ രൂപ. തന്റെ ആലിംഗനങ്ങള്‍ യുവതികളെ സമാധാനപ്പെടുത്തിക്കാണുമെന്ന് ഷൗ പ്രതീക്ഷ പങ്കുവച്ചു. ഇതല്ലാതെ മറ്റൊരു ജോലിയെകുറിച്ച് ചിന്തിക്കാനും അയാള്‍ തയ്യാറല്ല. ഇത്തരത്തില്‍ വൈകാരികമായി നല്‍കുന്ന പിന്തുണയ്ക്ക് പണം വാങ്ങുന്നത് വ്യക്തികള്‍ തമ്മിലുള്ള അതിരുകള്‍ നിര്‍ണയിക്കാന്‍ അത്യാവശ്യമാണെന്നാണ് ഷൗന്റെ പക്ഷം. ഇത് ജോലിയെ വ്യക്തിപരമായി എടുക്കാതെ പ്രൊഫഷണലായി കാണാന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ആലിംഗനങ്ങളിലൂടെ മറ്റുള്ളവരെ സുഖപ്പെടുത്താന്‍ കഴിയുമെന്നത് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്ന് മറ്റൊരു യുവാവ് പറയുന്നു.

മാന്‍ മോമിന് പുസ്തകവും കോഫിയും ഓഫര്‍ ചെയ്ത അനുഭവം ഫോക്‌സ് എന്ന പെണ്‍കുട്ടി പങ്കുവച്ചിട്ടുണ്ട്. ആലിംഗനത്തേക്കാള്‍ തികച്ചും അപരിചിതനായ ഒരു വ്യക്തിയില്‍ നിന്ന് ലഭിച്ച ഊഷ്മളതയാണ് തന്നെ ആകര്‍ഷിച്ചതെന്നും അവര്‍ വ്യക്തമാക്കി. ആലിംഗനത്തിന് ശേഷം അവര്‍ അല്പ സമയം സംസാരിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. അല്പം പണം നല്‍കിയാലും വൈകാരികമായി മോശം അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ തികച്ചും അപരിചിതനായ ഒരു വ്യക്തിയില്‍ നിന്ന് ലഭിക്കുന്ന ഊഷ്മളത അരക്ഷിതമായ സാഹചര്യത്തിലും സുരക്ഷിതത്വം അനുഭവപ്പെടാന്‍ സഹായിക്കുന്നുണ്ടെന്നാണ് യുവതികളുടെ പക്ഷം.

Content Highlights: China's 'Man Mums': Women Offering Emotional Support for a Fee

dot image
To advertise here,contact us
dot image