

ഒരു ഗ്ലാസ് വെള്ളമെങ്കിലും കിടയ്ക്ക് അരികിൽ വച്ചിട്ട് കിടന്ന് ഉറങ്ങുന്നതാണ് പലരുടെയും ശീലം. ഉറക്കത്തിനിടയിൽ ദാഹിച്ചാൽ, അല്ലെങ്കിൽ മരുന്ന് കഴിക്കേണ്ട ആവശ്യം വന്നാൽ ഈ വെള്ളം വലിയ ഉപകാരമായിരിക്കും. നമ്മുടെ സൗകര്യത്തിനായി ചെയ്യുന്ന ഈ രീതി കാണുമ്പോൾ അപകടകരമായി തോന്നില്ലെങ്കിലും രാത്രിയിൽ ഇത്തരത്തിൽ വയ്ക്കുന്ന വെള്ളം നമ്മുടെ ആരോഗ്യത്തെ ബാധിക്കാം. പൊടി, വായുവിലുള്ള മറ്റ് വസ്തുക്കൾ, ബാക്ടീരിയ എന്നിവ ഈ ഗ്ലാസിൽ അടിഞ്ഞുകൂടാം. മുറിയിലെ ചൂടും പ്രകാശവും രാസപ്രക്രിയയ്ക്ക് കാരണമാകും. നിങ്ങൾ വെള്ളം തുറന്നാണ് വയ്ക്കുന്നതെന്ന് കരുതുക. ഇതിൽ പൊടിവീഴുമെന്നത് ഉറപ്പാണ്. നമ്മുടെ കണ്ണില്‍ വെള്ളം നല്ല തെളിച്ചത്തിൽ കാണുമെങ്കിലും അദൃശ്യമായ വസ്തുക്കൾ അതിന്റെ രുചിയെയും ഗുണനിലവാരത്തെയും നന്നായി ബാധിക്കും. ചില കേസുകളിൽ ബാക്ടീരിയയോ അലർജി ഉണ്ടാക്കുന്ന മറ്റ് വസ്തുക്കളോ ആണ് വെള്ളത്തിലുള്ളതെങ്കിലോ? പിന്നെ ആ വെള്ളം കുടിക്കാനേ പാടില്ല.
കുടിവെള്ളം ഏറെനേരെ എവിടയെങ്കിലും കെട്ടിനിൽക്കുന്നത് അത് ടാപ്പുകളിലായാൽ പോലും അണുക്കളുടെ വളർച്ചയ്ക്ക് കാരണമാകും. ഈ വെള്ളമാണ് നമ്മൾ കുടിക്കുന്നതെങ്കിൽ അത് ആരോഗ്യത്തെ ഗുരുതരമായി തന്നെ ബാധിക്കും. രാത്രികാലങ്ങളിൽ ബെഡിന് സമീപം തുറന്ന് സൂക്ഷിക്കുന്ന വെള്ളത്തിൽ ഏതെങ്കിലും പ്രാണികൾ മുട്ടയിടാം അല്ലെങ്കിൽ വെള്ളത്തിൽ എന്തെങ്കിലും സാന്നിധ്യം അവശേഷിപ്പിക്കാം. ഇനി നിങ്ങളുടെ കിടക്കയ്ക്ക് സമീപമുള്ള ടേബിൾ ലാമ്പിൽ നിന്നുള്ള താപം വെള്ളത്തിൽ രാസപ്രവർത്തനത്തിന് കാരണമാകും. വെള്ളത്തിന്റെ ഘടനയെ തന്നെ ഇത് മാറ്റിമറിക്കും. രാവിലെ നമ്മൾ കാണുന്ന റിഫ്രെഷിങായുള്ള വെള്ളത്തിന് ഒരു ടേസ്റ്റ് വ്യത്യാസമുണ്ടാകും പഴകിയത് പോലെ. ഇത് നിങ്ങൾ ഉറക്കത്തിലേക്ക് വീണപ്പോൾ വെള്ളത്തിൽ സംഭവിച്ച മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
മണിക്കൂറുകളോളം തുറന്നു വയ്ക്കുന്ന കുടിവെള്ളത്തിന്റെ രുചിയിൽ മേല്‍പറഞ്ഞ കാരണം കൊണ്ട് മാറ്റം വരുമെന്നത് മാത്രമല്ല, ഇത് നമ്മുടെ പല്ലിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കാം. വായിക്കുള്ളിലെ സൂക്ഷജീവികളെ ഈ വെള്ളത്തിലുള്ള വിഷാംശം ഇല്ലാതാക്കും. ഇതാണ് പിന്നീട് ദന്തരോഗങ്ങൾക്ക് കാരണമാകുക. സാധ്യത വളരെ കുറവാണെങ്കിലും ചില പ്രാണികൾ ഈ വെള്ളത്തിൽ മുട്ടയിടാനുള്ള സാധ്യത മറ്റൊരു വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്. ഈ ശീലം ഇത്തരത്തിൽ തുടർന്നാൽ തുറന്നു വയ്ക്കുന്ന വെള്ളം കുടിക്കുന്നതും പുറത്ത് കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കുന്നതിന് സമാനമായിരിക്കും.
ആരോഗ്യം സംരക്ഷിക്കാനും രാത്രിയിലുണ്ടാകുന്ന ദാഹമകറ്റാനും പിന്നെന്ത് ചെയ്യാം?
Content Highlights: Do you have a habit of keeping water near bed overnight?