ഇനി വാട് സ് ആപ്പിൽ മറുപടി പറയുന്നത് ജഗതിയും സലിംകുമാറും സുരാജും! ചാറ്റിൽ ചിരിപ്പിക്കാൻ സൗണ്ട് സ്റ്റിക്കറുകൾ

ഓഡിയോ സ്റ്റിക്കറുകൾ അവതരിപ്പിച്ച് വാട് സ് ആപ്പ്. സിനിമയിലെ കോമഡി രംഗങ്ങൾ ഓർമിപ്പിക്കുന്ന ശബ്ദങ്ങൾ കൂടി ചാറ്റിലെത്തുമ്പോൾ വാട് സ് ആപ്പ് സംഭാഷണങ്ങൾ കൂടുതൽ രസകരമാകും. പുതിയ ഓഡിയോ സ്റ്റിക്കറുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

ഇനി വാട് സ് ആപ്പിൽ മറുപടി പറയുന്നത് ജഗതിയും സലിംകുമാറും സുരാജും! ചാറ്റിൽ ചിരിപ്പിക്കാൻ സൗണ്ട് സ്റ്റിക്കറുകൾ
whatsapp audio stickers
dot image

സുഹൃത്ത് ഒരു മെസേജ് അയച്ചു. നമ്മള്‍ക്ക് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്ത് പറയണമെന്നറിയാതെ കുഴങ്ങുമ്പോള്‍ ഒരു ജഗതി ഡയലോഗ് അയച്ചാലോ?. അല്ലെങ്കില്‍ സലിംകുമാറിന്റെ ഒരു കോമഡി ഭാവം! സംഗതി സൂപ്പറായിരിക്കും അല്ലേ?. മറുപടി കിട്ടിയ ആള്‍ക്ക് ചിരിയും നമുക്ക് വലിയൊരു വിശദീകരണം നല്‍കേണ്ട ബാധ്യതയില്‍നിന്ന് മോചനവും ലഭിക്കും.


സന്തോഷം, ദേഷ്യം, പരിഹാസം, സങ്കടം, അത്ഭുതം തുടങ്ങി ഏത് വികാരവും മലയാള സിനിമയിലെ ഒരു ഡയലോഗുകൊണ്ട് അവതരിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇപ്പോഴിതാ സ്റ്റിക്കറുകള്‍ക്ക് ശബ്ദം കൂടി നല്‍കുന്ന പുതിയ ഫീച്ചറിലൂടെ ചാറ്റുകളെ കൂടുതല്‍ രസകരമാക്കാനുള്ള സാധ്യതയാണ് വാട്‌സാപ്പ് തുറക്കുന്നത്.

whatsapp  audio stickers

ചിത്രം മാത്രം അല്ല ഇനി ശബ്ദവും ഉണ്ട്

സാധാരണ സ്റ്റിക്കറുകള്‍ അയക്കുമ്പോള്‍ ഒരു ചിത്രത്തിലൂടെയോ കഥാപാത്രത്തിന്റെ ഭാവത്തിലൂടെയോ ആണ് നമ്മള്‍ പ്രതികരിക്കുന്നത്. അനിമേറ്റഡ് സ്റ്റിക്കറുകള്‍ വരുമ്പോള്‍ ആ ചിത്രത്തിന് ചലനവും ലഭിക്കും. എന്നാല്‍ സൗണ്ട് സ്റ്റിക്കറുകള്‍ ഈ അനുഭവത്തിലേക്ക് മറ്റൊരു ഘടകം കൂടി കൂട്ടിച്ചേര്‍ക്കുന്നു. സ്റ്റിക്കറിനൊപ്പം ചേര്‍ത്തിരിക്കുന്ന ശബ്ദം അതില്‍ ടാപ്പ് ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി ലഭ്യമാകുമെന്ന് ടെക്‌നോളജി വെബ്‌സൈറ്റായ WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോയില്‍നിന്ന് അനിമേറ്റഡ് സ്റ്റിക്കര്‍ ഉണ്ടാക്കാനും അതിനൊപ്പം ശബ്ദം ചേര്‍ക്കാനുമുള്ള സംവിധാനവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

whatsapp  audio stickers

മലയാളികളുടെ ചാറ്റില്‍ കോമഡിക്ക് എന്ത് പഞ്ഞം

മലയാളിക്ക് സിനിമ വെറും വിനോദമല്ല. ദൈനംദിന ജീവിതത്തിന്റെ ഭാഗം കൂടിയാണ്. സിനിമയിലെ ഡയലോഗുകള്‍ സൗഹൃദ സംഭാഷണങ്ങളിലും കുടുംബ ഗ്രൂപ്പുകളിലും ഓഫീസ് ചാറ്റുകളിലുമെല്ലാം കടന്നുവരാറുമുണ്ട്. പലപ്പോഴും ഒരു സിനിമാ ഡയലോഗ് മതി പത്തുവാചകത്തില്‍ പറയേണ്ട കാര്യം ഒറ്റ നിമിഷംകൊണ്ട് മനസ്സിലാക്കാന്‍.
'ഇതെന്താ ഇങ്ങനെ?', 'എന്തുവാടേ ഇത്?', 'അയ്യോ, പെട്ടുപോയല്ലോ!' എന്നൊക്കെയുള്ള സാഹചര്യങ്ങളില്‍ മലയാള സിനിമയിലെ കോമഡി രംഗങ്ങള്‍ ഓര്‍മിപ്പിക്കുന്ന ശബ്ദങ്ങള്‍ ഉപയോഗിച്ചാല്‍ സംഭാഷണത്തിന് വേറിട്ടൊരു രസമുണ്ടാകും. ജഗതിയുടെ മുഖഭാവങ്ങളും ഡയലോഗുകളും, സലിംകുമാറിന്റെ നിഷ്‌കളങ്കമായ കോമഡിയും, ഇന്നസെന്റിന്റെ തനതായ സംസാരശൈലിയും, സുരാജ് വെഞ്ഞാറമൂടിന്റെ വ്യത്യസ്ത ഭാവങ്ങളും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. ഇത്തരം കഥാപാത്രങ്ങളെയും രംഗങ്ങളെയും ഓര്‍മിപ്പിക്കുന്ന സ്റ്റിക്കറുകളും ഓഡിയോ ക്ലിപ്പുകളും ഇതിനകം തന്നെ മലയാളം ഡിജിറ്റല്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ പുതിയ സൗണ്ട് സ്റ്റിക്കറുകള്‍ ഈ നടന്മാരുടെ എല്ലാ ഡയലോഗുകളും വാട്‌സാപ്പിന്റെ ഓഡിയോ സ്റ്റിക്കറുകളാവുകയാണ്. ഉപയോക്താക്കള്‍ക്ക് സ്വന്തം വീഡിയോകളില്‍നിന്ന് ശബ്ദം ഉള്‍പ്പെടുത്തിയ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സാധ്യതയാണ് ഈ ഫീച്ചറിന്റെ പ്രധാന ആകര്‍ഷണം.

whatsapp  audio stickers

സ്വന്തം ശബ്ദവും സ്റ്റിക്കറാക്കാം

പുതിയ ഫീച്ചറിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം സ്റ്റിക്കര്‍ സൃഷ്ടിക്കാനുള്ള സാധ്യതയാണ്. ഫോണിലെ ഒരു വീഡിയോ തിരഞ്ഞെടുത്ത് അതിനെ അനിമേറ്റഡ് സ്റ്റിക്കറാക്കി മാറ്റാനും അതിന്റെ യഥാര്‍ഥ ശബ്ദം നിലനിര്‍ത്താനോ മറ്റൊരു ഓഡിയോ ചേര്‍ക്കാനോ സാധിക്കുന്ന സംവിധാനമാണ് വാട്‌സാപ്പ് വികസിപ്പിച്ചിരിക്കുന്നത്. സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്ത് ചേര്‍ക്കുന്നതിനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതായത് സുഹൃത്തുക്കള്‍ തമ്മിലുള്ള രസകരമായൊരു സംഭാഷണമോ സ്വന്തം ശബ്ദത്തിലുള്ള തമാശയോ അനുയോജ്യമായ വീഡിയോയോ സ്റ്റിക്കറാക്കി മാറ്റാന്‍ സാധിച്ചേക്കും.

Content Highlights :WhatsApp has introduced audio stickers. With sounds reminiscent of comedic scenes from movies now available in chats, WhatsApp conversations are set to become even more entertaining. These new audio stickers are becoming a topic of discussion on social media.

dot image
To advertise here,contact us
dot image