

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുമ്പോള്‍ ചാര്‍ജറിന്റെ വയര്‍ ചരിച്ചുപിടിക്കേണ്ടി വരുന്നുണ്ടോ?. ചിലപ്പോള്‍ ഫോണിന്റെ അടിയില്‍ വയര്‍ അമര്‍ത്തിവെച്ചാലേ ചാര്‍ജിങ് നടക്കൂ. വയര്‍ ഒന്ന് അനങ്ങിയാല്‍ ചാര്‍ജിങ് നിലയ്ക്കുകയും ചെയ്യും. ഇത്തരമൊരു പ്രശ്‌നം വരുമ്പോള്‍ ഫോണ്‍ കേടായെന്നാണ് പലരും കരുതുന്നത്. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ചാര്‍ജിങ് പോര്‍ട്ട് മാറ്റേണ്ടിവരണമെന്നില്ല.

ഫോണിന്റെ ചാര്‍ജിങ് പോര്‍ട്ടിനുള്ളില്‍ പൊടിയും വസ്ത്രങ്ങളുടെ ചെറിയ നാരുകളും അടിഞ്ഞുകൂടുന്നതാണ് ഒരു പ്രധാന കാരണം. പോക്കറ്റിലും ബാഗിലുമെല്ലാം ഫോണ്‍ സൂക്ഷിക്കുമ്പോള്‍ ഇത്തരം അഴുക്ക് പോര്‍ട്ടിനുള്ളില്‍ എത്താം. കാലക്രമേണ അഴുക്ക് അടിഞ്ഞുകൂടുന്നത് ചാര്‍ജറിന്റെ കണക്ടര്‍ ശരിയായി കയറുന്നതിന് തടസ്സമുണ്ടാക്കും. എന്നാല്‍ അഴുക്ക് മാത്രമല്ല കാരണം. ചാര്‍ജിങ് കേബിള്‍ കേടാകുക, പോര്‍ട്ടിനുള്ളിലെ കണക്ടറുകള്‍ തേയ്മാനം സംഭവിക്കുകയോ വളയുകയോ ചെയ്യുക, പോര്‍ട്ടിന് കേടുപാടുണ്ടാകുക തുടങ്ങിയ കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം.

ഫോണ്‍ ചാര്‍ജ് ചെയ്യുന്നതില്‍ തടസ്സം നേരിട്ടാല്‍ ആദ്യം ചില കാര്യങ്ങള്‍ പരിശോധിക്കാം.
ചാര്‍ജര്‍ കുത്തിയശേഷം വയര്‍ വളച്ചോ അമര്‍ത്തിയോ വെച്ച് ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക. ഇത് പോര്‍ട്ടിന്റെ കേടുപാടുകള്‍ വര്‍ധിപ്പിക്കാം.
ചാര്‍ജിങ് പോര്‍ട്ടിലെ അഴുക്ക് നീക്കാന്‍ സൂചി, സേഫ്റ്റി പിന്‍ തുടങ്ങിയ ലോഹവസ്തുക്കള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. പോര്‍ട്ടിനുള്ളിലെ കണക്ടറുകള്‍ക്ക് കേടുപാടുണ്ടാകാനും ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാനും സാധ്യതയുണ്ട്. വെള്ളമോ ക്ലീനിങ് ദ്രാവകങ്ങളോ നേരിട്ട് പോര്‍ട്ടിനുള്ളില്‍ ഒഴിക്കരുത്.

മറ്റൊരു കേബിള്‍ ഉപയോഗിച്ചിട്ടും ഫോണ്‍ ഒരു പ്രത്യേക കോണില്‍ പിടിച്ചാല്‍ മാത്രമാണ് ചാര്‍ജാകുന്നതെങ്കില്‍ ചാര്‍ജിങ് പോര്‍ട്ടിന് തകരാറുണ്ടാകാം. ചാര്‍ജ് ചെയ്യുമ്പോള്‍ അസാധാരണമായ ചൂട് അനുഭവപ്പെടുകയോ കത്തിയ മണം വരികയോ ചെയ്താല്‍ ഉടന്‍ ചാര്‍ജര്‍ വിച്ഛേദിക്കുക. ഇത്തരം സാഹചര്യങ്ങളില്‍ അറിയാവുന്ന ആരെയെങ്കിലുംകൊണ്ട് ഫോണ്‍ പരിശോധിപ്പിക്കണം.
Content Highlights :Sometimes, plugging in a charger doesn't initiate charging; however, the process might start if the cable is bent or positioned in a specific way. This common issue—frequently encountered by phone users—can stem from various causes, ranging from dust and debris in the charging port to a faulty cable.