

ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത് ജൂണിലാണ്. രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സ് ലഭിച്ച മൂന്നാമത്തെ കമ്പനിയായിരുന്നു സ്റ്റാര്‍ലിങ്ക്. ഇപ്പോഴിതാ സ്റ്റാർലിങ്ക് ഇന്ത്യയിൽ നിർണായകമായ സുരക്ഷാ പരിശോധനകൾക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. പരിശോധനകൾ എല്ലാം കൃത്യമായി നടന്നാൽ 2026 തുടക്കത്തിൽത്തന്നെ സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഇക്കണോമിക് ടൈംസ് ആണ് സ്റ്റാർലിങ്കിന്റെ സുരക്ഷാ പരിശോധനകളെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. Gen 1 ഉപഗ്രഹശ്രേണി ഉപയോഗിച്ച് സെക്കൻഡിൽ 600 ജിഗാബൈറ്റ് വരുന്ന ബാൻഡ്‌വിഡ്ത്തിന് ഇന്ത്യയിൽ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പരിശോധനകൾക്കായി താത്കാലികമായി സ്പെക്ട്രം അനുവദിച്ചുനൽകിയിട്ടുണ്ടെന്നും ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഏതൊരു രാജ്യത്തും പ്രവർത്തനം ആരംഭിക്കാൻ ഇത്തരം സുരക്ഷാ പരിശോധനകൾ ആവശ്യമാണ്. ഇനി സ്റ്റാർലിങ്കിന് ആവശ്യമായുള്ളത് സാറ്റ്‌ലൈറ്റ് സർവീസിനുള്ള വിലനിർണയമാണ്. ഈ വർഷം അവസാനത്തോടെ ട്രായ് അവയിൽ ഒരു അന്തിമതീരുമാനമെടുത്താൽ 2026 തുടക്കത്തോടെത്തന്നെ സ്റ്റാർലിങ്ക് ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയേക്കും. ഇന്ത്യയിൽ ആകെ ഏകദേശം 10 സാറ്റ്‌ലൈറ്റ് ഗേറ്റ്‌വേകൾ സൃഷ്ടിക്കാനാണ് സ്റ്റാർലിങ്കിന്റെ ശ്രമം.
സ്റ്റാർലിങ്കിന്റെ വരവോടെ ഇന്ത്യൻ സാറ്റ്‌ലൈറ്റ് ബ്രോഡ്ബാൻഡ് മാർക്കറ്റിൽ വലിയ മത്സരമാണ് നടക്കുന്നത്. ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വാതിലുകൾ സ്വകാര്യ കമ്പനികൾക്കായി തുറന്നിട്ടത് മൂലം ഒന്നിലധികം സ്ഥാപനങ്ങളാണ് ഈ രംഗത്തുള്ളത്. സ്റ്റാർലിങ്കിന്റെ എതിരാളി സ്ഥാപനങ്ങളായി രംഗത്തുള്ളത് റിലയൻസ് ജിയോ സ്പേസ് ഫൈബറും വൺവെബും ആണ്.

മുംബൈ ആണ് സ്റ്റാർലിങ്ക് തങ്ങളുടെ ലോഞ്ച്പാഡിനായി തിരഞ്ഞെടുത്ത പ്രധാനപ്പെട്ട സ്ഥലം. ഇപ്പോൾത്തന്നെ മൂന്ന് ഗ്രൗണ്ട് സ്റ്റേഷനുകൾ സ്പേസ്എക്സ് ഇവിടം തയ്യാറാക്കിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഇവിടം സ്പേസ്എക്സ് അധികൃതരുടെ പരിശോധനകൾ ഉടൻ നടക്കുമെന്നാണ് വിവരം. എതിരാളികളെപ്പോലെ കോർപ്പറേറ്റ്, സർക്കാർ ക്ലയന്റുകളെയല്ല സ്റ്റാർലിങ്ക് ലക്ഷ്യം വെയ്ക്കുന്നത്. ഇന്റർനെറ്റ് ലഭ്യത ഒരു സ്വപ്നം മാത്രമായ, ഇന്റർനെറ്റ് ഡിവൈഡ് രൂക്ഷമായ പ്രദേശങ്ങളിലാകും സ്റ്റാർലിങ്ക് സർവീസുകൾ ആരംഭിക്കുക. തടസ്സമില്ലാത്ത ഹൈ സ്പീഡ് ബ്രോഡ്ബാൻഡിനായി എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യാറുള്ളവരും സ്റ്റാർലിങ്കിന്റെ ലക്ഷ്യമാണ്.
സ്റ്റാര്‍ലിങ്ക് ഇതിനോടകം തന്നെ ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ സജീവമാണ്. ഈ വിപണികളിലെ അതിന്റെ വില പരിശോധിക്കുമ്പോള്‍, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്ക് വഴിയുള്ള സേവനം താരതമ്യേന ചെലവേറിയതായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്രയും വില നല്‍കി സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യക്കാര്‍ ഉപയോഗപ്പെടുത്തുമോ എന്നതാണ് മറ്റൊരു ചോദ്യം.
Content Highlights: starlink to start security checks in india soon