

യുഎഇയിൽ നിന്ന് ഇന്ത്യയിലെ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും മറ്റ് സേവനദാതാക്കൾക്കും പണം അയക്കുന്ന പ്രവാസി സംരംഭകർ പുതിയ ബാങ്കിംഗ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ്. ഒറ്റത്തവണയായി 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സേവന പേയ്മെന്റുകൾക്ക് കയറ്റുമതി പ്രഖ്യാപന രേഖ നിർബന്ധമാക്കി. അതേസമയം, പ്രവാസികൾ കുടുംബാംഗങ്ങൾക്ക് നാട്ടിലേക്ക് അയക്കുന്ന സാധാരണ പണമയക്കലുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
കഴിഞ്ഞ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിലുള്ള വിദേശനാണയ ചട്ടങ്ങൾ സംബന്ധിച്ചാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വിശദീകരണം നൽകിയത്. ഇന്ത്യയിലെ ഒരു സ്ഥാപനത്തിന് യുഎഇയിൽ നിന്ന് ലഭിക്കുന്ന ഒറ്റത്തവണ സേവന തുക 10 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ പ്രഖ്യാപന രേഖ സമർപ്പിക്കണം. സേവനം നൽകുന്ന ഇന്ത്യയിലെ സ്ഥാപനമാണ് ഈ രേഖ ബാങ്കിൽ നൽകേണ്ടത്.
ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതുവരെ ഇന്ത്യൻ ബാങ്കുകൾക്ക് തുക അക്കൗണ്ടിൽ ചേർക്കുന്നത് തടഞ്ഞുവെക്കാൻ അധികാരമുണ്ടാകും. 10 ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള ഇടപാടുകൾക്ക് സാധാരണ ബാങ്ക് വിവരങ്ങൾ മാത്രം നൽകിയാൽ മതിയാകും. ഇന്ത്യയിൽ സ്ഥിരതാമസമുള്ള സ്വതന്ത്ര സേവനദാതാക്കൾക്ക് ഈ നിബന്ധനയിൽ പ്രത്യേക ഇളവുണ്ട്. ഇവർക്ക് പ്രഖ്യാപന രേഖ ഇല്ലാതെ തന്നെ സേവന വരുമാനം സ്വീകരിക്കാം. എന്നാൽ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന കാരണത്താൽ മാത്രം ഈ ഇളവ് ലഭിക്കില്ല.
പ്രവാസികൾ നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് അയക്കുന്ന സാധാരണ പണമിടപാടുകൾക്ക് പുതിയ ചട്ടം ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയുമായി സേവന വ്യാപാരം നടത്തുന്ന യുഎഇ കമ്പനികളും പ്രവാസി സംരംഭകരും പണം കൈമാറുന്നതിന് മുമ്പ് ഇന്ത്യൻ സ്ഥാപനവുമായും ബാങ്കുമായും ബന്ധപ്പെട്ട് രേഖകൾ ഉറപ്പുവരുത്തണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിച്ചു.
Content Highlights: The Reserve Bank of India (RBI) has introduced new guidelines governing international outward money transfers through online platforms operated by non-bank entities in partnership with authorised banks. The rules require banks to disclose exchange rates, service charges, total transaction costs and the amount the beneficiary will receive. Banks must also ensure secure fund transfers, customer grievance redressal and timely credit to beneficiaries