

നീലയും വെള്ളയും നിറങ്ങളുള്ള വന്ദേഭാരതിന് പിന്നാലെ ഓറഞ്ചും ഗ്രേയും നിറങ്ങളുള്ള വന്ദേഭാരതും നമ്മുടെ കൺമുന്നിലൂടെ ചീറിപ്പാഞ്ഞിട്ടുണ്ട്. എന്നാൽ കറുത്ത നിറത്തിലുള്ള വന്ദേഭാരതിനെ ഒന്നു ചിന്തിച്ചുനോക്കു. ഇന്ത്യൻ റെയിൽവെയുടെ മനസിൽപോലും ഇല്ലാത്ത ആശയമാണ് എക്‌സിലെ ഒരു വീഡിയോ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോ വ്യാജമാണ്.
ആധുനിക സജ്ജീകരണങ്ങളുള്ള പുത്തൻ വന്ദേഭാരത് വരാൻ പോവുകയാണെന്നാണ് ഈ വൈറൽ വീഡിയോ കണ്ട് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. വലിയ ജനലുകളും എയ്‌റോഡൈനാമിക്ക് ഫിനിഷും ക്ലാസിക്ക് രാജധാനി എക്‌സ്പ്രസ് ഡിസൈനുമൊക്കെയാണ് ഈ വ്യാജ വന്ദേഭാരതിനുള്ളത്. കാണാൻ കിടിലൻ ലുക്കെന്നാണ് പലരുടെയും കമന്റ്. വീഡിയോ വൈറലായതോടെ പല വാർത്തകളും പ്രചരിച്ചു. തുടർന്നാണ് ഇതിന്റെ ഫാക്ട് ചെക്ക് നടന്നത്. തുടർന്നാണ് ഇത് എഐ ജനറേറ്റഡ് ആണെന്നും ഇത് ഔദ്യോഗിക രൂപകൽപനയോ പ്രോട്ടോടൈപ്പോ ഒന്നുമല്ലെന്ന് വ്യക്തമായതും.
കൃത്യമായി നിരീക്ഷിച്ചാൽ വ്യക്തമാവുന്ന മറ്റ് ചില കാര്യങ്ങളും വീഡിയോയിലുണ്ട്. അതായത് വന്ദേഭാരതിന് മുന്നിലായി എഴുതിയിരിക്കുന്ന ടെക്സ്റ്റിലുള്ളത് വന്ദേഭാരത് 2003 എന്നാണ്. 2019ൽ ലോഞ്ച് ചെയ്തതാണ് വന്ദേഭാരത്. ഇത്തരം ക്ലിപ്പുകൾ കാണുമ്പോൾ തന്നെ നിരവധി പേരാണ് അത് ഷെയർ ചെയ്യുന്നത്. ചിത്രങ്ങളുടെ വിശ്വാസ്യതയുണ്ടാക്കുന്ന തരത്തിലുള്ള ഫോട്ടോറിയലിസ്റ്റിക്ക് ക്വാളിറ്റിയാണ് ഇതിന് കാരണം. ഇത്തരത്തിലൊരു വേരിയന്റ് പുറത്തിറക്കാനുള്ള ഒരു പദ്ധതി തങ്ങൾക്കില്ലെന്നും റെയിൽവെയും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Video of Black Colour Vande Bharat goes viral