
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിൻ്റെ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോൺ കണ്ടെത്തിയത്. 10-ാം നമ്പർ സെല്ലിൻ്റെ മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു.
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലെ അവിശ്വസനീയത ഇപ്പോഴും തുടരുന്നതിനിടെയാണ് മൊബൈൽ ഫോണുകൾ പിടികൂടിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പുറത്തുവന്നെങ്കിലും ജയിൽ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. ഒരു കൈ മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി നടത്തിയത് അമാനുഷിക ജയിൽ ചാട്ടമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജയിൽ ചാടിയ ശേഷം മാത്രമാണ് ഗോവിന്ദച്ചാമി നടത്തിയ പത്തുമാസത്തെ തയ്യാറെടുപ്പ് പുറത്ത് അറിഞ്ഞതെന്ന ജയിൽ അധികൃതരുടെ വാദമാണ് ഏറ്റവും ദുരൂഹമായി നിലനിൽക്കുന്നത്.
ജയിൽ ചാടാൻ ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നായിരുന്നു ഉത്തരമേഖല ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഗോവിന്ദച്ചാമി എല്ലാവരുമായി പ്രശ്‌നമുണ്ടാക്കുന്നയാളാണ്. അതിനാൽ സഹതടവുകാരുടെ സഹായം ലഭിക്കാൻ സാധ്യതയില്ലെന്നും റിപ്പോട്ടിൽ പറയുന്നു. ജയിൽ ചാടാൻ ഉപയോഗിച്ച രണ്ട് പ്ലാസ്റ്റിക് വീപ്പകളിൽ ഒരെണ്ണം വെള്ളം ശേഖരിക്കാനായി മതിലിന് സമീപം ഉണ്ടായിരുന്നു. മറ്റൊന്ന് സമീപത്ത് നിന്നും സംഘടിപ്പിച്ചു, തടവുകാർ ഉണക്കാനിട്ട തുണി ശേഖരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പിടികൂടിയപ്പോൾ ഗോവിന്ദച്ചാമിയുടെ പക്കൽ നിന്നും പിടിച്ചെടുത്ത അരം ഉപയോഗിച്ച് മാത്രം അഴി മുറിക്കാനാകില്ലെന്നും കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സിസിടിവി ചുമതലയുള്ള ഉദ്യോഗസ്ഥനെ അന്നേദിവസം മറ്റൊരു രോഗിക്കൊപ്പം ആശുപത്രിയിലേക്ക് വിട്ടു. ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനാൽ ലഭ്യമായ ഉദ്യോഗസ്ഥനെ വിടുകയായിരുന്നുവെന്നും ഇതിൽ വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Mobile phone seized again from Kannur Central Jail