
പുതിയ ഫോണെടുത്തു..പഴയ ഫോണിന് വലിയ പ്രശ്‌നങ്ങളൊന്നുമില്ല.. കൊടുത്താല്‍ പണവും കിട്ടും. പക്ഷെ ഫോട്ടോകളുള്‍പ്പെടെ ഡേറ്റകള്‍ നിരവധിയാണ് പിന്നെ എങ്ങനെ ഫോണ്‍ വില്‍ക്കും? ഫോട്ടോകളും ഡോക്യുമെന്റുകളും ഉള്‍പ്പെടെ എല്ലാം ഡിലീറ്റ് ചെയ്തിട്ട് ഫോണ്‍ വിറ്റാല്‍ പോരേ എന്നാണോ ചിന്തിക്കുന്നത്? എന്നാല്‍ അത് മതിയാകില്ല.
ബാങ്കിങ് വിവരങ്ങള്‍, ഇമെയില്‍ ഐഡികള്‍, ചാറ്റ് ഹിസ്റ്ററി, ഫോട്ടോ തുടങ്ങി സെന്‍സിറ്റീവായ പല രേഖകളും നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഉണ്ടായിരിക്കും. പഴയ ഫോണ്‍ ലഭിക്കുന്ന വ്യക്തി ഇതെല്ലാം ഉപയോഗിച്ച് ഓണ്‍ലൈന്‍ ഫ്രോഡുകള്‍ നടത്താന്‍ കെല്‍പുള്ള വ്യക്തിയാണെങ്കില്‍ സാമ്പത്തിക നഷ്ടമുള്‍പ്പെടെയുള്ള പണികള്‍ എപ്പോള്‍ കിട്ടിയെന്ന് നോക്കിയാല്‍ മതി.
ഫോണില്‍ നിന്ന് ഫയലുകള്‍ ഡിലീറ്റ് ചെയ്താല്‍ അല്ലെങ്കില്‍ ഫാക്ടറി റിസെറ്റ് ചെയ്താല്‍ എല്ലാ രേഖകളും മായ്ച്ചുകളയാനാകില്ല. ഡേറ്റ വീണ്ടെടുക്കാന്‍ സാധിക്കുന്ന പ്രത്യേക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഈ ഡേറ്റ വീണ്ടെടുക്കാം. അപ്പോള്‍ പിന്നെ എന്തുചെയ്യും?
ഫോണിലുള്ള നിങ്ങള്‍ക്കാവശ്യമായ എല്ലാ ഫയലുകളും ബാക്ക് അപ് ചെയ്യണം. ക്ലൗഡ് സ്റ്റോറേജിലും റീസൈക്കിള്‍ ബിന്നിലുമെല്ലാം പരിശോധിച്ച് വിലപ്പെട്ട ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ബാക്ക്അപ്പ് പൂര്‍ണമായാല്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യണം. ഫോണുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും ലോഗ്ഔട്ട് ചെയ്യണം. നിങ്ങളുടെ വിവരങ്ങളൊന്നും ഉപകരണവുമായി ലിങ്ക് ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
നിങ്ങളുടെ ഫോണ്‍ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ്(5.0) അതല്ല അതിനുശേഷമുള്ളതാണെങ്കില്‍ അതില്‍ ഫാക്ടറി റീസെറ്റിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഉണ്ടായിരിക്കും. ഇത് അതാവശ്യമാണ്. അതില്ലെങ്കില്‍ പുതിയ ഉപയോക്താവിന് ആ ഡിവൈസ് ഉപയോഗിക്കാന്‍ സാധിക്കില്ല.
ഫാക്ടറി റിസെറ്റ് ഉപയോഗിക്കുന്നതിന് മുന്‍പായി ഡമ്മി അല്ലെങ്കില്‍ ജങ്ക് ഡേറ്റ അതായത് വലിയ സൈസ് വീഡിയോ, പാട്ടുകള്‍, സിനിമകള്‍ എന്നിവ നിറയ്ക്കുക. നിങ്ങള്‍ റീസെറ്റ് ചെയ്യുമ്പോള്‍ പഴയ ഫയലിന് മുകളില്‍ പുതിയ ഡേറ്റ ഓവര്‍റൈറ്റ് ചെയ്യപ്പെടും. ആരെങ്കിലും പഴയ ഡേറ്റ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ പുതിയ ജങ്ക് ഡേറ്റകളായിരിക്കും ലഭിക്കുക. വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല.
ഫോണ്‍ നിര്‍മിക്കുന്ന കമ്പനികളുടെഅടിസ്ഥാനത്തില്‍ ഫോണ്‍ റീസെറ്റ് വ്യത്യാസപ്പെട്ടിരിക്കുന്നു. പക്ഷെ സെറ്റിങ്ങ്‌സില്‍ പോയി വളരെ എളുപ്പത്തില്‍ ചെയ്യാനാകുന്ന വിധത്തിലാണ് ഭൂരിപക്ഷം ഫോണുകളിലും ഇത് ക്രമീകരിച്ചിരിക്കുന്നത്. റീസെറ്റ് ചെയ്ത ശേഷം ഗൂഗിള്‍ അക്കൗണ്ട് അസോസിയേറ്റ് ചെയ്തിരിക്കുന്ന ഡിവൈസുകളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങളുടെ പഴയ ഫോണിനെ നീക്കം ചെയ്യാനും മറക്കരുത്.
Content Highlights: 5 Hidden Steps to Securely Wipe Your Old Phone Before Selling