

ചെറിയൊരു സംഭവം മതി നമ്മുടെ ഡിജിറ്റൽ ജീവിതം എങ്ങനെ താറുമാറാകും എന്ന് മനസിലാക്കാൻ. വിലകൂടിയ ഒരു ഐഫോൺ കൈയിൽ നിന്നൊന്ന് വീണു, അല്ലെങ്കിൽ സ്‌ക്രീനൊന്ന് പൊട്ടി എന്നിരിക്കട്ടെ, അപ്പോൾ എല്ലാം സ്തംഭിച്ച അവസ്ഥയിലായാൽ എന്ത് ചെയ്യും. ബെംഗളുരുവിലെ ഒരു യുവാവാണ് ഇത്തരത്തിലെ തന്‍റെ അനുഭവം പങ്കുവച്ചത്. യുവാവിന്റെ പിതാവിന്റെ ഐഫോൺ 13 പ്രോ മാക്‌സ് കൈയിൽ നിന്നും വഴുതി താഴെ വീണു. ഇതിൽ ഇസിമ്മാണ് പ്രവർത്തിച്ചിരുന്നത്. ഫോൺ താഴെവീണതോടെ മുഴുവൻ ലോകത്തിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലായത്രേ പിതാവ്. എക്‌സിലൂടെയാണ് യുവാവ് പിതാവിന്റെ അവസ്ഥ പങ്കുവച്ചത്. ഇതോടെ ഇസിം കാരണം ബുദ്ധിമുട്ടിയ പലരും തങ്ങളുടെ അനുഭവം പങ്കുവച്ചു. ജീവിതത്തിലുണ്ടായ ഒരു ഹൊറർ സ്റ്റോറി എന്നാണ് യുവാവ് ഇതിനെ വിശേഷിപ്പിച്ചത്.
'അന്നൊരു ശനിയാഴ്ചയായിരുന്നു. വാരാന്ത്യത്തിൽ ഒരു പൊതു അവധി ദിവസമായിരുന്നു അന്ന്. എന്റെ അച്ഛന്റെ ഐഫോൺ 13 പ്രോ മാക്‌സ് കൈയിൽ നിന്നും വഴുതി താഴെ വീണ് ഡിസ്‌പ്ലേ മുഴുവൻ പൊട്ടിപോയി. പിതാവ് ഇസിം ഉപയോഗിക്കുന്നതിനാൽ ഡിവൈസ് സ്വിച്ച് ചെയ്യാൻ കഴിഞ്ഞിരുന്നില്ല… കോളുമില്ല, ഒടിപി കിട്ടില്ല, വാട്‌സ്ആപ്പുമില്ല.. ഒന്നുമില്ലാത്ത അവസ്ഥ..' യുവാവ് എക്‌സിൽ കുറിച്ചു. സ്‌പെയർ ഫോണുകൾ വീട്ടിലുണ്ടായിരുന്നിട്ടും ഇസിമ്മാണെന്ന ഒരേയൊരു കാരണം മൂലം ആകെ വലഞ്ഞു. എന്നാൽ ഫോണിന്റെ സ്‌ക്രീൻ നന്നാക്കാം എന്ന് ചിന്തിച്ചപ്പോഴാണ് ലോക്കൽ ഷോപ്പുകളെല്ലാം വാരാന്ത്യമായതിനാൽ അടഞ്ഞുകിടക്കുകയാണെന്ന് ഓർത്തത്. മാത്രമല്ല സിം സർവീസ് നൽകുന്ന കമ്പനിയുടെ ഷോപ്പുകളും അടഞ്ഞുകിടക്കുന്നത് അവസ്ഥ കൂടുതൽ വഷളാക്കിയെന്ന് യുവാവ് പറയുന്നു.
ഇത്തരമൊരു സാഹചര്യം വിദേശത്തുവച്ചോ, ഒരു യാത്രക്കിടയിലോ, ഇസിം ഉപയോഗം പ്രാബല്യത്തിലില്ലാത്ത ഒരു രാജ്യത്തോ ആണ് സംഭവിക്കുന്നതെങ്കിൽ എന്ത് ചെയ്യുമെന്ന് യുവാവ് ചോദിക്കുന്നു. ഫോൺ നന്നായി പ്രവർത്തിക്കുമ്പോൾ ഇസിം ഉപയോഗവും നന്നായി പോകും. എന്നാൽ ഫോണൊന്ന് പണിമുടക്കിയാൽ ഇസിമ്മിന്റെ കാര്യം തീർന്നുവെന്നാണ് കുറിപ്പില്‍ യുവാവ് പറയുന്നത്.
എട്ടുലക്ഷത്തോളം പേരാണ് ഈ പോസ്റ്റ് കണ്ടത്, പിന്നാലെ നിരവധി കമന്‍റുകളുമെത്തി. ഒരാൾ വിദേശത്ത് വച്ച് ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ മറ്റൊരാള്‍ ബാങ്ക് സർവീസുകളൊന്നും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയെ കുറിച്ചാണ് പരാതിപ്പെട്ടത്. എന്നാൽ മറ്റുചിലർ ഇസിമ്മിന്റെ ഉപയോഗങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. സർവീസ് പ്രൊവൈഡർമാർ മികച്ച സേവനമാണ് നൽകുന്നതെങ്കിൽ അവരുടെ ആപ്പിൽ മറ്റൊരു ഫോണിൽ സൈൻ ഇൻ ചെയ്യാനുള്ള ഓപ്ഷനും നൽകും എന്നാണ് അതിലൊരു കമന്റ് . ബാറ്ററിയുടെ ചാർജ് തീർന്നാലും നിങ്ങളുടെ ഫോണിനെ ട്രാക്ക് ചെയ്യാൻ ഇസിം സഹായിക്കുമെന്ന് മറ്റൊരാളും പറയുന്നുണ്ട്.
അതേസമയം ചില തട്ടിപ്പുകാർ ഇ സിം ആക്ടിവേഷനുമായി ബന്ധപ്പെട്ട് ചില പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഇസിം സെറ്റ്അപ്പ് പ്രക്രിയയിലൂടെ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ കയറിപ്പറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്.
Content Highlights: Man shares eSim struggle after iPhone display breaks