

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ വിമര്‍ശനവുമായി സംവിധായിക ശ്രുതി ശരണ്യം. സ്വതന്ത്ര സിനിമകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന വിമര്‍ശനത്തോടെയാണ് ശ്രുതി ശരണ്യത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ദേശീയപുരസ്‌കാരങ്ങളില്‍ നിലവില്‍ വിശ്വാസം ഇല്ലെന്നിരിക്കെ സംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങളെങ്കിലും ഇത്തരം സ്വതന്ത്ര ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നുവെന്ന് അവര്‍ കുറിച്ചു. ജനപ്രിയ ചിത്രങ്ങള്‍ അംഗീകരിക്കപ്പെടുന്നതുപോലെ തന്നെ സ്വതന്ത്ര ചിത്രങ്ങള്‍ക്കും പ്രാധാന്യം വേണമെന്നും സംവിധായിക കൂട്ടിച്ചേർത്തു.
'ജനപ്രിയചിത്രങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയല്ല എന്നല്ല, അതോടൊപ്പം, ഒരുപക്ഷേ, അതിലേറെ പ്രാധാന്യത്തോടെ സ്വതന്ത്ര സിനിമകളെയും അക്കാദമി ഉള്‍ക്കൊള്ളേണ്ടതില്ലേ? കാരണം, ഈ ഇന്ധനം നിലച്ചാല്‍ ഇല്ലാത്ത പൈസ കയ്യില്‍ നിന്നെടുത്തും, കടം വാങ്ങിയും, നിര്‍മ്മാതാക്കളില്‍ നിന്നും അപമാനങ്ങള്‍ സഹിച്ചും സിനിമകളുണ്ടാക്കി, അത്തരം സിനിമകളെ അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ വരെ കഷ്ടപ്പെട്ട് എത്തിച്ച മലയാളത്തിലെ പല സ്വതന്ത്രസംവിധായകരും നാളെ നാമാവശേഷരായെന്നു വരും. പാരഡൈസിനും, പായല്‍ കപാഡിയക്കും, ഫെമിനിച്ചിഫാത്തിമയ്ക്കും ലഭിച്ച അംഗീകാരങ്ങളില്‍ സന്തോഷിക്കുന്നു. ഒപ്പം, അംഗീകരിക്കപ്പെടാതെ പോയ മറ്റു നല്ല ചിത്രങ്ങളെയും അവയുടെ സംവിധായകരെയും ഓര്‍ക്കുന്നു', ശ്രുതി ശരണ്യം കുറിച്ചു.
55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി മമ്മൂട്ടിയെയും
മികച്ച നടിയായി ഷംല ഹംസയെയുമാണ് തെരഞ്ഞെടുത്തത്. മമ്മൂട്ടിക്ക് ഭ്രമയുഗം സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാർഡ് ലഭിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.
Content Highlights: director Shruthi Sharanyam criticized kerala state film awards