

ബോള്‍ഡ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ബോളിവുഡ് താരം രാധിക ആപ്‌തെ. ഇപ്പോഴിതാ താരം താന്‍ അഭിനയിച്ച ഒരു ചിത്രത്തിലെ ഇന്റിമേറ്റ് രംഗം ചോര്‍ന്നതിനെത്തുടര്‍ന്ന് അനുഭവിച്ച മാനസികസമ്മര്‍ദത്തെയും ഭയത്തേയുംകുറിച്ച് തുറന്നു പറയുകയാണ്. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയുടെ ഭാഗമായി ഇന്ത്യാ ടുഡേയോട് സംസാരിക്കവേയാണ് അഭിനേതാക്കള്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചത്.
'ഞാന്‍ ചെയ്ത ഒരു ഇന്റിമേറ്റ് രംഗം ചോര്‍ന്നപ്പോള്‍ നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പ്രശ്‌നം എന്തെന്നാല്‍ ഇത്തരം സംഭവങ്ങളുടെ ആഗാതം വളരെ പെട്ടെന്ന് തന്നെ നമ്മുടെ വ്യക്തിജീവിതത്തിലേക്കും എത്താം. അതുകണ്ട് അതൃപ്തരായ ആരെങ്കിലും വീടിന് പുറത്ത് വന്നുനില്‍ക്കാം. അതിനാല്‍, ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്റെ സ്‌റ്റൈലിസ്റ്റിന്റെ ഡ്രൈവര്‍ ആ ക്ലിപ്പ് നോക്കിക്കൊണ്ടേയിരുന്നുവെന്നും, 'നീ അവരുടെ വീട്ടിലേക്ക് പോവുകയാണോ?' എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരുന്നുവെന്നും എന്റെ സ്‌റ്റൈലിസ്റ്റ് എന്നോട് പറഞ്ഞു ഓര്‍ക്കുന്നു. എന്റെ വാച്ച്മാനും അത് കണ്ടിരുന്നു. അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായി മാറി.

ഒടുവില്‍ ഞാന്‍ എന്റെ ഡ്രൈവറെയും മറ്റുജീവനക്കാരെയും വിളിച്ച് പറഞ്ഞു, ഒരു ക്ലിപ്പ് ചോര്‍ന്നിട്ടുണ്ട്. നിങ്ങള്‍ അത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ അത് നിങ്ങള്‍ക്ക് അയച്ചുതരാം. അത് കാണുക. നിങ്ങള്‍ക്ക് അതില്‍ കുഴപ്പമില്ലെങ്കില്‍, എനിക്കൊപ്പം നില്‍ക്കാം, അല്ലെങ്കില്‍ജോലി നിര്‍ത്തി പോകാം. അപ്പോള്‍ അവരെല്ലാം പറഞ്ഞു, 'ഞങ്ങള്‍ നോക്കിക്കോളാം' എന്ന്.- രാധിക ആപ്‌തെ പറയുന്നു.
വിശാല്‍ ഭരദ്വാജ്, കിരണ്‍ റാവു, വിക്രമാദിത്യ മോത്വാനെ, ശകുന്‍ ബത്ര എന്നിവര്‍ ചേര്‍ന്നാണ് ലസ്റ്റ് സ്റ്റോറീസ് 3 സംവിധാനം ചെയ്തത്. റോണി സ്‌ക്രൂവാലയും അഷി ദുവ സാറയും ചേര്‍ന്നാണ് നിര്‍മാണം. രാധികാ അപ്‌തേക്ക് പുറമേ കൊങ്കൊണ സെന്‍ ശര്‍മ, വിജയ് വര്‍മ, അഭിഷേക് ബാനര്‍ജി, ഗുര്‍ഫത്തേ പിര്‍സാദ, സന തമ്പി, അലി ഫസല്‍, രാധിക മദന്‍, സിദ്ധാര്‍ത്ഥ്, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം എത്തിയത്.
Content Highlights: Radhika Apte says she did not step out of her house for four days after an intimate scene was leaked.