
മികച്ച നടനുള്ള ദേശീയ അവാർഡ് നടൻ ഷാരൂഖ് ഖാന് ലഭിച്ചതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഷാരൂഖ് ഖാനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
'ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്', വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 12 ത് ഫെയിലിലെ പ്രകടനത്തിന് നടൻ വിക്രാന്ത് മാസിക്കും മികച്ച നടനുള്ള അവാർഡ് ലഭിച്ചിരുന്നു. ഷാരൂഖ് ഖാന് അവാർഡ് ലഭിച്ചതിന് പിന്നാലെ നിരവധി പേർ വിമർശനവുമായി എത്തിയിരുന്നു. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് അവാർഡ് ലഭിക്കാതെ പോയതിലുള്ള അമർഷവും നിരവധി പേർ രേഖപ്പെടുത്തിയിരുന്നു.
ദി കേരള സ്റ്റോറിക്ക് രണ്ട് അവാർഡ് ലഭിച്ചതിനെക്കുറിച്ച് വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേരള സ്റ്റോറിക്ക് രണ്ട് പുരസ്‌കാരമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തിലുള്ളത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരള സ്‌റ്റോറി സംവിധായകന്‍ സുധിപ്തോ സെന്നും മികച്ച ഛായാഗ്രഹണം പ്രശാന്തനു മോഹപാത്രയും കരസ്ഥമാക്കി. 2023 മെയ് അഞ്ചിനായിരുന്നു കേരള സ്റ്റോറിയുടെ റിലീസ്. കേരളത്തെ കുറിച്ച് ഇല്ലാത്ത വിവരണം നല്‍കിയ സിനിമ സംപ്രേഷണം ചെയ്ത മുതല്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.
Content Highlights: V Sivankutty about SRK and Prithviraj