

ഐഫോണ്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കനംകുറഞ്ഞ ഫോണ്‍ എന്ന വിശേഷണമുള്‍പ്പെടെ നിരവധി കൗതുകങ്ങളുമായാണ് ആപ്പിള്‍ പ്രേമികളുടെ മുന്നിലേക്ക് ഐഫോണ്‍ എയര്‍ അവതരിച്ചത്. വന്‍തോതില്‍ ആരാധക ശ്രദ്ധ നേടിയ ഫോണ്‍ വില്‍പനയിലും വന്‍ കുതിച്ചുചാട്ടം നടത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍.എന്നാല്‍ ഈ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ഐഫോണ്‍ എയറിന്റെ നിര്‍മാണം തന്നെ താല്ക്കാലികമായി കുറയ്ക്കുയാണ് ഐഫോണ്‍.
5.6 എംഎം കനം എന്ന സവിശേഷത തന്നെയാണ് ഐഫോണ്‍ എയറിന്റെ കാര്യത്തില്‍ തിരിച്ചടിയായതെന്നാണ് നിഗമനം. ഐഫോണ്‍ എയറിന്റെ നിലവില്‍ വലിയ ഡിമാന്റില്ലത്രേ. തന്നെയുമല്ല ഐഫോണ്‍ 17 നേക്കാള്‍ വിലയുള്ളതും തിരിച്ചടിയായെന്നാണ് കരുതുന്നത്. ഐഫോണ്‍ 17ന്റെ ഇന്ത്യയിലെ വില 82,900 രൂപയാണ്. എന്നാല്‍ ഐഫോണ്‍ എയര്‍ വരുന്നത് 1,19,900 രൂപയ്ക്കാണ്. തന്നെയുമല്ല എയറിന് ഒരു ക്യാമറ മാത്രമാണ് പിറകുവശത്തായി ഉള്ളത്. മറ്റുള്ള ഫോണുകളെ അപേക്ഷിച്ച് ബാറ്ററിയും വളരെ ചെറുതാണെന്നുള്ളതും എയറിനോടുള്ള താല്പര്യം കുറയാന്‍ കാരണമായിട്ടുണ്ട്.
ആപ്പിള്‍ ഐഫോണ്‍ എയര്‍ ടുവില്‍ പ്രതീക്ഷിക്കുന്നത് എന്ത്?
രണ്ടാമത് ഒരു ക്യാമറ, ബോട്ടം സ്പീക്കര്‍, ഹൈസ്പീഡ് യുഎസ്ബി, കുറച്ചുകൂടി നന്നായി ചൂടിനെ കൈകാര്യം ചെയ്യാനുള്ള ശേഷി. സാംസങ്ങിന് കഴിയുമെങ്കില്‍ ഐഫോണിനും കഴിയണമെന്നാണ് ആപ്പിള്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.
Content Highlights: Why Nobody Is Buying Into Slim iPhones