

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ജൊനാഥൻ ട്രോട്ട് പടിയിറങ്ങുന്നു. 2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിന് ശേഷം മുഖ്യപരിശീല സ്ഥാനത്ത് ജോനാഥൻ ട്രോട്ടിന്റെ കാലാവധി ഔദ്യോഗികമായി അവസാനിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. അഫ്ഗാൻ ക്രിക്കറ്റിന്റെ വളർച്ചയുടെ അടുത്ത ഘട്ടത്തിന് തുടക്കമിടാനും ദീർഘകാല തന്ത്രങ്ങൾ ആവിഷ്കരിക്കാനുമാണ് തീരുമാനമെന്ന് ബോർഡ് പറയുന്നു.
2022-ലാണ് ട്രോട്ട് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ പരിശീലകനായി ചുമതലയേറ്റത്. അഫ്ഗാൻ താരങ്ങളുമായി മികച്ച ബന്ധം പുലർത്തിയിരുന്ന ട്രോട്ട്, ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റ് ശക്തിയാക്കി ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു.
അഫ്ഗാനിസ്ഥാൻ ദേശീയ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. ക്രിക്കറ്റിനോടുള്ള താരങ്ങളുടെ അതിയായ ആവേശം അഫ്ഗാൻ ടീമിന് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായി. അഫ്ഗാൻ ടീമിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങളിൽ എനിക്ക് അഭിമാനമുണ്ട്. ഇനിയും അഫ്ഗാനെ പിന്തുണയ്ക്കും. ക്രിക്കറ്റിൽ ഇനിയും അഫ്ഗാൻ ടീമിന് വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. ജൊനാഥൻ ട്രോട്ട് പറഞ്ഞു.
2024 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ എത്താൻ കഴിഞ്ഞതാണ് ട്രോട്ടിന്റെ പരിശീലന മികവിൽ അഫ്ഗാനിസ്ഥാന് സ്വന്തമാക്കാൻ കഴിഞ്ഞ വലിയ നേട്ടം. ലോകക്രിക്കറ്റിലെ മുൻനിരക്കാരായ ടീമുകൾക്കെതിരെ ചരിത്ര വിജയങ്ങൾ നേടാൻ അഫ്ഗാന് ട്രോട്ടിന്റെ പരിശീലന കാലത്ത് സാധിച്ചിട്ടുമുണ്ട്.
അതിനിടെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ട്രോട്ടിന് അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടീമിനെ തിരഞ്ഞെടുക്കുന്നതിൽ ബോർഡിന്റെ ഭാഗത്ത് നിന്നുള്ള ആശയവിനിയത്തിൽ ട്രോട്ട് സന്തോഷവാനല്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ബോർഡുമായുള്ള ഭിന്നതകൾ പരിഹരിച്ചെന്നും 2026 ട്വന്റി 20 ലോകകപ്പ് ലക്ഷ്യം വെച്ച് ടീം മുന്നോട്ടുപോകുകയാണെന്നും ട്രോട്ട് പിന്നീട് പ്രതികരിച്ചിരുന്നു.
Content Highlights: ACB to part ways with head coach Jonathan Trott after T20 WC 2026