
കേൾക്കുമ്പോൾ വലിയ അതിശയമൊന്നും നിങ്ങൾക്കുണ്ടാകില്ല… എന്നാലും ഒന്നു ചോദിക്കട്ടേ.. സുഹൃത്തിനോട് ഒരു ഉത്പന്നത്തെ പറ്റി നിങ്ങൾ എന്തെങ്കിലും ചോദിച്ചെന്ന് കരുതുക, അല്ലെങ്കിൽ ഇന്റർനെറ്റിൽ പരതിയെന്ന് വയ്ക്കുക.. അതിന്റെ പരസ്യം നിങ്ങളുടെ ഇൻസ്റ്റ ഫീഡിൽ വരാറുണ്ടെന്നത് സത്യമല്ലേ.. കാലങ്ങളായി ഈ എഫ്ബിയും ഇൻസ്റ്റയുമൊക്കെ നമ്മുടെ അനുമതിയില്ലാതെ ഇങ്ങനെ എന്തിന് ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടാവും അല്ലേ? നിങ്ങളുടെ ഫോണിലെ മൈക്രോഫോണിലൂടെ രഹസ്യമായി നിങ്ങൾ പറയുന്നതെല്ലാം പല ആപ്പുകളും മനസിലാക്കുന്നു എന്നാണ് സംശയിക്കപ്പെടുന്നത്. എന്നാൽ ഈ സംശയം ശരിയാണോ?
ഇൻസ്റ്റഗ്രാം ചീഫായ ആദം മൊസെറിയാണ് ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തതയുമായി എത്തിയിരിക്കുന്നത്. മൈക്രോഫോണിലൂടെ ഉപയോക്താക്കളെ ആരെയും തങ്ങള്‍ ഒളിഞ്ഞു കേൾക്കുന്നില്ലെന്നും അവരുടെ ഒരു കാര്യങ്ങളിലും ഇൻസ്റ്റയുടെ ഇടപെടലില്ലെന്നുമാണ് ആദം പറയുന്നത്. പുതിയതായി അപ്പ്‌ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് ഭൂരിപക്ഷം പേരുടെ സംശയങ്ങള്‍ക്ക് ആദം മറുപടി നല്‍കിയിരിക്കുന്നത്. ഈ ഭയം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നുണ്ട്.
മുമ്പ് ഫേസ്ബുക്ക് ആയിരുന്ന ഇപ്പോൾ മെറ്റ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ടെക് ഭീമന് ആളുകളെ പ്രൈവസിയിലേക്ക് കടന്നുകയറുന്നതിൽ ഭൂതകാലത്ത് വലിയ ചീത്തപ്പേരുള്ളതിനാൽ ഇപ്പോഴും അത് പിന്തുടരുകയാണെന്നാണ് വീഡിയോയ്ക്ക് താഴെ ചിലർ കമന്റ് ചെയ്യുന്നത്.
ഇൻസ്റ്റഗ്രാം ഇത്തരത്തിൽ നിങ്ങളെ മൈക്രോഫോണിലൂടെ ഒളിഞ്ഞു കേൾക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്നതിന് തുല്യമാണെന്ന് തങ്ങള്‍ക്കറിയാമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല ഇങ്ങനെ ചെയ്താൽ ഉപയോക്താക്കളുടെ ഫോൺ ബാറ്ററി ചാർജ് കുറയും മാത്രമല്ല മൈക്രോഫോൺ ഇൻഡികേറ്റർ ഫോണിൽ കാണാനാകുമെന്നും ആദം വീഡിയോയില്‍ പറയുന്നുണ്ട്. നിലവിലെ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ മൈക്രോഫോൺ, കാമറ, ലൊക്കേഷൻ സർവീസുകൾ ഉപയോഗിച്ചാൽ ഇന്റിക്കേറ്റുകൾ കാണിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.
അപ്പോൾ പിന്നെ എങ്ങനെയാണ് ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്നൊരു ചോദ്യം ആളുകള്‍ക്കുണ്ടാകില്ലേ? . അതിനെ കുറിച്ചും ആദമിന് ഉത്തരമുണ്ട്. ഡിജിറ്റൽ അഡ്വർടൈസിങ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചാണ് അദ്ദേഹം ഇതിന് നല്‍കുന്ന മറുപടി. നിങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകൾ, നിങ്ങളുടെ സേർച്ചുകൾ, നിങ്ങളുടെ ഇന്ററാക്ഷനുകൾ എന്നിവയെ അടിസ്ഥാനാമാക്കി മനസിലാക്കാൻ ഇൻസ്റ്റഗ്രാമിന് സാധിക്കും. അതിനർഥം മൈക്രോഫോണിലൂടെ നിങ്ങൾ പറയുന്നതെല്ലാം ഒളിഞ്ഞു കേൾക്കുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ പരസ്യങ്ങളെല്ലാം ആകസ്മികമാണ് അല്ലാതെ നിരീക്ഷണമല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
Content Highlights: We didnot eavesdropping on you says Instagram chief