

ഇന്ന് എന്ത് സംശയം വന്നാലും ആദ്യം ChatGPTയോട് ചോദിക്കുന്നവരാണ് പലരും. യാത്ര മുതല്‍ ആരോഗ്യം വരെ, പഠനം മുതല്‍ ജോലി വരെ നിരവധി കാര്യങ്ങള്‍ക്ക് AI യോട് സഹായം തേടാറുണ്ട്. എന്നാല്‍ ChatGPTയോട് എന്ത് വിവരങ്ങളാണ് പങ്കിടുന്നത് എന്ന കാര്യത്തിലും ശ്രദ്ധ വേണം. പ്രത്യേകിച്ച് ചില സ്വകാര്യ വിവരങ്ങള്‍ നേരിട്ട് ചാറ്റില്‍ നല്‍കുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. പാസ്വേഡ് പോലുള്ള വിവരങ്ങള്‍ മാത്രമല്ല ചില സാമ്പത്തിക വിവരങ്ങളും വ്യക്തിഗത രേഖകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, CVV, PIN തുടങ്ങിയ വിവരങ്ങള്‍ ഇവ ChatGPTയില്‍ ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കണം. OpenAIയുടെ നിര്‍ദേശത്തിലും കാര്‍ഡ് വിവരങ്ങള്‍ ChatGPT ഇന്‍പുട്ടുകളില്‍ നല്‍കരുതെന്ന് വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കണമെങ്കില്‍ അതിലെ അക്കൗണ്ട് നമ്പര്‍, കാര്‍ഡ് നമ്പര്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ മറച്ചശേഷം മാത്രമേ പങ്കിടാവൂ.

ഇ-മെയില്‍, ബാങ്കിംഗ്, സോഷ്യല്‍ മീഡിയ തുടങ്ങിയ അക്കൗണ്ടുകളുടെ പാസ്വേഡ്, OTP, PIN തുടങ്ങിയ സുരക്ഷാ വിവരങ്ങള്‍ ചാറ്റില്‍ നല്‍കുന്നത് ഒഴിവാക്കണം. ഒരു അക്കൗണ്ടിലെ പ്രശ്‌നം പരിഹരിക്കാന്‍ സഹായം വേണമെങ്കില്‍ പാസ്വേഡ് നല്‍കുന്നതിന് പകരം പ്രശ്‌നം എന്താണെന്ന് മാത്രം വിശദീകരിക്കാം.
ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകളുടെ പൂര്‍ണ വിവരങ്ങള്‍ ആവശ്യമായില്ലെങ്കില്‍ ചാറ്റില്‍ പങ്കിടേണ്ടതില്ല.
ഒരു രേഖയിലെ വിവരങ്ങള്‍ പരിശോധിക്കേണ്ട സാഹചര്യമാണെങ്കില്‍ ആവശ്യമായ ഭാഗം മാത്രം നല്‍കുകയും വ്യക്തിഗത വിവരങ്ങള്‍ മറയ്ക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം.

ആരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ChatGPTയോട് ചോദിക്കാം. എന്നാല്‍ പേര്, ഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ തിരിച്ചറിയല്‍ വിവരങ്ങളോടൊപ്പം മുഴുവന്‍ മെഡിക്കല്‍ രേഖകളും പങ്കിടേണ്ടതില്ല. ChatGPT നല്‍കുന്ന ആരോഗ്യവിവരങ്ങള്‍ ഒരു ഡോക്ടറുടെ പരിശോധനയ്ക്ക് പകരമാകില്ല. പ്രത്യേകിച്ച് ഗുരുതരമായ ലക്ഷണങ്ങളോ മരുന്നുമായി ബന്ധപ്പെട്ട തീരുമാനങ്ങളോ ആണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടണം.

ജോലിസ്ഥലത്തെ രഹസ്യ രേഖകള്‍, ക്ലയന്റിന്റെ സ്വകാര്യ വിവരങ്ങള്‍, പാസ്വേഡുകള്‍, കരാറുകള്‍, പ്രസിദ്ധീകരിക്കാത്ത ബിസിനസ് വിവരങ്ങള്‍ തുടങ്ങിയവ ആവശ്യമില്ലാതെ AI ചാറ്റില്‍ അപ്ലോഡ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഒരു രേഖയിലെ ഭാഷ തിരുത്താനോ ചുരുക്കാനോ സഹായം വേണമെങ്കില്‍ രഹസ്യ വിവരങ്ങള്‍ നീക്കം ചെയ്ത പതിപ്പ് ഉപയോഗിക്കാം.
ഇതിന്റെ അര്‍ഥം ChatGPT ഉപയോഗിക്കുന്നത് അപകടകരമാണെന്നല്ല. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ പഠനം, എഴുത്ത്, വിവരങ്ങള്‍ മനസിലാക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് AI സഹായകരമാണ്.പക്ഷേ AIയോട് ചോദിക്കാം എന്ന ചിന്തയ്‌ക്കൊപ്പം ''എന്ത് വിവരമാണ് നല്‍കുന്നത്?'' എന്ന ബോധ്യവും ഉണ്ടാകണം.
OpenAIയുടെ നിലവിലെ നിര്‍ദേശപ്രകാരം കൂടുതല്‍ സ്വകാര്യത ആവശ്യമുള്ള സാഹചര്യങ്ങളില്‍ Temporary Chat പോലുള്ള നിയന്ത്രണങ്ങളും ലഭ്യമാണ്. കൂടാതെ Settinsg ലെ Data Controls വഴി ഡാറ്റ ഉപയോഗവുമായി ബന്ധപ്പെട്ട ചില മുന്‍ഗണനകള്‍ നിയന്ത്രിക്കാനും കഴിയും. പാസ് വേഡ്, ഒടിപി, പിന്‍, കാര്‍ഡ് വിവരങ്ങള്‍ പോലുള്ള അതീവ രഹസ്യ വിവരങ്ങള്‍ ചാറ്റില്‍ നല്‍കരുത്. ആവശ്യമായ വിവരങ്ങള്‍ മാത്രം നല്‍കുക, സ്വകാര്യ വിവരങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുക.
Content Highlights :You should also be mindful of the information you share with ChatGPT. It is particularly safer to avoid providing certain private information directly in the chat