

ബെംഗളൂരുവില്‍ വിവാഹ തട്ടിപ്പില്‍ കുടുങ്ങി യുവ എന്‍ജിനീയര്‍ക്ക് നഷ്ടമായത് 30 ലക്ഷം രൂപ. ഒക്ടോബര്‍ 28 ന് ഫയല്‍ ചെയ്ത പരാതിയില്‍ എന്‍ആര്‍ഐയാണെന്ന പേരില്‍ മാട്രിമോണിയില്‍ പരിചയപ്പെട്ടയാളാണ് തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു.
പല്ലവി എന്ന 34 കാരിയാണ് തട്ടിപ്പിന് ഇരയായത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി മാട്രിമോണിയില്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇതേ സൈറ്റില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത യുവാവ് പല്ലവിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ബന്ധപ്പെടുകയായിരുന്നു. ജയേഷ് എന്നാണ് തന്റെ പേരെന്നും താന്‍ കാനഡയില്‍ താമസിക്കുന്ന ഒരു ആംഗ്ലോ ഇന്ത്യനാണെന്നുമാണ് ഇയാള്‍ പല്ലവിയോട് പറഞ്ഞത്. തനിക്ക് ഒരു ഇന്ത്യക്കാരിയെ വിവാഹം കഴിക്കണമെന്നും അവര്‍ക്കൊപ്പം ഇന്ത്യയില്‍ തന്നെ സെറ്റില്‍ ആവണമെന്നും ജയേഷ് പല്ലവിയോട് പറഞ്ഞിരുന്നു. ഒരിക്കല്‍ പോലും വീഡിയോ കോളിലോ മറ്റോ പ്രത്യക്ഷപ്പെടാത്ത ജയേഷ് വിശ്വാസം നേടിയെടുക്കാന്‍ ഇടയ്ക്കിടയ്ക്ക് ചിത്രങ്ങള്‍ അയച്ചു നല്‍കുമായിരുന്നു.

പല്ലവിയെയും കുടുംബത്തെയും കാണാന്‍ തങ്ങള്‍ ഇന്ത്യയിലേക്ക് വരുമെന്നും ഇയാള്‍ ഉറപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് താന്‍ പല്ലവിയെ കാണാന്‍ വരുന്നുണ്ടെന്നും അതിന്റെ ഭാഗമായി ലഗേജുകളും സമ്മാനങ്ങളും അയച്ചിട്ടുണ്ടെന്നും ജയേഷ് പറഞ്ഞത്. പിന്നീടുള്ള ദിവസങ്ങളില്‍ പല്ലവിക്ക് ഈ പാക്കേജുകള്‍ ലഭിക്കണമെങ്കില്‍ ടാക്‌സും മറ്റ് സര്‍ ചാര്‍ജുകളും അടയ്ക്കണമെന്നാവശ്യപ്പെട്ട് പണത്തിനായി പല നമ്പറുകളില്‍ നിന്ന് കോളുകള്‍ വരികയായിരുന്നു. 37,000 രൂപയില്‍ തുടങ്ങി ലക്ഷങ്ങള്‍ വരെ ഇവരില്‍ നിന്ന് പലപ്പോഴായി വാങ്ങുകയായിരുന്നു. ഇതേ പറ്റി ജയേഷിനോട് ചോദിച്ചപ്പോള്‍ താന്‍ നാട്ടില്‍ വന്നിട്ട് പണമെല്ലാം ചേര്‍ത്ത് തിരികെ നല്‍കികൊള്ളാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഏറ്റവും അവസാനമായി ഇവര്‍ 14.7 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവതിക്ക് സംശയം വര്‍ദ്ധിക്കുകയായിരുന്നു.
പിന്നാലെ യുവതി ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജയേഷ് മെസേജ് അയക്കുന്നതും മറ്റും നിര്‍ത്തുകയായിരുന്നു. പതിയെ മൊത്തതിലുള്ള ബന്ധം വിഛേദിച്ചതോടെ യുവതിക്ക് തട്ടിപ്പിനിരയായെന്ന് ഉറപ്പായി. പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
Content Highlights- Woman lost Rs 30 lakh after 20 days of dating through matrimony