
ഓസ്‌ട്രേലിയക്കെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മല്‍സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആറു മാസത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് ഇന്ത്യ വീണ്ടുമൊരു ഏകദിനം കളിക്കാനൊരുങ്ങുന്നത്. മാര്‍ച്ചില്‍ ദുബായില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലാണ് ഇന്ത്യ അവസാനമായി ഏകദിനത്തില്‍ കളിച്ചത്.
അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയുടെ പ്രാധാന്യവും വര്‍ധിക്കുന്നു. ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ടീമിലേക്കുള്ള മടങ്ങിവരവെന്ന നിലയിലും ഈ പരമ്പര സ്‌പെഷ്യലാണ്. ശുഭ്മാൻ ഗിൽ നായകനായ ആദ്യ ഏകദിന പരമ്പരയും ഇതാണ്.
ക്യാപ്റ്റന്‍ ഗില്ലിനൊപ്പം മുന്‍ നായകന്‍ രോഹിത് ശര്‍മയെയാണ് ചോപ്ര ഓപ്പണിങില്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെ യശസ്വി ജയ്‌സ്വാള്‍ പുറത്തായി.
മൂന്നാമനായി വിരാട് കോഹ്‌ലി കളിക്കുമ്പോള്‍ നാലാമന്‍ പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യരാണ്. ശ്രേയസിനു ശേഷം അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുല്‍ കളിക്കും.
ആറാമനായി ചോപ്ര തിരഞ്ഞെടുത്തത് യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. സ്റ്റാര്‍ ഓള്‍ൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ് അദ്ദേഹത്തിനു ഇലനില്‍ സ്ഥാനം നേടിക്കൊടുത്തത്. ഏഴ്, എട്ട് നമ്പറുകളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്‌സർ പട്ടേലിനെയും വാഷിങ്ടണ്‍ സുന്ദറിനെയുമാണ് ചോപ്ര ഉള്‍പ്പെടുത്തിയത്.
എട്ടാം നമ്പറില്‍ വരെ ബാറ്റിങ് വേമെന്നതിനാലാണ് വാഷിങ്ടണിനെ ഉള്‍പ്പെടുത്തിയതെന്നു ചോപ്ര വ്യക്തമാക്കി. ഇതോടെ സ്റ്റാര്‍ ലെഗ് സ്പിന്നറായ കുല്‍ദീപ് യാദവിനെ അദ്ദേഹം ഇലവനില്‍ നിന്നും തഴയുകയും ചെയ്തു.
അതിനു ശേഷം മൂന്നു ഫാസ്റ്റ് ബൗളര്‍മാരെയും അദ്ദേഹം ഉള്‍പ്പെടുത്തി. ഗൗതം ഗംഭീറിന്റെ ഫേവറിറ്റെന്നറിയപ്പെടുന്ന ഹര്‍ഷിത് റാണയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പേസ് നിരയിിലുള്ളത്.
ചോപ്രയുടെ പ്ലെയിങ് 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സർ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
Content Highlights: akash chopra picks eleven for india vs australia