

നിങ്ങളോട് ആരെങ്കിലും മൊബൈൽ ഹോട്ട്‌സ്‌പോട്ട് പാസ്‌വേർഡ് ചോദിച്ചാൽ, അത് പറഞ്ഞുകൊടുക്കാനുള്ള മടികാരണം QR സ്‌കാൻ ചെയ്യാൻ കൊടുക്കുന്നവരാകും ഭൂരിഭാഗവും. പാസ്‌വേർഡ് ഉണ്ടാക്കുമ്പോൾ അതിനെ ലാഘവത്തോടെയും ഗൗരവത്തോടെയും കാണുന്നവരുണ്ട്. ചിലർ ഓർത്തിരിക്കാൻ എളുപ്പത്തിൽ പാസ്‌വേർഡ് സൃഷ്ടിക്കുമ്പോൾ, ചിലർ സങ്കീർണമായ പാസ്‌വേർഡിനായിരിക്കും പ്രാധാന്യം നൽകുക. എപ്പോഴായാലും ശക്തമായ പാസ്‌വേർഡ് ഉണ്ടാക്കാൻ ശ്രമിക്കണം. ഇത് ലാഘവത്തോടെ കാണേണ്ട കാര്യമല്ലതെന്ന് തെളിയിക്കുന്ന ഉദാഹരണങ്ങൾ പലതാണ്.
ചില സൈറ്റുകളിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും പാസ്‌വേർഡ് സെറ്റ് ചെയ്യുമ്പോൾ അവർ നമ്പറുകൾ ചേർക്കാൻ ആവശ്യപ്പെടാറുണ്ട്. ചിലർ ഓർമയിൽ നിൽക്കാൻ ജനനതീയതിയാകും ഉപയോഗിക്കുക. ചിലയിടത്ത് സെപ്ഷ്യൽ ക്യാരക്ടേഴ്‌സായ !, & എന്നിവയെല്ലാം ഇടം പിടിക്കാറുണ്ട്. ചിലർ ഫോൺ നമ്പർ വരെ പാസ്‌വേർഡ് ഉണ്ടാക്കാൻ ഉപയോഗിക്കും.

പക്ഷേ ഒരാവശ്യം വരുമ്പോൾ ഈ പാസ്‌വേർഡ് ഓർമ്മിക്കാൻ പലർക്കും കഴിയില്ല. പിന്നെ ആകെ പരിഹാരം ഫൊർഗോട്ട് പാസ്‌വേർഡ് ഉപയോഗിച്ച് അത് റീസെറ്റ് ചെയ്യുക എന്നത് മാത്രമാണ്. പാസ്‌വേർഡുകൾ എപ്പോഴും ശക്തമായ ഒന്നായിരിക്കണം, മറന്നാൽ അവ വീണ്ടും സജ്ജമാക്കാനുള്ള ഓപ്ഷനുണ്ടെന്ന് ആശ്വസിക്കാം. എന്നാൽ ഓർത്തുവയ്ക്കാനായി മാത്രം എളുപ്പമുള്ള വാക്കുകൾ പാസ്‌വേർഡ് ആക്കാതിരിക്കുക എന്നാണ് സുരക്ഷയെ മുൻനിർത്തി വരുന്ന ഓരോ മുന്നറിയിപ്പുകളും നൽകുന്നത്.
ഫ്രാൻസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ ഇത്തരത്തിൽ ഒരു സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്. ലൂവ്ര് മ്യൂസിയത്തിന്റെ സിസിടിവി സിസ്റ്റം നിയന്ത്രിക്കുന്ന സെർവറിന്റെ പാസ്‌വേർഡ് 'LOURE' എന്നായിരുന്നു. 2014ലെ സൈബർ സെക്യൂരിറ്റി ഓഡിറ്റിൽ ഇക്കാര്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം നടന്ന ആഭരണക്കൊള്ളയെ തുടർന്ന് ഇക്കാര്യം വീണ്ടും ചർച്ചയായിട്ടുണ്ട്. ഇവിടെയും തീർന്നില്ല ഇതിന്റെ ചുമതല ഉണ്ടായിരുന്ന സുരക്ഷ കമ്പനിയായ തേയിൽസ് അവരുടെ സോഫ്‌റ്റെ് വെയറിന് നൽകിയിരുന്ന പാസ്‌വേർഡ് 'THALES' എന്നായിരുന്നു. പതിനൊന്ന് വർഷങ്ങൾക്ക് ഇപ്പുറവും ഇതേ പാസ്‌വേർഡ് തന്നെയാണോ നിലവിലുള്ളതെന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ ഒരു ഫ്രഞ്ച് കോടതി ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ കുറിപ്പിലും ലൂവ്ര് അധികൃതർക്കെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. മ്യൂസിയത്തിലുണ്ടായ മോഷണത്തിന് പിന്നാലെ സുരക്ഷാ സംവിധാനത്തിലും മറ്റ് അടിസ്ഥാന സൗകര്യത്തിലുമുൾപ്പെടെ വലിയ വിമർശനം ഉയരുകയാണ്. 2015 നടത്തേണ്ട സുരക്ഷാ അപ്ഗ്രേഡുകൾ വർഷങ്ങൾക്കിപ്പുറവും നടത്തിയിട്ടില്ലെന്നതിലും വിമർശനം ഉയരുന്നുണ്ട്.

ആര്‍ക്കും ആലോചിച്ച് കണ്ടുപിടിക്കാന്‍ സാധിക്കാത്തതായിരിക്കണം നിങ്ങളുടെ പാസ്‌വേര്‍ഡ്. നിങ്ങളുടെ വ്യക്തിപരമായ ഒരു വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്താനും പാടില്ല. ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവയൊന്നും അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ല. അക്ഷരങ്ങള്‍, സംഖ്യകള്‍, സിമ്പലുകള്‍ എന്നിവ ചേര്‍ന്ന പാസ്‌വേര്‍ഡ് ശക്തമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. ശക്തമെന്ന് പറയുമ്പോള്‍ അത് നിങ്ങളുടെ ഓര്‍മയില്‍ നില്‍ക്കുന്നതും മറ്റൊരാള്‍ക്ക് ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്തതുമായിക്കണമെന്നതാണ് പ്രധാന നിബന്ധന. പാസ്‌വേര്‍ഡില്‍ 12 മുതല്‍ 14 വരെ ക്യാരക്ടേഴ്‌സെങ്കിലും ഉണ്ടാകണം. അപ്പര്‍കേസ്, ലോവര്‍കേസ് അക്ഷരങ്ങളുള്‍പ്പെടുത്തുന്നത് മികച്ച തീരുമാനമാണ്. ഡിക്ഷണറിയിലുള്ള വാക്കോ, ഒരാളുടെ, സംഘടനയുടെ കഥാപാത്രങ്ങളുടെ പേരുകളൊന്നും പാസ്‌വേര്‍ഡായി തിരഞ്ഞെടുക്കാതിരിക്കുക. ആദ്യം ഉപയോഗിച്ചിരുന്ന പാസ്‌വേര്‍ഡ് മാറ്റേണ്ടി വന്നാല്‍ പിന്നീട് സജ്ജീകരിക്കുന്നത് അതുമായി ബന്ധമുള്ളതാവാതിക്കാനും ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഓര്‍ത്തിരിക്കാന്‍ കഴിയുന്ന മറ്റുള്ളവരുടെ ചിന്തയിലേ വരാത്തവയായിരിക്കണം പാസ്‌വേര്‍ഡ്. ഓരോ വെബ്‌സൈറ്റിനും ഓരോ പാസ്‌വേര്‍ഡ് എന്ന രീതി വേണം പിന്തുടരാൻ.
പാസ്‌വേർഡുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുമ്പോഴെല്ലാം പരിഹാസ പൂർവ്വം ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ പാസ്‌വേർഡ് PASSWORD എന്ന് സെറ്റ് ചെയ്യുന്നതാകും നല്ലതെന്ന ആ ഹരിഹാസത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടം പക്ഷെ എല്ലാവരും അവഗണിക്കാറാണ് പതിവ്. പൂട്ടി ഭദ്രമാക്കിയ ശേഷം താക്കോല് ലോക്കിൽ തന്നെ വെച്ചിട്ട് പോകുന്നത് പോലെയാണ് ഇത്തരത്തിൽ PASSWORD പോലെ എളുപ്പത്തിൽ ഉഹിച്ചെടുക്കാൻ പറ്റുന്ന പാസ്‌വേർഡുകൾ ഉണ്ടാക്കുന്നത്.
Content Highlights: Let's read about the Password settings